‘ഒരു രാജ്യത്തെയും ആക്രമിച്ചു കീഴടക്കുകയോ ആരെയും മതപരിവർത്തനം നടത്തുകയോ ചെയ്തിട്ടില്ല’; ടൊറന്റോയിൽ ഇന്ത്യയുടെ പാരമ്പര്യം വ്യക്തമാക്കി മോഹൻ ഭാഗവത്
Toronto, 31 ഓഗസ്റ്റ് (H.S.) ടൊറന്റോ: ഇന്ത്യയുടെ സംസ്കാരവും ചരിത്രവും സേവനത്തിലും അറിവുപകരുന്നതിലും അധിഷ്ഠിതമാണെന്നും, ഒരു രാജ്യത്തെയും കീഴടക്കാനോ ആരെയും മതപരിവർത്തനം നടത്താനോ രാജ്യം ശ്രമിച്ചിട്ടില്ലെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. കാനഡയിലെ
‘ഒരു രാജ്യത്തെയും ആക്രമിച്ചു കീഴടക്കുകയോ ആരെയും മതപരിവർത്തനം നടത്തുകയോ ചെയ്തിട്ടില്ല’; ടൊറന്റോയിൽ ഇന്ത്യയുടെ പാരമ്പര്യം വ്യക്തമാക്കി മോഹൻ ഭാഗവത്


Toronto, 31 ഓഗസ്റ്റ് (H.S.)

ടൊറന്റോ: ഇന്ത്യയുടെ സംസ്കാരവും ചരിത്രവും സേവനത്തിലും അറിവുപകരുന്നതിലും അധിഷ്ഠിതമാണെന്നും, ഒരു രാജ്യത്തെയും കീഴടക്കാനോ ആരെയും മതപരിവർത്തനം നടത്താനോ രാജ്യം ശ്രമിച്ചിട്ടില്ലെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. കാനഡയിലെ ടൊറന്റോയിൽ 'കനേഡിയൻ ഹിന്ദുസ് ഫോർ ഔട്ട്റീച്ച്, റിലേഷൻസ് ആൻഡ് ഡയലോഗ്' (CHORD) സംഘടിപ്പിച്ച “ഹിന്ദു വിശ്വബന്ധു – സൗഹൃദത്തിലൂടെ ലോകത്തെ ആശ്ലേഷിക്കുക” എന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ സൈനികമായോ രാഷ്ട്രീയമായോ കീഴ്പ്പെടുത്തുന്ന ‘മഹാശക്തി’ എന്ന നിലയിലല്ല, മറിച്ച് നിസ്വാർത്ഥ സേവനത്തിലൂടെ മാനവികതയെ ഉയർത്തിപ്പിടിച്ചാണ് ഇന്ത്യ ‘വിശ്വഗുരു’വായി മാറിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളർച്ച എന്നാൽ ലോകത്തിന്റെയാകെ ഐക്യവും വിമോചനവുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വൈവിധ്യം ഇന്ത്യക്ക് പ്രശ്നമല്ല, മറിച്ച് ഐക്യത്തിന്റെ രൂപം

ഭാഷ, വിശ്വാസം, ജീവിതരീതി എന്നിവയിലെ വൈവിധ്യങ്ങൾക്കിടയിലും അന്തർലീനമായ ഐക്യം കണ്ടെത്താനാണ് ഭാരതീയ ആത്മീയ പാരമ്പര്യം പഠിപ്പിക്കുന്നതെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. വൈവിധ്യത്തിൽ ഐക്യം കണ്ടെത്തുക മാത്രമല്ല, വൈവിധ്യം എന്നത് തന്നെ ഐക്യത്തിന്റെ മറ്റൊരു രൂപമാണെന്നാണ് നമ്മുടെ പാരമ്പര്യം. അതുകൊണ്ടുതന്നെ വൈവിധ്യം ഇന്ത്യയിൽ ഐക്യത്തിന് ഒരിക്കലും തടസ്സമാകുന്നില്ല. ലോകം മുഴുവൻ ഒരു കുടുംബമാണെന്ന ‘വസുധൈവ കുടുംബകം’ എന്ന ദർശനം അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ബാഹ്യമായ രൂപത്തിലോ നിറത്തിലോ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ആന്തരികമായി മനുഷ്യരെല്ലാം ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചരിത്രപരമായ സേവന പാരമ്പര്യം

ലോകത്ത് എവിടെയെങ്കിലും പ്രതിസന്ധിയുണ്ടാകുമ്പോൾ സഹായം ചോദിച്ചാൽ മാത്രമല്ല, ചോദിക്കാതെ തന്നെ സഹായിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യവും ഡിഎൻഎയുമെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി. രണ്ടാം ലോകമഹായുദ്ധകാലത്ത് ദുരിതത്തിലായ പോളിഷ് അഭയാർഥികൾക്ക് അഭയം നൽകിയ ജാംനഗർ മഹാരാജാവിന്റെ ചരിത്രവും, സമീപകാലത്ത് പശ്ചിമേഷ്യൻ യുദ്ധമേഖലകളിൽ നിന്ന് സ്വന്തം പൗരന്മാരെ മാത്രമല്ല മറ്റ് ഏഴ് രാജ്യങ്ങളിലെ ആളുകളെക്കൂടി ഇന്ത്യൻ വ്യോമസേന സുരക്ഷിതമായി ഒഴിപ്പിച്ചതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

അധിനിവേശമല്ല, പകർന്നുനൽകിയത് വിജ്ഞാനം

പുരാതന കാലത്ത് മെക്സിക്കോ മുതൽ സൈബീരിയ വരെയും തെക്കുകിഴക്കൻ ഏഷ്യയിലേക്കും സഞ്ചരിച്ച ഭാരതീയർ ആ പ്രദേശങ്ങളെയൊന്നും അധിനിവേശത്തിലൂടെ കൈവശപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അങ്ങനെയുള്ള യാത്രകളിലൂടെ ആയുർവേദവും ജ്യോതിശാസ്ത്രവും സംസ്കാരവുമാണ് ഇന്ത്യ ലോകത്തിന് നൽകിയത്.

ഹിന്ദു എന്ന പദത്തെ ഏതെങ്കിലും പ്രത്യേക ഭാഷയിലോ ആരാധനാക്രമത്തിലോ ഒതുക്കിനിർത്താനാവില്ലെന്നും, എല്ലാവരെയും ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടാണ് ഹിന്ദുത്വമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാനഡയിലെ മുൻ പ്രതിരോധ മന്ത്രിയും മുൻ ആൽബർട്ട പ്രീമിയറുമായ ജേസൺ കെന്നി അടക്കമുള്ള പ്രമുഖരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ പ്രവാസികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു.

---------------

Hindusthan Samachar / Roshith K


Latest News