മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി.
Ernakulam , 04 ഓഗസ്റ്റ് (H.S.) മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. നാല് മാസത്തിനകം വിചാരണ പൂര്ത്തിയാക്കി വിധി പറയണമെന്നാണ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിക്ക് ഹൈക്കോട
Abhimanyu murder case


Ernakulam , 04 ഓഗസ്റ്റ് (H.S.)

മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. നാല് മാസത്തിനകം വിചാരണ പൂര്ത്തിയാക്കി വിധി പറയണമെന്നാണ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയത്. ഇനി സമയപരിധി നീട്ടി നല്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

അഭിമന്യുവിൻ്റെ അമ്മ ഭൂപതിയുടെ ഹര്ജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് നിർദേശം നൽകിയത്. കേസിൻ്റെ വിചാരണ നടപടികൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. എന്നാൽ സാക്ഷി വിസ്താരം എന്ന് തുടങ്ങുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. 2024 ലാണ് കേസിൽ വിചാരണ വൈകുന്നുവെന്ന ആക്ഷേപം ചൂണ്ടിക്കാട്ടി അഭിമന്യൂവിൻ്റെ അമ്മ ഭൂപതി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞയാഴ്ച കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഉൾപ്പെടെ അഞ്ച് പ്രതികൾ നൽകിയ ഹർജിയാണ് കോടതി നിരസിച്ചത്. ഇതോടെ കേസിൽ എറണാകുളം സെഷൻസ് കോടതിയിൽ നടക്കാനിരിക്കുന്ന വിചാരണ നടപടികളുമായി പ്രൊസിക്യൂഷന് മുന്നോട്ട് പോകാമെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

കേസിലെ 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ പൂർണമായ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപാണ് വിചാരണ തുടങ്ങുന്നതെന്നും, അതിനാൽ നടപടികൾ നിർത്തിവെക്കണം എന്നതുമായിരുന്നു പ്രതിഭാഗത്തിൻ്റെ പ്രധാന വാദം. എന്നാൽ ഈ വാദത്തെ പ്രൊസിക്യൂഷൻ ശക്തമായി എതിർത്തു.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആദ്യ 16 പ്രതികളുടെ വിചാരണയാണ് ഇപ്പോൾ ആരംഭിക്കുന്നത്. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവർക്കുമെതിരെയുള്ള അനുബന്ധ കുറ്റപത്രം ഉടൻ തന്നെ സമർപ്പിക്കുമെന്നും പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത് ആദ്യഘട്ട വിചാരണയെ ബാധിക്കില്ലെന്ന സർക്കാരിൻ്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ ക്യാമ്പസ് കൊലപാതകങ്ങളിൽ ഒന്നായ അഭിമന്യു വധക്കേസിൽ, നീതി നടപ്പാക്കുന്നതിനെ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിൻ്റെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്. കൊലപാതകം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങൾക്ക് കോടതി വിരാമമിട്ടിരിക്കുകയാണ്. വരാനിരിക്കുന്ന ദിവസങ്ങളിൽ എറണാകുളം സെഷൻസ് കോടതി വിചാരണ തീയതി പ്രഖ്യാപിക്കുന്നതോടെ, ഈ ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിലെ ഇരയ്ക്കും കുടുംബത്തിനും അർഹമായ നീതി എത്രയും വേഗം ലഭ്യമാകുമെന്നാണ് പൊതുസമൂഹവും നിയമവൃത്തങ്ങളും പ്രതീക്ഷിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News