Enter your Email Address to subscribe to our newsletters

Thiruvananthapuram, 31 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: വയനാട് സൗത്ത് ഡിവിഷനിലെ മേപ്പാടി റേഞ്ചിൽപ്പെട്ട ചൂരൽമല ഭാഗത്ത് കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. ബൈജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ചൂരൽമല ഭാഗത്ത് പുലിയിറങ്ങിയതിനെ തുടർന്ന് തിരച്ചിലിനായും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി മേപ്പാടി ഒ.കെ. കാട് ഭാഗത്ത് കെ.കെ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന്, മേപ്പാടി റേഞ്ച് ഓഫീസറുടെയോ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയോ മുൻകൂർ അനുമതിയോ ഉത്തരവോ ഇല്ലാതെയും യാതൊരു നോട്ടീസും നൽകാതെയും ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആ ഭാഗത്തെ ഒരേക്കറോളം വരുന്ന കാപ്പിത്തോട്ടം വെട്ടിമാറ്റുകയായിരുന്നു.
ചൂരൽമല ദുരന്തത്തിൽപ്പെട്ട അതിജീവിതർ കൂടിയായിരുന്ന കർഷകരുടെ ഉപജീവനമാർഗ്ഗമായ കൃഷി നശിപ്പിച്ച ഈ ക്രൂരവും നിയമവിരുദ്ധവുമായ നടപടിയെ അതിതീവ്ര ഗൗരവത്തോടെയാണ് വനം വകുപ്പ് കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ഈ നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ വകുപ്പിനും കർഷകർക്കും ഉണ്ടായ എല്ലാവിധ സാമ്പത്തിക നഷ്ടങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് തന്നെ ഈടാക്കുന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊതുജനങ്ങളോടും കർഷകരോടും കാട്ടുന്ന ഇത്തരം പ്രവണതകൾ വനം വകുപ്പിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S