മരിച്ച അധ്യാപകൻ്റെ ഭാര്യയ്ക്ക് 47 ലക്ഷം കുടുംബപെൻഷൻ ഒറ്റത്തവണയായി നൽകാൻ സർക്കാർ ഉത്തരവ്
Thiruvananthapuram, 04 ഓഗസ്റ്റ് (H.S.) ചേർത്തല എൻഎസ്എസ് കോളജിൽ അസോസിയേറ്റ് പ്രൊഫസറായിരിക്കെ 2010 സെപ്റ്റംബർ 13ന് മരിച്ച അധ്യാപകൻ്റെ ഭാര്യയ്ക്ക് നൽകേണ്ട കുടുംബപെൻഷൻ കുടിശികയായ 47,89,221 രൂപ ഒറ്റത്തവണയായി നൽകുന്നതിന് സർക്കാർ ഉത്തരവിറക്കി. 15 വർഷത്ത
FAMILY PENSION CASE


Thiruvananthapuram, 04 ഓഗസ്റ്റ് (H.S.)

ചേർത്തല എൻഎസ്എസ് കോളജിൽ അസോസിയേറ്റ് പ്രൊഫസറായിരിക്കെ 2010 സെപ്റ്റംബർ 13ന് മരിച്ച അധ്യാപകൻ്റെ ഭാര്യയ്ക്ക് നൽകേണ്ട കുടുംബപെൻഷൻ കുടിശികയായ 47,89,221 രൂപ ഒറ്റത്തവണയായി നൽകുന്നതിന് സർക്കാർ ഉത്തരവിറക്കി. 15 വർഷത്തിന് മുമ്പ് നൽകേണ്ട കുടിശിക ഇനിയും നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബന്ധപ്പെട്ട കോളജിൻ്റെയും കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെയും കാര്യാലയങ്ങളിൽ നിന്നുണ്ടായ വീഴ്ച കാരണമാണ് അനന്തരാവകാശികൾക്ക് ഭീമമായ തുക കുടുംബപെൻഷൻ കുടിശികയാവാൻ കാരണമെന്ന് സർക്കാരിന് ബോധ്യമായതായി ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇത്രയും വലിയ കാലതാമസമുണ്ടാകാനുള്ള കാരണത്തെകുറിച്ച് അടിയന്തരമായ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞു.

2010 സെപ്റ്റംബർ 14 മുതൽ 2024 ജൂലൈ 31 വരെയുള്ള യുജിസി കുടുംബ പെൻഷൻ പരിഷ്ക്കരണ കുടിശികയും 2014 ജനുവരി ഒന്നുമുതൽ 2019 ജൂൺ 30 വരെയുള്ള ക്ഷാമബത്ത കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കളുമാണ് പരാതിക്കാരിക്ക് നൽകാനുണ്ടായിരുന്നത്. കോളജിൽ നിന്നും പ്രപ്പോസൽ ലഭിക്കാൻ വൈകിയതിനാലാണ് കാലതാമസമുണ്ടായതെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനെ അറിയിച്ചിരുന്നു. ജൂലൈ ഏഴിന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരത്ത് നടത്തിയ സിറ്റിംഗിൽ ധനവകുപ്പ് അണ്ടർസെക്രട്ടറിയെയും ട്രഷറി ഡയറക്ടറെയും നേരിൽ കേട്ടു.

തുടർന്നാണ്, രണ്ടാഴ്ചയ്ക്കുള്ളിൽ പരാതിക്കാരിക്ക് നൽകേണ്ട മുഴുവൻ കുടിശികയും ഒറ്റത്തവണയായി നൽകണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചത്. വിധവയായ പരാതിക്കാരിക്ക് കുടിശിക നൽകാൻ ഇനിയും കാലതാമസമുണ്ടായാൽ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കേണ്ടി വരുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഓഗസ്റ്റ് 10 ന് എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കാനിരിക്കെയാണ് കുടിശിക നൽകാൻ തീരുമാനമുണ്ടായത്. മരിച്ച അധ്യാപകൻ ബി രവിന്ദ്രൻ പിള്ളയുടെ ഭാര്യ നോർത്ത് പറവൂർ സ്വദേശിനി ബീനാ രാധ സമർപ്പിച്ച പരാതിയിലാണ് നടപടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News