Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം, ഓഗസ്റ്റ് 31, 2026: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളില്‍ ആഭ്യന്തര കാര്‍ഗോ കൈകാര്യം ചെയ്യുന്നതില്‍ 41% വളര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ പ്രതിമാസം ശരാശരി 350 മെട്രിക് ടണ്‍ ചരക്ക് ആണ് ആഭ്യന്തര കാര്‍ഗോ വിഭാഗം കൈകാര്യം ചെയ്യുന്നത്.
ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കൊറിയര്‍ ചരക്കുകള്‍, റബര്‍ ചെടികള്‍, അലങ്കാര മത്സ്യങ്ങള്‍ എന്നിവയാണ് പ്രധാനമായും ആഭ്യന്തര കാര്‍ഗോ വഴി കൈകാര്യം ചെയ്യുന്നത്.
റബ്ബര്‍ തൈകള്‍ കേരളത്തില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും അലങ്കാര മത്സ്യങ്ങള്‍ ഡല്‍ഹി, ആഗ്ര, ജമ്മു തുടങ്ങിയ കേന്ദ്രങ്ങളിലേക്കുമാണ് കയറ്റി അയക്കുന്നത്. മരുന്നുകള്‍, വാക്സിനുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മാംസ ഉല്‍പ്പന്നങ്ങള്‍, വാഹന സ്‌പെയര്‍ പാര്‍ട്‌സ് തുടങ്ങിയവയാണ് പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്.
''ആഭ്യന്തര കാര്‍ഗോയിലെ ശക്തമായ വളര്‍ച്ച ബിസിനസ് സ്ഥാപനങ്ങള്‍ക്കും ലോജിസ്റ്റിക്സ് പങ്കാളികള്‍ക്കും തിരുവനന്തപുരം വിമാനത്താവളത്തിലുള്ള വര്‍ധിച്ചുവരുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ്. വിഴിഞ്ഞം പ്രധാന സമുദ്ര കവാടമായി ഉയരുന്ന സാഹചര്യത്തില്‍, വ്യോമ-കടല്‍ കാര്‍ഗോ ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ മേഖലയിലെ സംയോജിത ലോജിസ്റ്റിക്സ് സാധ്യതകള്‍ കൂടുതല്‍ വികസിപ്പിക്കാനാകും,'' തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വക്താവ് പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പൂര്‍ണതോതിലുള്ള എക്‌സിം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തിനും വിഴിഞ്ഞം തുറമുഖത്തിനുമിടയിലെ വ്യോമ-കടല്‍ ചരക്ക് ഗതാഗത ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ തുറന്നിരിക്കുകയാണ്. ഇത് കേരളത്തെ ഒരു പ്രധാന ബഹുമുഖ ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിനും ദേശീയ-ആഗോള വിതരണ ശൃംഖലയില്‍ സംസ്ഥാനത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനും സഹായകമാകും.
---------------
Hindusthan Samachar / Sreejith S