പെട്രേളിവെ എഥനോള് അളവ് : സുപ്രീംകോടതി ഹര്ജി സ്വീകരിച്ചില്ല
New delhi, 31 ഓഗസ്റ്റ് (H.S.) പെട്രോളിലെ എഥനോളിന്റെ അളവ് നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവ
Supreme Court


New delhi, 31 ഓഗസ്റ്റ് (H.S.)

പെട്രോളിലെ എഥനോളിന്റെ അളവ് നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ഈ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍, ഹര്‍ജിക്കാരന് ആവശ്യമെങ്കില്‍ ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അഭിഭാഷകനായ നരേന്ദ്ര കുമാര്‍ ഗോസ്വാമിയാണ് ഈ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യത്ത് വില്‍ക്കുന്ന പെട്രോളിലെ എഥനോള്‍ മിശ്രിതത്തിന്റെ കൃത്യമായ ശതമാനം ഓരോ ഉപഭോക്താവിനും ലഭിക്കുന്ന ഇന്ധന ബില്ലുകളില്‍ വ്യക്തമായി രേഖപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

രാജ്യത്തെ നിലവിലുള്ള ഓരോ വാഹനത്തിലും എത്ര ശതമാനം എഥനോള്‍ അടങ്ങിയ പെട്രോള്‍ ഉപയോഗിക്കാം എന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക ഡാറ്റാബേസ് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. നിര്‍മാതാക്കള്‍, മോഡല്‍, എഞ്ചിന്‍ ടൈപ്പ്, നിര്‍മിച്ച വര്‍ഷം എന്നിവ നല്‍കി പൊതുജനങ്ങള്‍ക്ക് ഇത് സെര്‍ച്ച് ചെയ്യാന്‍ സാധിക്കണം.

പെട്രോളിയം മന്ത്രാലയം, ഉപരിതല ഗതാഗത മന്ത്രാലയം, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്, ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍മാര്‍ എന്നിവരടങ്ങുന്ന ഒരു സ്വതന്ത്ര സമിതി രൂപീകരിച്ച് E20 (20% എഥനോള്‍ അടങ്ങിയ പെട്രോള്‍) ഇന്ധനം നിലവിലുള്ള വാഹനങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ച് പൊതു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എഥനോള്‍ മിശ്രിതം ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത പഴയ വാഹനങ്ങള്‍ക്കായി കുറഞ്ഞ അളവില്‍ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ലഭ്യമാക്കുന്നതിനുള്ള വ്യക്തമായ ചട്ടക്കൂട് സര്‍ക്കാര്‍ തയ്യാറാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ഇത്തരമൊരു പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ആദ്യമേ തന്നെ രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിക്കുന്നതിന് പകരം, എന്തുകൊണ്ട് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുകൂടാ എന്ന് സുപ്രീം കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ഹൈക്കോടതിക്ക് മുന്‍പാകെ ഈ വാദങ്ങള്‍ ഉന്നയിക്കാനും അവിടുന്ന് ഉചിതമായ പരിഹാരം തേടാനുമുള്ള പൂര്‍ണ സ്വാതന്ത്ര്യം കോടതി ഹര്‍ജിക്കാരന് നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള മുന്‍ ഹര്‍ജികള്‍ സുപ്രീം കോടതി നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ് എന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ചൂണ്ടിക്കാണിച്ചു. താന്‍ നയത്തെയല്ല, മറിച്ച് ഉപഭോക്താക്കളുടെ അറിയാനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയെങ്കിലും, ഈ ഘട്ടത്തില്‍ നേരിട്ട് ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായില്ല. നിലവില്‍ രാജ്യത്ത് എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വിതരണം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഈ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതെങ്കിലും, സുപ്രീം കോടതി ഇത് ഫയലില്‍ സ്വീകരിക്കാതെ ഹൈക്കോടതിയെ സമീപിക്കാന്‍ ഉത്തരവിടുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News