സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെയും സ്ത്രീകളെയും അധിക്ഷേപിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പ്രസംഗം വിവാദത്തിൽ.
Thiruvananthapuram, 04 ഓഗസ്റ്റ് (H.S.) സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെയും സ്ത്രീകളെയും അധിക്ഷേപിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പ്രസംഗം വിവാദത്തിൽ. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നും എന്നാൽ മ
C P John


Thiruvananthapuram, 04 ഓഗസ്റ്റ് (H.S.)

സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെയും സ്ത്രീകളെയും അധിക്ഷേപിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പ്രസംഗം വിവാദത്തിൽ. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിലാണ് പഠിപ്പിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ വിമർശനം. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാമർശം സ്വയംവിമർശനമാണെന്നും മന്ത്രി പിന്നീട് പ്രതികരിച്ചു.

പാലക്കാട് നടന്ന കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗജന്യ യാത്ര അനുവദിച്ചതോടെ സ്ത്രീകൾ ബസുകളിൽ തിക്കിത്തിരക്കി കയറുകയാണ്. പൈസ നൽകേണ്ടാത്ത കെഎസ്ആർടിസി ബസിൽ കയറുന്ന ഇവർ, മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നു. ഫീസില്ലാത്ത സർക്കാർ സ്കൂളിൽ പോലും മക്കളെ വിടില്ല. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പണക്കാർ പാവപ്പെട്ടവരായി അഭിനയിക്കുകയാണെന്ന തരത്തിലായിരുന്നു മന്ത്രിയുടെ വിമർശനം.

പരാമർശം സ്വയംവിമർശനമെന്ന് മന്ത്രി

പ്രസ്താവന വലിയ വിവാദമായതോടെ വിശദീകരണവുമായി സി.പി. ജോൺ രംഗത്തെത്തി. താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും സൗജന്യയാത്ര സ്ത്രീകളുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ പരാമർശം ഒരു സ്വയംവിമർശനമായി കണ്ടാൽ മതിയെന്നാണ് മന്ത്രി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.

സ്ത്രീകളെ അവഹേളിച്ചു: പി.കെ. ശ്രീമതി

പദ്ധതി നടപ്പിലാക്കിയിട്ട് സ്ത്രീകളെ ഇടിച്ചു താഴ്ത്തുന്നത് ശരിയല്ലെന്ന് സിപിഎം നേതാവ് പി.കെ. ശ്രീമതി പ്രതികരിച്ചു. മന്ത്രി സ്ത്രീകളെ അവഹേളിച്ചു. സി.പി. ജോൺ തൻ്റെ പരാമർശം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാരിൻ്റെ സൗജന്യം പറ്റുന്ന ആളുകൾ എന്ന രീതിയിൽ സ്ത്രീകളെ അപമാനിച്ച ഗതാഗത മന്ത്രിയുടെ പ്രസ്താവന ഇതിനോടകം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസത്തിനകം നടപ്പാക്കിയ സുപ്രധാന ക്ഷേമ പദ്ധതിയാണ് പ്രിയദർശിനി. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി വലിയ ഭരണനേട്ടമായാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്. പദ്ധതി നടപ്പാക്കിയ സമയത്ത്, ഇത് സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല, മറിച്ച് അവരുടെ അവകാശമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.

ഉയർന്ന വരുമാനക്കാർക്കും ശമ്പളക്കാർക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ തുടക്കത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും, എല്ലാ വിഭാഗം സ്ത്രീകൾക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിന് പദ്ധതി വലിയ തോതിൽ ഗുണകരമായെന്ന് സർക്കാർ വിലയിരുത്തുമ്പോഴാണ് ഗതാഗത മന്ത്രിയുടെ ഭാഗത്തുനിന്നുതന്നെ അധിക്ഷേപകരമായ പരാമർശം ഉണ്ടായിരിക്കുന്നത്. സാധാരണക്കാരായ നിരവധി സ്ത്രീകൾക്ക് ആശ്രയമായ പദ്ധതിയെ, കേവലം സൗജന്യം പറ്റുന്നവരുടെ ഇടപാടായി ചിത്രീകരിക്കുന്നതാണ് മന്ത്രിയുടെ വാക്കുകൾ.

സ്വകാര്യ ബസ് ഉടമകളെ പ്രീതിപ്പെടുത്താനാണ് മന്ത്രി ഇത്തരമൊരു പരാമർശം നടത്തിയതെന്ന ആക്ഷേപവും ശക്തമാണ്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി നേരത്തെ തന്നെ ബസ് ഉടമകൾ പരാതിപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിൽ കൂടിയാണ് സ്വകാര്യ ബസ് ഉടമകളുടെ വേദിയിൽ വച്ച് മന്ത്രിയുടെ വിവാദ പ്രസംഗം ഉണ്ടായിരിക്കുന്നത്. സൗജന്യ യാത്ര ചെയ്യുന്നവർ തങ്ങളുടെ മക്കളെ മികച്ച ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുവെന്ന കണ്ടെത്തൽ തികച്ചും അടിസ്ഥാനരഹിതമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാരിൻ്റെ അഭിമാന പദ്ധതികളിലൊന്നായി വിലയിരുത്തപ്പെടുന്ന പ്രിയദർശിനി പദ്ധതിയെക്കുറിച്ച് സ്വന്തം മന്ത്രിസഭയിലെ അംഗം തന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയത് സർക്കാരിനെയും വെട്ടിലാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News