മൊബൈൽ ഷോറൂമിൽ വൻ കവർച്ച: 75 ലക്ഷം രൂപയുടെ 92 ഐഫോണുകളും പണവും കവർന്നു
Vadakara, 30 ഓഗസ്റ്റ് (H.S.) വടകര: മെയിൻ റോഡിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച പ്രമുഖ വ്യാപാര സമുച്ചയത്തിലെ മൊബൈൽ ഫോൺ ഷോറൂമിൽ വൻ കവർച്ച. ''ഇ സിറ്റി ആപ്പിൾ പ്രോ സ്റ്റോർ'' എന്ന അത്യാധുനിക മൊബൈൽ ഫോൺ വിൽപന കേന്ദ്രത്തിലാണ് ലക്ഷങ്ങളുടെ മോഷണം നടന്നത്. വി
മൊബൈൽ ഷോറൂമിൽ വൻ കവർച്ച: 75 ലക്ഷം രൂപയുടെ 92 ഐഫോണുകളും പണവും കവർന്നു


Vadakara, 30 ഓഗസ്റ്റ് (H.S.)

വടകര: മെയിൻ റോഡിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച പ്രമുഖ വ്യാപാര സമുച്ചയത്തിലെ മൊബൈൽ ഫോൺ ഷോറൂമിൽ വൻ കവർച്ച. 'ഇ സിറ്റി ആപ്പിൾ പ്രോ സ്റ്റോർ' എന്ന അത്യാധുനിക മൊബൈൽ ഫോൺ വിൽപന കേന്ദ്രത്തിലാണ് ലക്ഷങ്ങളുടെ മോഷണം നടന്നത്. വിപണിയിൽ ഏകദേശം 75 ലക്ഷം രൂപ വിലമതിക്കുന്ന 92 പ്രീമിയം ഐഫോണുകളും മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 60,600 രൂപയും സംഘം കവർന്നു.

വില്ല്യാപ്പള്ളി സ്വദേശി കിഴക്കെ മണന്തല റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. കഴിഞ്ഞ ഏപ്രിൽ 22-നായിരുന്നു അത്യാധുനിക സൗകര്യങ്ങളോടെ ഷോറൂം പ്രവർത്തനം ആരംഭിച്ചത്.

നാളുകൾക്ക് മുൻപ് മാത്രം തുറന്ന ഷോപ്പിൽ ആസൂത്രിതമായി നടന്ന മോഷണം വ്യാപാരികൾക്കിടയിലും നാട്ടുകാരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഷോപ്പിലെ വിലപിടിപ്പുള്ള ഫോണുകൾ മാത്രം തെരഞ്ഞുപിടിച്ചാണ് സംഘം കടത്തിക്കൊണ്ടുപോയത്.

രാവിലെ സ്ഥാപനം തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉള്ളിൽ നടത്തിയ പരിശോധനയിലാണ് വൻ മോഷണ വിവരം പുറത്തറിയുന്നത്. ഡിസ്പ്ലേ റാക്കുകളിലും സ്റ്റോക്ക് റൂമിലും സൂക്ഷിച്ചിരുന്ന ഐഫോണുകൾ പൂർണമായും കവർന്ന നിലയിലായിരുന്നു.

വിവരമറിഞ്ഞ് പോലീസ് ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വ്യാപാര സമുച്ചയത്തിനകത്തെയും സമീപത്തെ പ്രധാന റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

നടന്ന രീതി: കടയുടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ടുകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് അകത്തെ ഗ്ലാസ് വാതിലുകൾ തകർത്തു. തെളിവ് നശിപ്പിക്കാനായി ഇവർ റോഡിലേക്ക് തിരിച്ചു വെച്ചിരുന്ന സി.സി.ടി.വി ക്യാമറകൾ മുകളിലേക്ക് തിരിച്ചു വെക്കുകയും, കടയ്ക്കകത്തെ സി.സി.ടി.വി ഹാർഡ് ഡിസ്കുകൾ തകർക്കുകയോ കവരുകയോ ചെയ്തു.

പ്രദേശത്തെക്കുറിച്ചും കടയുടെ പ്രവർത്തനരീതികളെക്കുറിച്ചും കൃത്യമായ ധാരണയുള്ള പ്രൊഫഷണൽ സംഘമാണ് കൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മോഷണം പോയ ഫോണുകളുടെ ഐ.എം.ഇ.ഐ (IMEI) നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News