Enter your Email Address to subscribe to our newsletters

Kottayam , 30 ഓഗസ്റ്റ് (H.S.)
ഐതിഹ്യങ്ങളും ചരിത്രമുഹൂർത്തങ്ങളും ഇഴചേർന്ന കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ വിഖ്യാതമായ ഉതൃട്ടാതി ഊരുചുറ്റ് വള്ളംകളി വർണാഭമായി നടന്നു. ഓണത്തിന് ശേഷമുള്ള ഉതൃട്ടാതി നാളിൽ കുമാരനല്ലൂർ ഭഗവതി പള്ളിയോടത്തിലിലേറി മീനച്ചിലാറിലൂടെയും അതിൻ്റെ കൈവഴികളിലൂടെയും സഞ്ചരിച്ച് ദേശവഴിയിലെ ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകുന്നുവെന്നാണ് പ്രധാന വിശ്വാസം.
ചടങ്ങിൻ്റെ ഭാഗമായി രാവിലെ ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ ചൈതന്യം ആവാഹിച്ച സിംഹവാഹനം തലയിലേറ്റി ഭക്തർ കരവഞ്ചിയായി ക്ഷേത്രക്കടവിൽ എത്തിച്ചു. വഴിനീളെ ഭക്തജനങ്ങളുടെ വലിയ നിരയാണ് സിംഹവാഹനത്തെ സ്വീകരിക്കാൻ തടിച്ചുകൂടിയത്. തുടർന്ന് ആറാട്ടുകടവിൽ വച്ച് ചുണ്ടൻ വള്ളത്തിൽ സിംഹവാഹനം പ്രതിഷ്ഠിച്ചു.
മീനച്ചിലാറ്റിലൂടെ വഞ്ചിപാട്ടിൻ്റെ അകമ്പടിയോടെ ദേവീയാത്ര
വിവിധ വാദ്യഘോഷങ്ങളോടെയും വഞ്ചിപ്പാട്ടുകളോടെയും അകമ്പടിയോടെ ദേവിയുടെ ജലഘോഷയാത്ര ആരംഭിച്ചു. നട്ടാശേരി, മല്ലുശ്ശേരി, പെരുമ്പായിക്കാട്ടുശ്ശേരി തുടങ്ങിയ കരക്കാരാണ് ദേവിയെ അനുഗമിച്ചത്. വിഖ്യാതമായ സൂര്യകാലടി മനയിലെത്തി ഭട്ടതിരിപ്പാടിൻ്റെ പ്രത്യേക സ്വീകരണവും വഴിപാടുകളും ദേവി സ്വീകരിച്ചു.
തുടർന്ന് നട്ടാശേരി, തിരുവാറ്റ, പുലിക്കുട്ടിശ്ശേരി, നീലിമംഗലം വഴി മീനച്ചിലാറ്റിലൂടെ അഞ്ച് മൈലോളം സഞ്ചരിച്ച് പള്ളിയോടം സന്ധ്യയോടെ ക്ഷേത്രക്കടവിൽ തിരിച്ചെത്തി. ആറ്റ ഇരുവശത്തും തടിച്ചുകൂടിയ ഭക്തജനങ്ങൾ പറ നിറച്ചാണ് ദേവിയെ സ്വീകരിച്ചത്. തിരികെ ക്ഷേത്രക്കടവിൽ എത്തിയ സിംഹവാഹനത്തെ ഭക്ത്യാദരപൂർവ്വം സ്വീകരിച്ച് ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതോടെ ചടങ്ങുകൾ സമാപിച്ചു.
പ്രതിരോധത്തിൻ്റെ ചരിത്രവും പേറി ഊരുചുറ്റ് വള്ളംകളി
ഈ ആചാരത്തിന് പിന്നിൽ ഒരു ചരിത്ര പശ്ചാത്തലവുമുണ്ട്. 1749 ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തെക്കുംകൂർ ആക്രമിച്ചപ്പോൾ, നാടിനെ സംരക്ഷിക്കാനായി നട്ടാശേരി, മല്ലുശ്ശേരി, പെരുമ്പായിക്കാട്ടുശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള 3000 ത്തോളം പടയാളികൾ യുദ്ധവള്ളങ്ങളുമായി അണിനിരന്നിരുന്നു. ആ യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും പടവള്ളങ്ങൾ പിന്നീട് കളിവള്ളങ്ങളായി മാറുകയും, ആ ചരിത്ര സംഭവത്തിൻ്റെ ഓർമ്മപ്പെടുത്തലായി കൂടിയാണ് ഊരുചുറ്റ് വള്ളംകളി നടത്തുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
ദേവസ്വം ഭരണാധികാരി സി എൻ നാരായണൻ നമ്പൂതിരി, എൻ എസ് എസ് കരയോഗം പ്രതിനിധി പി എൻ ശശിധരൻ നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാവിലെ നടന്ന ചടങ്ങുകളിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം നഗരസഭാ ചെയർമാൻ എം പി സന്തോഷ് കുമാർ, നഗരസഭാംഗങ്ങളായ ടി സി റോയ്, വിനു ആർ മോഹൻ, വിമല മുരളി, രാജേഷ് ജി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR