Enter your Email Address to subscribe to our newsletters

Kochi, 31 ഓഗസ്റ്റ് (H.S.)
ഡിജിപി എസ്. ശ്രീജിത്തിനെതിരായ അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹാക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. ം. പരാതിയും തെളിവുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും പത്ത് ദിവസത്തിനകം മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് നല്‍കിയ ക്ലീന്‍ ചിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിപിന്‍ എടവണ്ണ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഡിജിപിക്കെതിരെ മതിയായ തെളിവുകളില്ലാത്തതിനാല്‍ നിലവില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം ശ്രീജിത്തിന് അനുകൂലമായി ഉത്തരവിറക്കിയിരുന്നു.
എന്നാല്‍, കൃത്യമായ അന്വേഷണം നടത്താതെയും വസ്തുതകള്‍ പരിശോധിക്കാതെയുമാണ് ഈ ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഹാജരാക്കുന്ന രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കോടതി അന്തിമ തീരുമാനമെടുക്കുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരായ കേസ് ആയതിനാല്‍ കോടതിയുടെ ഇടപെടല്‍ ഏറെ നിര്‍ണായകമാണ്.
ഗുരുതരമായ അഴിമതിയും ബിനാമി ഇടപാടുകളും ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ദുബായിലെ ഒരു സ്വകാര്യ സ്പായില്‍ എസ്. ശ്രീജിത്തിന് ബിനാമി നിക്ഷേപമുണ്ടെന്നാണ് ഇതിലെ പ്രധാന ആരോപണം. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ അദ്ദേഹം വിദേശയാത്ര നടത്തിയെന്നും, കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ യാത്രകളെന്നും ഹര്‍ജിയില്‍ പറയുന്നു.
കൂടാതെ, വിദേശത്തെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം ഔദ്യോഗിക പൊലീസ് യൂണിഫോമില്‍ പങ്കെടുത്തതായും പരാതിക്കാരന്‍ ആരോപിക്കുന്നുണ്ട്. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള 'ലാസ്റ്റ് ബെഞ്ച്' എന്ന മ്യൂസിക് ബാന്‍ഡ് വഴി വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും, ഇതിന്റെ ഉറവിടം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എസ്. ശ്രീജിത്തിന് അടുത്ത ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. നേരത്തെ, പരാതിക്കാരനെ നേരിട്ട് കേട്ട ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കോടതി ആഭ്യന്തര വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ശ്രീജിത്തിന്റെ സാന്നിധ്യത്തിലായിരുന്നു ആദ്യം ഹിയറിങ് നടന്നത്.
ഇത് ശരിയായ നടപടിക്രമമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പരാതിക്കാരനെ തനിച്ച് കേള്‍ക്കാന്‍ വീണ്ടും നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രണ്ടാമതും ക്ലീന്‍ ചിറ്റ് നല്‍കിയത്. ഈ റിപ്പോര്‍ട്ട് പൂര്‍ണമായും റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യം. വരും ദിവസങ്ങളില്‍ മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ നല്‍കുന്ന രേഖകള്‍ പരിശോധിച്ച ശേഷം കോടതി സ്വീകരിക്കുന്ന നിലപാട് ഡിജിപി എസ്. ശ്രീജിത്തിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ നിര്‍ണായകമാകും.
---------------
Hindusthan Samachar / Sreejith S