Enter your Email Address to subscribe to our newsletters

Kannur , 04 ഓഗസ്റ്റ് (H.S.)
കനത്ത മഴയെത്തുടര്ന്നുണ്ടായ ഒഴുക്കില്പ്പെട്ട് കണ്ണൂര് ജില്ലയില് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള് കണ്ടെടുത്തു. ഇരിട്ടി സ്വദേശി ഹനീഫ, തിരുവനന്തപുരം സ്വദേശി ആര് രാജേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് തെരച്ചില്സംഘം കണ്ടെടുത്തത്.
കാഞ്ഞിരപ്പുഴ പാലത്തിന് 200ഓളം മീറ്റര് അകലെ നിന്നാണ് ഹനീഫയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി തലശ്ശേരി ജനറല് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്ട്ടത്തിനായി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുഴയിൽ നിന്ന് തേങ്ങ പെറുക്കുന്നതിനിടെയായിരുന്നു ഹനീഫയെ കാണാതായത്.
ചെറുപുഴ മീന്തുള്ളിയില് രക്ഷാപ്രവര്ത്തനത്തിനിടെയാണ് തിരുവനന്തപുരം സ്വദേശി ആര് രാജേഷ് ഒഴുക്കില്പ്പെട്ടത്. തേജസ്വിനി പുഴയ്ക്ക് നടുവിലെ തുരുത്തില് നിന്ന് ഇന്ന് ഉച്ചയോടെയാണ് രാജേഷിൻ്റെ മൃതദേഹം ലഭിച്ചത്. കേരള, കര്ണടാക വനംവകുപ്പ് സംയുക്ത സംഘത്തിൻ്റെ നേതൃത്വത്തില് കര്ണാടക വനത്തിലായിരുന്നു രാജേഷിനായി തെരച്ചില് ആരംഭിച്ചത്. തളിപ്പറമ്പ് റേഞ്ച്, വീരാജ്പേട്ട മുണ്ട്രോത്ത് റേഞ്ചുകളില് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര് ഉള്പ്പെടെ നാല്പതോളം പേരായിരുന്നു തെരച്ചില് സംഘത്തിലുണ്ടായിരുന്നത്.
രക്ഷാപ്രവര്ത്തനത്തിനിടെ ജീവന് വെടിഞ്ഞ ഹീറോ
മികച്ച നീന്തൽ വിദഗ്ധനായ 34 വയസ്സുകാരൻ രാജേഷ്, ചെറുപുഴയിൽ ഉരുൾപൊട്ടലിൽ വെള്ളത്തിൽ അകപ്പെട്ട ബെന്നി എന്നയാളെ രക്ഷിക്കുന്നതിനിടയാണ് പുഴയിൽ വീണത്. കർണാടക വനത്തിൽ ഉരുൾപൊട്ടിയെന്ന് അറിഞ്ഞപ്പോള് മീന്തുള്ളി നോര്ത്തിലെ കൃഷിയിടത്തില് വെള്ളം കയറുമെന്ന് കരുതി അവിടെയുള്ള മെഷിനറികള് എടുക്കാന് പോയതായിരുന്നു ബെന്നി. കൃഷിയിടത്തിലേക്ക് പോകുമ്പോള് കാല് പാദത്തിനൊപ്പം മാത്രമെ വെള്ളമുണ്ടായിരുന്നുള്ളൂ. തിരികെ മടങ്ങാനിരിക്കെ നിമിഷങ്ങള് കൊണ്ടാണ് മലവെള്ളം കുത്തിയൊലിച്ചെത്തിയത്. കൃഷിയിടത്തിന് ഇരുവശത്ത് കൂടിയും വെള്ളം ശക്തമായി ഒലിച്ചെത്തിയതോടെ മറുകര പറ്റുക പ്രയാസകരമാണെന്ന് മനസിലായി.
വെള്ളത്തിന്റെ ശക്തമായ കുത്തൊലിപ്പില് കാലിടറിയതോടെ കൈയിലുണ്ടായിരുന്ന മൊബൈല് ഫോണും തെറിച്ച് വെള്ളത്തില് വീണു. വെള്ളത്തില് പിടിച്ച് നില്ക്കാനായി ധരിച്ചിരുന്ന ഷര്ട്ടും ഊരിവിട്ടു. പിന്നാലെ കൃഷിയിടത്തില് സ്ഥാപിച്ചിരുന്ന ഷെഡ് അടക്കം ഒഴുകിപ്പോയി. അപ്പോഴേക്കും വെള്ളം കഴുത്തറ്റം എത്തിയിരുന്നു. അതോടെ സമീപത്തെ തെങ്ങില് കെട്ടി പിടിച്ച് നിന്നു.
മരണത്തെ മുഖാമുഖം കണ്ടുനില്ക്കവേയാണ് രാജേഷും സുഹൃത്തുക്കളും ബെന്നിയുടെ രക്ഷയ്ക്കെത്തിയത്. കരയില് നിന്നും ഏകദേശം 50 മീറ്റര് ദൂരത്താണ് വെള്ളക്കെട്ടില് ബെന്നി നിന്നത്. അത്രയും നീളമുള്ള വടം രാജേഷും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എറിഞ്ഞ് കൊടുത്തു. എറിഞ്ഞ് കൊടുത്ത കയര് കെട്ടുന്നതിനിടെ ബെന്നിയുടെ വിരല് അതിനകത്ത് കുരുങ്ങി മുറിഞ്ഞു. വെള്ളത്തെ അതിജീവിച്ച് കയറില് നിന്നും വിരലെടുക്കുമ്പോഴേക്കും രാജേഷ് നീന്തി അടുത്തെത്തിയിരുന്നു. പിന്നാലെ അദ്ദേഹം ധരിച്ച ജാക്കറ്റ് ഊരിയെ ബെന്നിയെ ധരിപ്പിച്ചു.
തുടര്ന്ന് കരയെ ലക്ഷ്യമിട്ട് ഇരുവരും നീങ്ങി. ഏകദേശം കരയോട് അടുത്തെത്താനായപ്പോള് തിരിഞ്ഞ് നോക്കിയപ്പോഴാണ് രാജേഷ് ഒഴുക്കില്പ്പെട്ടത് ബെന്നി കണ്ടത്. ശക്തമായ കുത്തൊഴുക്കില് കരയിലേക്ക് നീന്താനാകാതെ വെള്ളത്തില് മുങ്ങിയ രാജേഷിനെ പിന്നെ കാണാതാകുകയായിരുന്നെന്ന് ബെന്നി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR