Enter your Email Address to subscribe to our newsletters

thiruvananthapuram, 30 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: ജില്ലയിലെ ബാറുകളിൽ നേരിട്ടെത്തിയും ഏജന്റുമാർ വഴിയും മാസപ്പടി പിരിച്ച കേസിൽ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാർ പിടിയിലായ സംഭവത്തിൽ വകുപ്പിനെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ജില്ലയിലെ വിവിധ മദ്യശാലകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പിരിവാണ് ഉദ്യോഗസ്ഥൻ നടത്തിയിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവിന്റെ നേരിട്ടുള്ള നിർദേശപ്രകാരം അതീവ രഹസ്യമായി നടത്തിയ മിന്നൽ ഓപ്പറേഷനിലാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കുടുങ്ങിയത്.
കോട്ടയം ജില്ലയിലെ ഓരോ ബാറിൽ നിന്നും പ്രതിമാസം 15,000 രൂപ വീതമാണ് മാസപ്പടിയായി പിരിച്ചിരുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നതിനും വകുപ്പുതല പരിശോധനകൾ ഒഴിവാക്കി നൽകുന്നതിനുമാണ് ഈ തുക കൈപ്പറ്റിയിരുന്നത്. ജില്ലയിലെ ബഹുഭൂരിപക്ഷം ബാറുകളിൽ നിന്നും ഇത്തരത്തിൽ നിശ്ചിത തീയതികളിൽ പണം എത്തിച്ചിരുന്നു. ഇത്തരത്തിൽ പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് ഉന്നത ഉദ്യോഗസ്ഥന്റെ കൈകളിലേക്ക് ഒഴുകിയിരുന്നത്.
പണമിടപാടുകളിൽ ഡെപ്യൂട്ടി കമ്മീഷണർക്ക് പുറമെ മറ്റ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എക്സൈസ് ചങ്ങനാശ്ശേരി റേഞ്ചിലെ ചില ഉദ്യോഗസ്ഥർ ഈ അനധികൃത ഇടപാടുകളിൽ ഇടനിലക്കാരായി പ്രവർത്തിച്ചിട്ടുണ്ട്. പണം ശേഖരിക്കുന്നതിലും കൈമാറുന്നതിലും ഇവർക്ക് കൃത്യമായ പങ്കാളിത്തമുണ്ടായിരുന്നു. ഇതിന് പുറമെ, ഒരു പ്രമുഖ ബാറുടമ തന്നെ ഡെപ്യൂട്ടി കമ്മീഷണർക്ക് വേണ്ടി പ്രധാന ഏജന്റായി രംഗത്തുണ്ടായിരുന്നുവെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇയാളാണ് മറ്റ് ബാറുകളിൽ നിന്ന് പണം ശേഖരിച്ച് ഉദ്യോഗസ്ഥനിലേക്ക് എത്തിക്കുന്നതിനുള്ള പ്രധാന കണ്ണിയായി പ്രവർത്തിച്ചത്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചും മാസപ്പടി പിരിവിനെക്കുറിച്ചും എക്സൈസ് ഇന്റലിജൻസിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് ഉദ്യോഗസ്ഥന്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. കൃത്യമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഉന്നത ഉദ്യോഗസ്ഥൻ വലയിലായത്.
സംഭവത്തിൽ ചങ്ങനാശ്ശേരി റേഞ്ചിലെ മറ്റ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ എക്സൈസ് വിജിലൻസ് തീരുമാനിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ ഉണ്ടായേക്കും. വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ആഭ്യന്തര വകുപ്പിന്റെയും എക്സൈസ് കമ്മീഷണറുടെയും തീരുമാനം. ബാറുടമകളുമായുള്ള ഉദ്യോഗസ്ഥരുടെ അവിഹിത കൂട്ടുകെട്ട് തകർക്കാൻ സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരും.
---------------
Hindusthan Samachar / Roshith K