Enter your Email Address to subscribe to our newsletters

Kozhikode, 30 ഓഗസ്റ്റ് (H.S.)
കോഴിക്കോട്: നഗരമധ്യത്തിലെ മാനാഞ്ചിറ സ്ക്വയറിൽ രാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട ഇവരുടെ മറ്റൊരു കൂട്ടാളിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി മാനാഞ്ചിറ സ്ക്വയർ പരിസരത്ത് പതിവ് പട്രോളിങ്ങിനിറങ്ങിയതായിരുന്നു പൊലീസ് സംഘം. ഈ സമയം ആറംഗ സംഘം അവിടെ സംശയാസ്പദമായ സാഹചര്യത്തിൽ നിലയുറപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പൊലീസിന്റെ പട്രോളിങ് ജീപ്പ് ഇവരുടെ സമീപത്തേക്ക് അടുത്തതോടെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ പെട്ടെന്ന് തന്നെ ഓടി രക്ഷപ്പെട്ടു.
ബാക്കിയുണ്ടായിരുന്നവരെ പൊലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇവർ അപ്രതീക്ഷിതമായി പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ടത്.
തർക്കത്തിനിടയിൽ പ്രതികൾ കൈവശമുണ്ടായിരുന്ന സിറിഞ്ചും സൂചിയും ഉപയോഗിച്ച് പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. മലപ്പുറം എം.എസ്.പി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദർശിന്റെ വലതുകൈയിലാണ് കുത്തേറ്റത്. അക്രമത്തിന് ശേഷം ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പിന്നീട് നടത്തിയ ഊർജിതമായ തിരച്ചിലിൽ മൂന്ന് പ്രതികളെയും പൊലീസ് വലയിലാക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ആദർശിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉപയോഗിച്ച സിറിഞ്ചിൽ ലഹരി വസ്തുക്കളോ മറ്റോ ഉണ്ടായിരുന്നോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാകുന്നതിനായി പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. നഗരത്തിൽ ലഹരി സംഘങ്ങളുടെ സാന്നിധ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ, പൊതുസ്ഥലങ്ങളിൽ രാത്രികാല പരിശോധനയും സുരക്ഷയും കൂടുതൽ ശക്തമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകി. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
---------------
Hindusthan Samachar / Roshith K