Enter your Email Address to subscribe to our newsletters

Thiruvananthapuram , 31 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: വലിയ പ്രഖ്യാപനങ്ങളോടെ യുഡിഎഫ് സർക്കാർ രൂപീകരിച്ച പ്രത്യേക വയോജനക്ഷേമ വകുപ്പിന്റെ പ്രവർത്തനം മൂന്ന് മാസം പിന്നിട്ടിട്ടും പൂർണ്ണമായും നിശ്ചലാവസ്ഥയിൽ. വകുപ്പിന് പ്രത്യേകമായി ഒരു മന്ത്രിയെ ചുമതലപ്പെടുത്താത്തതും കൃത്യമായ ഭരണനിർവ്വഹണ ചട്ടക്കൂട് ഒരുക്കാത്തതും വയോജനക്ഷേമ മേഖലയിലെ സുപ്രധാന പദ്ധതികളെയും ഭരണസംവിധാനത്തെയും സാരമായി ബാധിക്കുന്നു.
സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന വയോജന ജനസംഖ്യയുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് സാമൂഹികനീതി വകുപ്പിൽ നിന്നും വേർപെടുത്തിയാണ് പ്രത്യേക വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചത്. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നിർണായക പ്രഖ്യാപനം നടത്തി ഉത്തരവിറക്കിയെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയില്ല. നിലവിൽ മുഖ്യമന്ത്രിയുടെ കീഴിലാണ് വകുപ്പെങ്കിലും, വകുപ്പ് ഭരണം ഏകോപിപ്പിക്കാൻ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയില്ലാത്തത് നയപരമായ തീരുമാനങ്ങൾ വൈകുന്നതിന് പ്രധാന കാരണമാകുന്നു.
വകുപ്പിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ സെക്രട്ടേറിയറ്റ് തല സംവിധാനങ്ങൾ സജ്ജമാക്കുന്നതിലോ ജീവനക്കാരുടെ വിന്യാസത്തിലോ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. നയപരമായ സുപ്രധാന തീരുമാനങ്ങൾ, പുതിയ ക്ഷേമ പദ്ധതികളുടെ രൂപരേഖ തയാറാക്കൽ, മുൻഗണനാ ക്രമങ്ങൾ നിശ്ചയിക്കൽ എന്നിവയെല്ലാം ഫയലുകളിൽ കുരുങ്ങിക്കിടക്കുകയാണ്. വിവിധ വകുപ്പുകളിലായി ചിതറിക്കിടക്കുന്ന വയോജന സംരക്ഷണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യം പോലും ഇതുമൂലം പാതിവഴിയിലായി.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വയോജന സൗഹൃദ പദ്ധതികളുടെ തുടർനടപടികളും ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ബജറ്റ് വിഹിതം വിനിയോഗിക്കുന്നതിനോ പുതിയ ക്ഷേമ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനോ ഉള്ള നടപടിക്രമങ്ങൾ മന്ദഗതിയിലാണ് നീങ്ങുന്നത്.
ഇതിനുപുറമേ, വയോജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിച്ച വയോജന കമ്മിഷന്റെ പ്രവർത്തനവും കടുത്ത പ്രതിസന്ധിയിലാണ്. കമ്മിഷൻ ചെയർപഴ്സന്റെയും അംഗങ്ങളുടെയും ശമ്പളം, ഓണറേറിയം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച സർക്കാർ ചട്ടങ്ങൾ ഇതുവരെ അന്തിമമാക്കാൻ സാധിച്ചിട്ടില്ല. വകുപ്പ് തലത്തിൽ കൃത്യമായ രാഷ്ട്രീയ-ഭരണ നേതൃത്വം ഇല്ലാത്തത് ഇത്തരം ഭരണപരമായ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്.
വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം, പെൻഷൻ വിതരണത്തിലെ കൃത്യത, ഏകാന്തത അനുഭവിക്കുന്നവർക്കുള്ള പുനരധിവാസ പദ്ധികൾ, വയോമിത്രം-വയോരക്ഷ തുടങ്ങിയ പദ്ധതികളുടെ വിപുലീകരണം എന്നിവ അടിയന്തരമായി നടപ്പാക്കേണ്ട ഘട്ടത്തിലാണ് ഭരണസിരാകേന്ദ്രത്തിലെ ഈ മെല്ലെപ്പോക്ക്. വകുപ്പിന്റെ സ്വതന്ത്ര ചുമതല മന്ത്രിക്ക് കൈമാറുകയും ചട്ടങ്ങളും ജീവനക്കാരുടെ വിന്യാസവും പൂർത്തിയാക്കുകയും ചെയ്യാതെ പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങുമെന്ന ആശങ്ക ശക്തമാണ്. സർക്കാരിന്റെ മുൻഗണനാ പട്ടികയിലുള്ള വകുപ്പായിട്ടും തുടക്കത്തിൽ കാട്ടിയ വേഗത ഭരണതലത്തിൽ ഇല്ലാതെ പോയത് കടുത്ത അതൃപ്തിക്ക് ഇടയാക്കുന്നുണ്ട്.
---------------
Hindusthan Samachar / Roshith K