മുട്ടില് മരംമുറി വഞ്ചനാക്കേസ്: വിചാരണ നീട്ടിവയ്ക്കണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി തള്ളി; കുറ്റപത്രം സെപ്റ്റംബർ ഏഴിന് വായിച്ചുകേൾപ്പിക്കും
Kochi, 31 ഓഗസ്റ്റ് (H.S.) കൊച്ചി: സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട സാമ്പത്തിക വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി. കേസിന്റെ വിചാരണ നടപടികൾ നീട്ടിവയ്ക്കണമെന്നും സ്റ്റേ ചെയ്യണമെന്നും
മുട്ടില് മരംമുറി വഞ്ചനാക്കേസ്: വിചാരണ നീട്ടിവയ്ക്കണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി തള്ളി; കുറ്റപത്രം സെപ്റ്റംബർ ഏഴിന് വായിച്ചുകേൾപ്പിക്കും


Kochi, 31 ഓഗസ്റ്റ് (H.S.)

കൊച്ചി: സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട സാമ്പത്തിക വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി. കേസിന്റെ വിചാരണ നടപടികൾ നീട്ടിവയ്ക്കണമെന്നും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വരുന്ന സെപ്റ്റംബർ ഏഴിന് ഔദ്യോഗികമായി വായിച്ചുകേൾപ്പിക്കുമെന്നും, അന്ന് ഒന്നാം പ്രതി റോജി അഗസ്റ്റിൻ ഉൾപ്പെടെയുള്ള എല്ലാ പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും മജിസ്ട്രേറ്റ് കർശന നിർദ്ദേശം നൽകി.

സുൽത്താൻ ബത്തേരി കോടതിയിലുള്ള പ്രധാന മരംമുറി കേസിന്റെ വിധി വരുന്നതുവരെ ഈ കേസിലെ നടപടികൾ നിർത്തിവെക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ ഇരു കേസുകളും നിയമപരമായി വ്യത്യസ്തമാണെന്നും ഈ ഘട്ടത്തിൽ വിചാരണ നടപടികൾ നീട്ടിവെക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. വിചാരണ നടപടികൾ തടയണമെന്നും കേസിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ നേരത്തെ നൽകിയ ഹർജികൾ ഹൈക്കോടതിയും പൂർണ്ണമായി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വിചാരണക്കോടതിയുടെ ഇപ്പോഴത്തെ നിർണ്ണായക തീരുമാനം.

തട്ടിപ്പും സാമ്പത്തിക വഞ്ചനയും: കേസിന്റെ പശ്ചാത്തലം

വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമിയിൽ നിന്നും റവന്യൂ-വനം വകുപ്പുകളുടെ അനുമതിയില്ലാതെ അനധികൃതമായി മുറിച്ചുകടത്തിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഈട്ടിത്തടികൾ, നിയമപരമായ വനംവകുപ്പ് പാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തിയെന്നാണ് കേസ്. എറണാകുളം കരിമുകൾ മലബാർ ടിംബേഴ്സ് ഉടമ എം.എം. അലിയാരുടെ പരാതിയിലാണ് എറണാകുളം അമ്പലമേട് പോലീസ് അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വിശ്വാസവഞ്ചനയ്ക്കും സാമ്പത്തിക തട്ടിപ്പിനും കേസെടുത്തത്.

പരാതിക്കാരനിൽ നിന്ന് അഡ്വാൻസ് ഇനത്തിൽ ഘട്ടങ്ങളായി ഏകദേശം 1.40 കോടി രൂപ കൈപ്പറ്റി 54 കഷണം ഈട്ടിത്തടികൾ കൈമാറുകയായിരുന്നു. എന്നാൽ പിന്നീട് വനംവകുപ്പ് നടത്തിയ പരിശോധനയിൽ ഈ മരങ്ങൾ അനധികൃതമായി മുറിച്ചതാണെന്ന് കണ്ടെത്തുകയും തടികൾ പിടിച്ചെടുക്കുകയും ചെയ്തു. നൽകിയ പണം തിരികെ ലഭിക്കാതിരിക്കുകയും വനംവകുപ്പിന്റെ കൃത്യമായ പെർമിറ്റ് ഹാജരാക്കാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് തടി വ്യാപാരി പോലീസിനെ സമീപിച്ച് വഞ്ചനാക്കുറ്റത്തിന് പരാതി നൽകിയത്.

റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. കോടതിയിൽ കൃത്യമായി ഹാജരാകാതിരുന്നതിനെ തുടർന്ന് മുൻപ് കോടതി ഇവർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യമെടുക്കുകയായിരുന്നു. വിചാരണ നിർത്തിവയ്ക്കാനുള്ള പ്രതികളുടെ അവസാന ശ്രമവും കോടതി തള്ളിയതോടെ, സെപ്റ്റംബർ ഏഴിന് കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിലൂടെ കേസിന്റെ വിചാരണ നടപടികൾ വിചാരണക്കോടതിയിൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News