Enter your Email Address to subscribe to our newsletters

Kannur, 31 ഓഗസ്റ്റ് (H.S.)
യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച എസ്എഫ്ഐ നേതാവിനെ പുറത്താക്കി സിപിഎം. കേസില്‍ ഉള്‍പ്പെട്ട എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് നവനീതിനെ പുറത്താക്കിയതായി സിപിഎം ചുഴലി ലോക്കല്‍ കമ്മിറ്റി അറിയിച്ചു. എസ്എഫ്ഐ, ബാലസംഘം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എന്നീ പദവികളില്‍നിന്നെല്ലാം ഇതോടെ നവനീത് പുറത്തായി.
പൈസക്കരി ദേവമാതാ കോളേജിലെ എസ്എഫ്ഐ നേതാവും സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറുമായിരുന്നു ചുഴലി സ്വദേശിയായ നവനീത്. കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയിലായിരുന്നു നവനീതിനെതിരെ ശ്രീകണ്ഠപുരം പോലീസ് കേസെടുത്തിരുന്നത്. ഈ മാസം 20-ന് ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വീട്ടിലെ കുളിമുറിയില്‍ കുളിക്കുന്നതിനിടെ ഇയാള്‍ ഒളിഞ്ഞിരുന്ന് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
യുവാവിനെ കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും പിന്നീട് അറസ്റ്റുരേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. അതേസമയം, പ്രതിക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകളാണെന്നും ഇയാളെ പോലീസ് സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് ആഭ്യന്തരമന്ത്രിക്ക് യുവതി പരാതി നല്‍കിയിരുന്നു.
മൊഴി കൃത്യമായി പോലീസ് രേഖപ്പെടുത്തിയില്ലെന്നും പ്രതിക്ക് മാനസികരോഗം ഉണ്ടെന്ന് പോലീസ് വരുത്തിതീര്‍ക്കുന്നു എന്നുമാണ് യുവതിയുടെ ആരോപണം. ഈ പരാതി ആഭ്യന്തരമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു. അതേസമയം, പാര്‍ട്ടി നേതൃത്വം ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
---------------
Hindusthan Samachar / Sreejith S