Enter your Email Address to subscribe to our newsletters

Katmandhu, 30 ഓഗസ്റ്റ് (H.S.)
കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ രൂക്ഷമായ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനവും തിരച്ചിലും അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇതുവരെ 675 പേരുടെ മൃതദേഹങ്ങൾ വിവിധ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നായി കണ്ടെടുത്തു. ദുരന്തത്തിൽ രണ്ടായിരത്തിലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതിൽ ഏഴ് മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം കേരളത്തിലും വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. കാണാതായ മലയാളികൾക്കായി രക്ഷാസേന പ്രത്യേക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായ മലയോര മേഖലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റോഡുകളും പാലങ്ങളും തകർന്നതും വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറായതും രക്ഷാദൗത്യത്തെ സാരമായി ബാധിക്കുന്നുണ്ട്. നേപ്പാൾ സൈന്യവും പോലീസും ദുരന്തനിവാരണ സേനയും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണിനടിയിലും നദീതീരങ്ങളിലും കുടുങ്ങിക്കിടക്കുന്നവർക്കായി ഡ്രോണുകളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പ്രതികൂല കാലാവസ്ഥയിലും പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. പ്രദേശത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ അടിയന്തര നടപടി. എന്നാൽ, സംസ്കാരത്തിന് മുൻപായി എല്ലാ മൃതദേഹങ്ങളുടെയും ഡിഎൻഎ (DNA) സാമ്പിളുകളും തിരിച്ചറിയാൻ സഹായിക്കുന്ന മറ്റ് ശാരീരിക അടയാളങ്ങളും കൃത്യമായി ശേഖരിച്ച് സൂക്ഷിക്കുമെന്ന് പ്രധാനമന്ത്രി ബാലേൻ ഷാ അറിയിച്ചു. ബന്ധുക്കൾ എത്തുന്ന മുറയ്ക്ക് ശാസ്ത്രീയ പരിശോധനയിലൂടെ മരിച്ചവരെ സ്ഥിരീകരിക്കുന്നതിനാണ് ഈ രേഖകൾ സൂക്ഷിക്കുന്നത്.
ദുരന്തത്തിൽ വീടും ഉപജീവനമാർഗ്ഗങ്ങളും നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകൾ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ക്യാമ്പുകളിൽ കുടിവെള്ളം, ഭക്ഷണം, അത്യാവശ്യ മരുന്നുകൾ എന്നിവ എത്തിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കാണാതായ മലയാളികളടക്കമുള്ള എല്ലാവരെയും എത്രയും വേഗം കണ്ടെത്താനും സുരക്ഷിതമായി നാട്ടിലെത്തിക്കാനുമുള്ള എല്ലാവിധ നയതന്ത്ര-രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിച്ച് വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
നേപ്പാളിൽ കനത്ത നാശനഷ്ടം വിതച്ച മിന്നൽ പ്രളയത്തിന് പിന്നിൽ ചൈനയുടെ ഇടപെടലുകളും അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളുമെന്ന് ഗുരുതര ആരോപണം. ഹിമാലയൻ പർവതമേഖലയിൽ ചൈന നടത്തുന്ന വൻതോതിലുള്ള നിർമാണങ്ങളാണ് പ്രകൃതിദുരന്തത്തിന്റെ വ്യാപ്തിയും തീവ്രതയും വർധിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 'നേപ്പാൾ കറസ്പോണ്ടൻസ്' ആണ് ചൈനീസ് നിർമാണ പ്രവർത്തനങ്ങളും പ്രളയവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.
ത്രിശൂലി നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി ഗ്യാരോങ് പട്ടണം നിർമിച്ചതും ഷിയോകാങ് പ്രദേശത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ജനവാസം അനുവദിച്ചതുമാണ് ദുരന്തത്തിന് പ്രധാന കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിർത്തിയിലെ തന്ത്രപ്രധാന പർവതനിരകളിൽ ഭൂപ്രകൃതിയുടെ സവിശേഷതകൾ കണക്കിലെടുക്കാതെ ചൈന നടത്തുന്ന വികസന പ്രവർത്തനങ്ങൾ വലിയ പരിസ്ഥിതി ആഘാതമാണ് സൃഷ്ടിക്കുന്നത്. സ്വാഭാവിക നീരൊഴുക്കുകൾ തടസ്സപ്പെട്ടതോടെ കനത്ത മഴയിൽ വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് അപ്രതീക്ഷിതമായി ഇരച്ചെത്തുകയായിരുന്നു.
---------------
Hindusthan Samachar / Roshith K