Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 ഓഗസ്റ്റ് (H.S.)
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ കേസില്‍ പ്രതിയായ മുന്‍ ഡി സി സി അംഗം ചേന്തി അനിലിനെനേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്. നാളെ ച രാവിലെ 11 ന് നേരിട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. പ്രോസിക്യൂന്റെയും പൊലീസിന്റെയും അപേക്ഷ മാനിച്ചാണ് കോടതി നടപടി. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ ലഭിച്ചാല്‍ വാദം കേട്ട ശേഷമേ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനമെടുക്കൂ എന്നും കോടതി വ്യക്തമാക്കി.
ശ്രീകാര്യം ചേന്തിയില്‍ വച്ച് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വാഹനം തടയുകയും കയര്‍ത്തു സംസാരിക്കുകയും ചെയ്‌തെന്നാണ് കേസ്. കേസില്‍ ക്രിമിനല്‍ ഗൂഢാലോചന വകുപ്പ് കൂടി കൂട്ടിച്ചേര്‍ത്ത പുതിയ റിപ്പോര്‍ട്ട് ശ്രീകാര്യം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന് വേണ്ടി പുതിയ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറാണ് (എ പി പി) ഹാജരായത്.
ശ്രീകാര്യത്തെ ശ്രീനാരായണ സാംസ്‌കാരിക കേന്ദ്രത്തിലെ ചതയദിനാഘോഷത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി അടുത്ത പരിപാടിയായ ചെമ്പഴന്തിയിലേക്ക് നേരിട്ട് പോയതാണ് പ്രകോപനത്തിന് കാരണമായത്. മുന്‍കൂട്ടി നിശ്ചയിച്ച ഈ പരിപാടി ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ച് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വാഹനം തടയുകയായിരുന്നു. എന്നാല്‍, ചെമ്പഴന്തിയിലേക്കുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രാ തടസപ്പെടുത്തിയെന്ന് ശ്രീകാര്യം പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രിയോട് അനാദരവോടെ പെരുമാറുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് സംഭവ ദിവസം അര്‍ദ്ധരാത്രിയോടെയാണ് ശ്രീകാര്യം പൊലീസ് അനിലിനെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. പാര്‍ട്ടിക്കും നേതൃത്വത്തിനും വിരുദ്ധമായ ഗുരുതര അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കെ പി സി സി നിര്‍ദ്ദേശപ്രകാരം ഡി സി സി പ്രസിഡന്‍് എന്‍ ശക്തന്‍ ചേന്തി അനിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. ചേന്തി അനില്‍ മുഖ്യമന്ത്രിയെ ഓഫിസില്‍ എത്തി പരിപാടിക്ക് ക്ഷണിക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, പൊതുജനമധ്യത്തിലെ അനിലിന്റെ ഇടപെടല്‍ ശരിയായില്ലെന്ന അഭിപ്രായമാണ് ഒരുവിഭാഗം നേതാക്കള്‍ക്കുള്ളത്. മറ്റൊരു ഡിസിസി അംഗമായ ചെമ്പഴന്തി അനിലും ചേന്തി അനിലും തമ്മിലുള്ള തര്‍ക്കമാണ് ഇതിനു പിന്നിലെന്നും പ്രാദേശിക നേതാക്കള്‍ ആരോപിക്കുന്നു.എന്നാല്‍, ചേന്തിയിലെ ചതയ ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ലെന്നും, പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ സംഘാടകരെ അറിയിച്ചിരുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം.
---------------
Hindusthan Samachar / Sreejith S