Enter your Email Address to subscribe to our newsletters

Iritty , 30 ഓഗസ്റ്റ് (H.S.)
ഇരിട്ടി: കണ്ണൂരില് സിപിഐഎം നിയന്ത്രണത്തിലുള്ള സംരംഭത്തിനെതിരെ വീണ്ടും ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണം. ഇരിട്ടി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന 'നോര്ത്ത് മലബാര് എഡ്യൂക്കേഷന് സൊസൈറ്റി'ക്കെതിരെയാണ് നിക്ഷേപകരും ഓഹരി ഉടമകളും സാമ്പത്തിക തിരിമറി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂര് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രമുഖ സിപിഐഎം നേതാവുമായ ബിനോയ് കുര്യന് പ്രസിഡന്റായുള്ള സൊസൈറ്റിയാണ് ഇപ്പോള് വിവാദത്തിന്റെ നിഴലിലായിരിക്കുന്നത്.
2015-ലാണ് മലയോര മേഖലയില് ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുക എന്ന പ്രഖ്യാപനത്തോടെ അന്നത്തെ ഇരിട്ടി സിപിഐഎം ഏരിയ നേതൃത്വത്തിന്റെ മുന്കൈയില് നോര്ത്ത് മലബാര് എഡ്യൂക്കേഷന് സൊസൈറ്റി രൂപീകരിച്ചത്. സിപിഐഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കള് നേതൃത്വപരമായ ചുമതലകള് വഹിക്കുന്ന ഭരണസമിതിയാണ് സൊസൈറ്റിയുടെ പ്രവര്ത്തനങ്ങള് നിയന്ത്രിച്ചിരുന്നത്. ഒരു എയ്ഡഡ് കോളേജ് മാതൃകയില് വലിയ വിദ്യാഭ്യാസ സമുച്ചയം ഉയരുമെന്ന വാഗ്ദാനത്തില് വിശ്വസിച്ച് പാര്ട്ടി അനുഭാവികളും സാധാരണക്കാരുമായ പതിനായിരത്തോളം ആളുകളാണ് സൊസൈറ്റിയില് ഓഹരി പങ്കാളിത്തം എടുത്തത്. ആയിരം രൂപ മുതല് ഒരു ലക്ഷം രൂപ വരെയാണ് പലരില് നിന്നായി സമാഹരിച്ചത്.
പാര്ട്ടിയുടെ സംഘടനാ സംവിധാനവും സ്വാധീനവും ഉപയോഗിച്ചായിരുന്നു വിപുലമായ രീതിയില് ഫണ്ട് പിരിവ് നടത്തിയത്. എന്നാല് സൊസൈറ്റി ആരംഭിച്ച് ഒരു പതിറ്റാണ്ട് തികയാറായിട്ടും പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിര്മ്മാണ പ്രവര്ത്തനങ്ങളോ മറ്റ് നടപടികളോ എങ്ങുമെത്തിയില്ലെന്നാണ് നിക്ഷേപകരുടെ പ്രധാന പരാതി. ജനങ്ങളില് നിന്ന് ആകെ എത്ര തുക സമാഹരിച്ചു എന്നതിനെക്കുറിച്ചോ, ആ പണം എവിടെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചോ കൃത്യമായ കണക്കുകള് പുറത്തുവിടാന് ഭാരവാഹികള് തയ്യാറാകുന്നില്ലെന്ന് ഓഹരി ഉടമകള് ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തിനായി എവിടെയാണ് ഭൂമി വാങ്ങിയതെന്ന കാര്യത്തില് പോലും ഓഹരി ഉടമകള്ക്ക് യാതൊരു വ്യക്തതയുമില്ല.
വിദ്യാഭ്യാസ സ്ഥാപനമെന്ന സ്വപ്നം കാണിച്ചു പിരിച്ച കോടിക്കണക്കിന് രൂപ നേതാക്കള് വകമാറ്റിയെന്നും സ്വകാര്യ താല്പ്പര്യങ്ങള്ക്കായി ദുരുപയോഗം ചെയ്തുവെന്നുമാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഒന്പത് വര്ഷത്തോളം കഴിഞ്ഞിട്ടും പദ്ധതിയുടെ ഭാഗമായി ചെറിയൊരു കെട്ടിടം പോലും നിര്മ്മിക്കാന് കഴിഞ്ഞിട്ടില്ല. ഇതോടെ പണം നിക്ഷേപിച്ചവര് കടുത്ത ആശങ്കയിലും അമര്ഷത്തിലുമാണ്. വാഗ്ദാനം ചെയ്ത കോളേജ് അടിയന്തരമായി യാഥാര്ത്ഥ്യമാക്കുകയോ, അല്ലാത്തപക്ഷം നിക്ഷേപകരുടെ പണം പൂര്ണ്ണമായും പലിശ സഹിതം തിരികെ നല്കുകയോ ചെയ്യണമെന്നാണ് ഇവരുടെ അന്ത്യശാസനം.
കഴിഞ്ഞ ദിവസങ്ങളില് പാര്ട്ടിയുടെ പ്രാദേശിക ഘടകങ്ങളിലും ഈ വിഷയം കടുത്ത അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക അച്ചടക്കരാഹിത്യത്തിനെതിരെയും സുതാര്യതയില്ലായ്മക്കെതിരെയും പാര്ട്ടിയിലെ ഒരു വിഭാഗം തന്നെ വിമര്ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട നേതാക്കള് ജനങ്ങളുടെ പണം വകമാറ്റി എന്ന പരാതി പാര്ട്ടിക്ക് രാഷ്ട്രീയമായും വലിയ തിരിച്ചടിയാണ് മലയോര മേഖലയില് ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തില് സമഗ്രമായ വിജിലന്സ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു.
---------------
Hindusthan Samachar / Roshith K