പിണറായി വിജയന്റെ ഭീഷണി വിലപ്പോവില്ല;  പാർട്ടിക്കകത്തെ ഒറ്റപ്പെടൽ മറച്ചുവെക്കാനുള്ള ശ്രമം: മന്ത്രി സി.പി ജോൺ
Thiruvananthapuram ,1 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രസംഗങ്ങൾ പാർട്ടിവിട്ട് മത്സരിച്ച് എംഎൽഎമാരായി വിജയിച്ച നേതാക്കളെ ഭീഷണിപ്പെടുത്താനും പ്രവർത്തകരെ നിർവീര്യരാക്കാനുമുള്ള ശ്രമമാ
Cp jhon


Thiruvananthapuram ,1 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രസംഗങ്ങൾ പാർട്ടിവിട്ട് മത്സരിച്ച് എംഎൽഎമാരായി വിജയിച്ച നേതാക്കളെ ഭീഷണിപ്പെടുത്താനും പ്രവർത്തകരെ നിർവീര്യരാക്കാനുമുള്ള ശ്രമമാണെങ്കിൽ അത് വിലപ്പോവില്ലെന്ന് സിഎംപി ജനറൽ സെക്രട്ടറിയും ഗതാഗത മന്ത്രിയുമായ സി.പി ജോൺ. പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനകത്ത് പിണറായി വിജയനെതിരെ തന്നെ ശക്തമായ ചർച്ചകളും നീക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനവും ഒഴിയണം എന്ന ആവശ്യം സിപിഎം ബ്രാഞ്ച്തലം മുതൽ സംസ്ഥാനതലം വരെ ഉയർന്നുകഴിഞ്ഞു. പിണറായിയുടെ പ്രസംഗ വേദികളിൽ സംസ്ഥാന നേതാക്കളോ കണ്ണൂരിലെ പ്രമുഖ നേതാക്കളോ പങ്കെടുക്കാതിരുന്നത് ഏറെ ശ്രദ്ധേയമാണ്.

പാർട്ടി തിരുത്തണം എന്ന കേന്ദ്രകമ്മിറ്റിയുടെ നിർദേശത്തിന് പകരം പാർട്ടിയല്ല, ജനങ്ങളാണ് തിരുത്തേണ്ടതെന്ന പിണറായിയുടെ പ്രസ്താവന തന്നെ തിരുത്താൻ ആരും വരേണ്ടതില്ലെന്ന മുന്നറിയിപ്പാണ്. അതിനുമപ്പുറം, തന്നെ മാറ്റാനും തിരുത്താനും ശ്രമിച്ചാൽ താൻ വെറുതെയിരിക്കില്ലെന്ന മുന്നറിയിപ്പുമാണ് പിണറായി വിജയന്റെ പ്രസംഗങ്ങളുടെ സാരാംശം. സിപിഎമ്മിനകത്ത് ഉരുണ്ടികൂടിക്കൊണ്ടിരിക്കുന്ന ഗുരുതരമായ സംഘടനാ പ്രശ്നങ്ങൾ രാഷ്ട്രീയ രൂപം പ്രാപിക്കുന്നതിന്റെ ലക്ഷണമാണിതെന്ന് സി.പി ജോൺ ചൂണ്ടിക്കാട്ടി.

സിപിഐയെക്കൊണ്ട് പ്രതിപക്ഷ ഉപനേതൃപദവി ചോദിപ്പിച്ചതും പിണറായി വിജയനെതിരായ കരുനീക്കത്തിന്റെ ഭാഗമായാണ് കാണേണ്ടത്. സിപിഐക്ക് ഒരിക്കലും ഇല്ലാതിരുന്ന ഒരു സ്ഥാനം അവരെക്കൊണ്ട് ശക്തമായി ചോദിപ്പിക്കുകയും അതിനെതിരായി നിൽക്കുന്നത് പിണറായി വിജയനാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്ന തന്ത്രം സിപിഎമ്മിലെ എതിർവിഭാഗത്തിന്റേതാണ്. എന്തായാലും, പാർട്ടിക്കകത്തെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പാർട്ടിവിട്ട് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരെ ഭീഷണിപ്പെടുത്തുന്ന രാഷ്ട്രീയവുമായി പ്രതിപക്ഷ നേതാവ് രംഗത്തിറങ്ങിയാൽ കൈയും കെട്ടി നോക്കിയിരിക്കാൻ ഐക്യ ജനാധിപത്യ മുന്നണിയും കേരളത്തിലെ ജനാധിപത്യ ബോധമുള്ള സമൂഹവും തയാറാവില്ലെന്നും സി.പി ജോൺ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News