Enter your Email Address to subscribe to our newsletters

Thiruvananthapuram, 31 ഓഗസ്റ്റ് (H.S.)
കേരള പോലീസ് ഇന്ത്യയിലെ പോലീസിനു തന്നെ മാതൃകയാണെന്നും ഏറ്റവും അഭിമാനകരമായ കുറ്റാന്വേഷണ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും സമാധാനപരമായി ജീവിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്ന കാര്യത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കണ്ണൂര്‍, മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ദേശാഭിമാനബോധത്തിനും ജനതാത്പര്യത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സേനയാണ് കേരള പോലീസ്. കഠിനമായ പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്ന നിങ്ങള്‍ ജനതാത്പര്യമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഈ സേനയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് നിങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടതെന്നും ജനങ്ങളുടെ താല്പര്യവും ക്ഷേമവും സംരക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ് കേരള പോലീസ് അംഗങ്ങളായ നിങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ടെന്നും കേരളത്തിലെ സാധാരണ ജനങ്ങളുടെ, പാവപ്പെട്ടവരുടെ, അധ്വാനിക്കുന്നവരുടെ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാടിനും സമൂഹത്തിനും വേണ്ടി അച്ചടക്കബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനില്‍ നിന്നുള്ള 166 ഉം മലബാര്‍ സ്പെഷ്യല്‍ പോലീസ് ബറ്റാലിയനില്‍ നിന്നുള്ള 139 സേനാംഗങ്ങളും ഉള്‍പ്പെടെ 305 റിക്രൂട്ട് പോലീസ് സേനാംഗങ്ങളാണ് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. സൂരജ് വി നയിച്ച പരേഡിന്‍റെ സെക്കന്‍റ് ഇന്‍ കമാന്‍ഡര്‍ ജിനു ബി.ഐ ആയിരുന്നു.
കെ.എ.പി നാലാം ബറ്റാലിയനില്‍ നിന്ന് മികച്ച ഇന്‍ഡോര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് ആല്‍ബിന്‍ വര്‍ഗീസ് ആണ്. മികച്ച ഔട്ട്ഡോര്‍ കേഡറ്റായി സബിന്‍ ടി സത്യനും മികച്ച ആള്‍ റൗണ്ടറായി അമല്‍ ദേവ് .ഡി യും മികച്ച ഷൂട്ടറായി നിവേദ് കെ.വി യും തെരഞ്ഞെടുക്കപ്പെട്ടു.
എം.എസ്.പി ബറ്റാലിയനില്‍ നിന്ന് മികച്ച ഇന്‍ഡോര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് ആദര്‍ശ് .പി ആണ്. മികച്ച ഔട്ട്ഡോര്‍ കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട ജിനു ബി.ഐ തന്നെയാണ് മികച്ച ആള്‍ റൗണ്ടറും. മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത് ജിതിന്‍ കെ.വൈ ആണ്.
അടിസ്ഥാന പരിശീലനത്തന്‍റെ ഭാഗമായി ഇവര്‍ക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വര്‍ധിപ്പിക്കുന്ന പാഠങ്ങളാണ് പകര്‍ന്നു നല്‍കിയത്. ഔട്ട്ഡോര്‍ വിഭാഗത്തില്‍ ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടേ, യോഗ, നീന്തല്‍, വിവിധ സെല്‍ഫ് ഡിഫന്‍സ് പരിശീലനങ്ങള്‍, ഫയറിംഗ് എന്നിവയില്‍ പരിശീലനം ലഭിക്കുകയുണ്ടായി.
ഇന്‍ഡോര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഭരണഘടന, ഭാരതീയ ന്യായ സന്‍ഹിത, മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ്, വി.ഐ.പി ബന്തവസ്സ്, ടെലി കമ്മ്യൂണിക്കേഷന്‍, സോഷ്യല്‍ മീഡിയ, സൈബര്‍ കുറ്റകൃത്യങ്ങള്‍, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നല്‍കിയിട്ടുണ്ട്.
ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനായി ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, പീനോളജി, വിക്ടിമോളജി, സൈബര്‍ ഫോറന്‍സിക് എന്നീ വിഷയങ്ങളിലും പരിശീലനം നല്‍കിയിട്ടുണ്ട്.
സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ജെന്‍ഡര്‍ ന്യൂട്രല്‍സ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍ തുടങ്ങിയവ പോലീസിന്‍റെ മാനവിക മുഖത്തിന്‍റെ സാക്ഷ്യം കൂടിയാണ്.
കാസര്‍ഗോഡ് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എ മാരായ വി. കുഞ്ഞികൃഷ്ണന്‍, ടി ഒ. മോഹനന്‍, സജീവ് ജോസഫ്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായ, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥര്‍, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
---------------
Hindusthan Samachar / Sreejith S