Enter your Email Address to subscribe to our newsletters

Thiruvananthapuram , 04 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്തെ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ വിദ്യാഭ്യാസം, ഗവേഷണം, ചികിത്സ, ഔഷധ വികസനം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് കേരള ആയുഷ് സർവകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. സ്വതന്ത്ര സർവകലാശാലയുടെ ബില്ലിൻ്റെ കരട് തയാറാക്കാൻ നാലംഗ സമിതി രൂപീകരിച്ച് ഉത്തരവായതായി മന്ത്രി കെ മുരളീധരൻ അറിയിച്ചു. ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്സണും നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ കൺവീനറുമായ സമിതിയിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ എന്നിവർ അംഗങ്ങളുമാണ്.
ആയുഷ്മേഖലയിൽ പുതിയ അക്കാദമിക് സംവിധാനം ഒരുക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പാണിതെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. നിലവിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും ആയുഷ് മേഖലയിൽ സമഗ്രമായ പഠന- ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ സർവകലാശാല വിഭാവനം ചെയ്യുന്നത്. തൃപ്പൂണിത്തുറയിലെ സ്കൂൾ ഓഫ് ഫണ്ടമെൻ്റൽ റിസർച്ച് ഇൻ ആയുർവേദ ആസ്ഥാനമാക്കിയാണ് സർവകലാശാല സ്ഥാപിക്കുന്നത്.
ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവിലെ പ്രവർത്തനങ്ങൾ, സർവകലാശാലയുടെ ഘടന, അക്കാദമിക് സംവിധാനങ്ങൾ, ഗവേഷണ പദ്ധതികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാകും ബില്ലിൻ്റെ കരട് തയാറാക്കുക. രണ്ടുമാസത്തിനകം കേരള ആയുഷ് സർവകലാശാല ബില്ലിൻ്റെ കരട് തയാറാക്കി സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ ആയുഷ് ചികിത്സാ ശാഖകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, കൂടുതൽ ഗവേഷണ സാധ്യതകൾ കണ്ടെത്തുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സംവിധാനങ്ങൾ ഒരുക്കുക എന്നിവയാണ് പുതിയ സർവകലാശാലയുടെ ലക്ഷ്യങ്ങൾ.
സ്വതന്ത്ര സർവകലാശാല നിലവിൽ വരുന്നതോടെ ആയുഷ് വിദ്യാഭ്യാസം, ഗവേഷണം, ക്ലിനിക്കൽ പഠനങ്ങൾ, ഔഷധ വികസനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും കേരളത്തിൻ്റെ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾക്ക് ദേശീയ- അന്തർദേശീയ തലത്തിൽ കൂടുതൽ അംഗീകാരം നേടാൻ സഹായിക്കുമെന്നും മന്ത്രി കെ മുരളീധരൻ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR