59 രാജ്യങ്ങൾക്ക് മേൽ പുതിയ ആഗോള താരിഫ് ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ 25 യുഎസ് സംസ്ഥാനങ്ങൾ കോടതിയിൽ: ഇന്ത്യയ്ക്കുള്ള പ്രത്യാഘാതങ്ങൾ എന്ത്?
Washington, 04 ഓഗസ്റ്റ് (H.S.) വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെ 59 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ പുതിയ ആഗോള താരിഫ് (ചുങ്കം) ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയിലെ 25 സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചു. നിർബന്ധി
59 രാജ്യങ്ങൾക്ക് മേൽ പുതിയ ആഗോള താരിഫ് ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ 25 യുഎസ് സംസ്ഥാനങ്ങൾ കോടതിയിൽ: ഇന്ത്യയ്ക്കുള്ള പ്രത്യാഘാതങ്ങൾ എന്ത്?


Washington, 04 ഓഗസ്റ്റ് (H.S.)

വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെ 59 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ പുതിയ ആഗോള താരിഫ് (ചുങ്കം) ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയിലെ 25 സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചു. നിർബന്ധിത തൊഴിൽ (forced labour) ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കെതിരെയുള്ള ആഗോള നടപടിയുടെ ഭാഗമായാണ് കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഇന്ത്യയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ഇരട്ട അക്ക താരിഫ് പ്രഖ്യാപിച്ചത്. എന്നാൽ ഈ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള 25 സംസ്ഥാനങ്ങൾ ഇപ്പോൾ ട്രംപ് ഭരണകൂടത്തിനെതിരെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ഭരണകൂടത്തിനെതിരെ വീണ്ടും കോടതിയിൽ

നേരത്തെ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ സമാനമായ ആഗോള താരിഫുകൾ യുഎസ് ഫെഡറൽ കോടതി റദ്ദാക്കിയിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ 10 ശതമാനം താരിഫ് ഏർപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നും അത് കോൺഗ്രസ് പ്രസിഡന്റിന് നൽകിയിട്ടുള്ള അധികാരം ലംഘിക്കുന്നതാണെന്നുമാണ് ന്യൂയോർക്കിലെ ഇന്റർനാഷണൽ ട്രേഡ് കോടതിയുടെ മൂന്നംഗ ബെഞ്ച് അന്ന് വിധിച്ചത്.

സുപ്രീം കോടതിയിൽ പരാജയപ്പെട്ടതിന് ശേഷം, പുതിയ താരിഫുകളിലൂടെ സാധാരണ കുടുംബങ്ങൾക്കും ബിസിനസുകൾക്കും മേൽ നിയമവിരുദ്ധമായി നികുതി ഭാരം അടിച്ചേൽപ്പിക്കാനാണ് ഭരണകൂടം വീണ്ടും ശ്രമിക്കുന്നത്, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് പ്രതികരിച്ചു. ന്യൂയോർക്ക്, കാലിഫോർണിയ, കൊളറാഡോ, ഇല്ലിനോയിസ്, മേരിലാൻഡ്, മസാച്യുസെറ്റ്സ്, മിഷിഗൺ, മിനസോട്ട, പെൻസിൽവാനിയ, വാഷിംഗ്ടൺ തുടങ്ങി ഇരുപത്തിയഞ്ചോളം സംസ്ഥാനങ്ങളാണ് ഇപ്പോൾ ട്രംപിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

താരിഫ് വ്യത്യാസങ്ങളും കാരണങ്ങളും

നിർബന്ധിത തൊഴിലിനെതിരെ കർശനമായ നിയമങ്ങളില്ലാത്ത രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ താരിഫ് ഘടന തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം നിയമങ്ങൾ ഇല്ലാത്തതോ ദുർബലമായ നിയമങ്ങളുള്ളതോ ആയ ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ ഉയർന്ന 12.5 ശതമാനം താരിഫ് സ്ലാബിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഇത്തരം ചൂഷണങ്ങൾ തടയാൻ നിയമമുള്ളതോ അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതോ ആയ ഇന്ത്യ, ശ്രീലങ്ക, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങൾക്ക് താരതമ്യേന കുറഞ്ഞ 10 ശതമാനം താരിഫാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎസ്-മെക്സിക്കോ-കാനഡ കരാറിന് (USMCA) കീഴിൽ വരുന്ന ഉൽപ്പന്നങ്ങളെയും എണ്ണ, പ്രകൃതിവാതക ഇറക്കുമതിയെയും ഈ താരിഫുകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഡെഡ്ലൈനിന് മുൻപ് ഗതാഗതത്തിലുള്ള (in-transit) ചരക്കുകൾക്ക് ജൂലായ് 28 വരെ ഇളവുകളും അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ കുറഞ്ഞ താരിഫ് നിരക്ക് വലിയൊരു ആശ്വാസമാണ്. എന്നാൽ തുടക്കത്തിൽ ജൂണിൽ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) പുതിയ നയം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയെ ഉയർന്ന താരിഫ് സ്ലാബായ 12.5 ശതമാനത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ കേന്ദ്ര വാണിജ്യ മന്ത്രാലയം ജൂൺ 14-ന് വിദേശ വ്യാപാര നയത്തിൽ വരുത്തിയ സുപ്രധാന ഭേദഗതിയാണ് ഇന്ത്യയ്ക്ക് തുണയായത്. നിർബന്ധിത തൊഴിലിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കർശനമായി നിയന്ത്രിക്കുന്നതായിരുന്നു ഈ നയം.

ഇതിന് പുറമെ ഏകപക്ഷീയമായ താരിഫുകൾക്ക് പകരം അമേരിക്കയുമായി നിരന്തരമായ നയതന്ത്ര ചർച്ചകൾ നടത്തുന്നതിലും ഉഭയകക്ഷി ബന്ധത്തിലൂടെ പ്രശ്നം പരിഹരിക്കുന്നതിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചു. ജൂൺ, ജൂലായ് മാസങ്ങളിലെ നിരന്തരമായ നയതന്ത്ര ഇടപെടലുകളുടെ ഫലമായി, ജൂലൈ 23-ന് പുതിയ താരിഫ് ഘടനയിൽ ഒപ്പുവെയ്ക്കുന്നതിന് മുൻപ് ഇന്ത്യയെ കുറഞ്ഞ സ്ലാബിലേക്ക് മാറ്റാൻ അമേരിക്കൻ വ്യാപാര ഉദ്യോഗസ്ഥർ തയ്യാറാവുകയായിരുന്നു.

ഈ മാറ്റം ഇന്ത്യൻ കയറ്റുമതിക്കാർക്ക് 2.5 ശതമാനത്തിന്റെ വലിയ സാമ്പത്തിക ലാഭമാണ് നൽകുന്നത്. തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, വാഹനങ്ങളുടെ നിർമ്മാണ ഘടകങ്ങൾ (auto components) തുടങ്ങിയ സുപ്രധാന മേഖലകൾക്ക് ഈ ഇളവ് വലിയ തോതിൽ ഗുണകരമാകും. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം പിഴ താരിഫ് അടുത്തിടെ വാഷിംഗ്ടൺ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ താരിഫ് ഇളവും ലഭിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ അയയുന്നതിന്റെ വ്യക്തമായ സൂചനയായാണ് സാമ്പത്തിക വിദഗ്ധർ ഈ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്.

---------------

Hindusthan Samachar / Roshith K


Latest News