തളിപ്പറമ്പിൽ വോട്ടർമാരുടെ എണ്ണത്തിൽ മുപ്പതിനായിരത്തിന്റെ വർധനവെന്ന കെ.കെ. രാഗേഷിന്റെ വാദം വസ്തുതാവിരുദ്ധം; കൂടിയത് പതിനൊന്നായിരത്തോളം വോട്ട് മാത്രം
Kannur, 31 ഓഗസ്റ്റ് (H.S.) കണ്ണൂർ: കണ്ണൂരിലെ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് (എസ്.ഐ.ആർ) ശേഷം മുപ്പതിനായിരത്തിലധികം വോട്ടുകൾ വർധിച്ചുവെന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ അവകാശവാദം
തളിപ്പറമ്പിൽ വോട്ടർമാരുടെ എണ്ണത്തിൽ മുപ്പതിനായിരത്തിന്റെ വർധനവെന്ന കെ.കെ. രാഗേഷിന്റെ വാദം വസ്തുതാവിരുദ്ധം; കൂടിയത് പതിനൊന്നായിരത്തോളം വോട്ട് മാത്രം


Kannur, 31 ഓഗസ്റ്റ് (H.S.)

കണ്ണൂർ: കണ്ണൂരിലെ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് (എസ്.ഐ.ആർ) ശേഷം മുപ്പതിനായിരത്തിലധികം വോട്ടുകൾ വർധിച്ചുവെന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക കണക്കുകൾ പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖകൾ പ്രകാരം മണ്ഡലത്തിൽ ആകെ വർധിച്ചത് പതിനൊന്നായിരത്തോളം വോട്ടുകൾ മാത്രമാണ്. കൃത്യമായ കണക്കുകൾ നിലനിൽക്കെ, പൊതുവേദിയിൽ ഇത് മറച്ചുവെച്ചുകൊണ്ട് തെറ്റായ വിവരങ്ങൾ രാഷ്ട്രീയ വിശദീകരണമായി അവതരിപ്പിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

കഴിഞ്ഞദിവസം തളിപ്പറമ്പിൽ പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കെ.കെ. രാഗേഷ് വിവാദ പ്രസ്താവന നടത്തിയത്. മണ്ഡലത്തിൽ എസ്.ഐ.ആർ പ്രക്രിയയ്ക്ക് ശേഷം വോട്ടർമാരുടെ എണ്ണത്തിൽ മുപ്പതിനായിരത്തിലധികം വോട്ടുകളുടെ വൻ വർധനവുണ്ടായെന്നും, ഇതിൽ 80 ശതമാനവും മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് സംഭവിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലുണ്ടായ വിവാദങ്ങളെയും വിമർശനങ്ങളെയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഈ കണക്കുകൾ പൊതുവേദിയിൽ നിരത്തിയത്.

എന്നാൽ, കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ ഔദ്യോഗിക ഡാറ്റ പരിശോധിക്കുമ്പോൾ ഈ അവകാശവാദങ്ങൾ പൂർണ്ണമായും പൊളിയുന്ന കാഴ്ചയാണ് കാണുന്നത്.

-

2024 ലോക്സഭാ തെരഞ്ഞെടുപ്പ്: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,22,280 ആയിരുന്നു.

-

2026 നിയമസഭാ തെരഞ്ഞെടുപ്പ് (എസ്.ഐ.ആറിന് ശേഷം): മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,33,210 ആയി ഉയർന്നു.

ഇരു തെരഞ്ഞെടുപ്പുകളിലെയും ഔദ്യോഗിക കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ രണ്ട് വർഷത്തിനിടെ തളിപ്പറമ്പിൽ പുതുതായി ചേർത്തത് 10,930 വോട്ടർമാരെ മാത്രമാണ്. അതായത് ഏകദേശം പതിനൊന്നായിരം വോട്ടുകളുടെ വർധനവ് മാത്രമാണ് മണ്ഡലത്തിൽ സ്വാഭാവികമായും ഉണ്ടായിട്ടുള്ളത്. എന്നിരിക്കെ, ഇതിന്റെ മൂന്നിരട്ടിയോളം വരുന്ന മുപ്പതിനായിരം വോട്ടുകൾ അധികമായി വന്നുവെന്ന കണക്ക് കെ.കെ. രാഗേഷ് ഏത് സ്രോതസ്സിന്റെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചതെന്ന ചോദ്യം ഇതിനകം ഉയർന്നു കഴിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും മറച്ചുവെക്കാനും തെരഞ്ഞെടുപ്പ് പരാജയത്തിന് ബാഹ്യമായ ന്യായീകരണങ്ങൾ ചമയ്ക്കാനുമാണ് ബോധപൂർവ്വം പെരുപ്പിച്ച കണക്കുകൾ നിരത്തിയതെന്ന വിമർശനം രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നുണ്ട്. പ്രത്യേകിച്ചും ഒരു നിർദ്ദിഷ്ട പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ട് വൻതോതിൽ വർധിച്ചുവെന്ന രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് തെറ്റായ കണക്കുകൾ ജനങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചതെന്നാണ് പ്രധാന ആക്ഷേപം.

ഒരു ഉത്തരവാദപ്പെട്ട പാർട്ടി ജില്ലാ സെക്രട്ടറി ഔദ്യോഗിക രേഖകൾക്ക് വിരുദ്ധമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ സ്വയം പ്രതിരോധത്തിലാക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

---------------

Hindusthan Samachar / Roshith K


Latest News