Enter your Email Address to subscribe to our newsletters

Thiruvananthapuram, 31 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റ് നിയമനം വൈകും. ഹൈക്കമാൻഡ് തലത്തിൽ ഇതുസംബന്ധിച്ച് ചർച്ചകൾ സജീവമാകാത്ത സാഹചര്യത്തിൽ നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോട് സംഘടനാ പ്രവർത്തനത്തിൽ കൂടുതൽ സജീവമാകാൻ കേന്ദ്ര നേതൃത്വം നിർദേശം നൽകി. ഇതിന്റെ ഭാഗമായി സെപ്റ്റംബർ മൂന്നിന് ഇന്ദിരാഭവനിൽ രാഷ്ട്രീയകാര്യ സമിതി യോഗം ചേരും.
യോഗത്തിന് ശേഷം സണ്ണി ജോസഫ് സംസ്ഥാനത്തെ എല്ലാ ജില്ലകളും സന്ദർശിക്കും. മൂന്ന് വർക്കിങ് പ്രസിഡന്റുമാർക്കൊപ്പമായിരിക്കും ജില്ലാതല സന്ദർശനം. തുടർന്ന് കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം വിളിച്ചുചേർക്കാനും തീരുമാനമുണ്ട്. കെപിസിസി ജനറൽ ബോഡി യോഗം വിളിക്കുന്നതും പരിഗണനയിലാണ്.
തിരുവനന്തപുരത്ത് ഉള്ള ദിവസങ്ങളിൽ രാവിലെ ഒൻപതിന് കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റ് എത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നത് വൈകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്.
*‘പാർട്ടിക്ക് മുഴുവൻ സമയ പ്രസിഡന്റ് വേണം’*
പാർട്ടിക്ക് മുഴുവൻ സമയ പ്രസിഡന്റുണ്ടാകുന്നതാണ് ഉചിതമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. സംഘടനാ പ്രവർത്തനവും സർക്കാർ ചുമതലകളും ഒരേസമയം കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കി ഒരാൾക്ക് ഒരു ചുമതല എന്ന രീതിയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കെപിസിസി പ്രസിഡന്റിനെ സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം നീളുന്ന സാഹചര്യത്തിൽ താൻ കൂടുതൽ സജീവമാകേണ്ടതുണ്ടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. സർക്കാർ അധികാരമേറ്റതിന് പിന്നാലെ തന്റെ വകുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം പാർട്ടി പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും ശ്രദ്ധിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം സമ്മതിച്ചു.
ഇതിനിടെ കേന്ദ്രസർക്കാരിനെതിരെ രണ്ട് വലിയ സമരങ്ങൾ നടത്താൻ കഴിഞ്ഞതായും സണ്ണി ജോസഫ് പറഞ്ഞു. പുതിയ പ്രസിഡന്റ് ചുമതലയേൽക്കുന്നതുവരെ കൂടുതൽ സജീവമാകണമെന്ന് നേതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S