Enter your Email Address to subscribe to our newsletters

Thrissur , 04 ഓഗസ്റ്റ് (H.S.)
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു. ആദ്യം ഘട്ടം മണിക്കൂറിൽ മൂന്നൂറോളം ഭക്തർക്കാണ് ഓൺലൈൻ വഴി ദർശന സൗകര്യം ലഭിക്കുക. തിരക്ക് കുറയ്ക്കുന്നതിനും നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി ഗുരുവായൂർ ദേവസ്വമാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ ആരംഭിച്ചത്. ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലാണ് ഇത്തരത്തിൽ ട്രയൽ വെർച്വൽ ക്യൂ സൗകര്യം ലഭ്യമാകുക. പിന്നീട് ഘട്ടം ഘട്ടമായി ദിവസങ്ങളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തി സംവിധാനം നടപ്പാക്കുന്നതും ആലോചനയിലുണ്ട്.
ഒരു ദിവസം എട്ട് സ്ലോട്ടുകൾ വഴി 2,400 പേർക്ക് ദിവസേന ക്ഷേത്ര ദർശനം നടത്താൻ ഈ സംവിധാനം പ്രാപ്തമാക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ട്രയൽ വെർച്വൽ ക്യൂ സൗകര്യം ലഭ്യമാകും. ഓൺലൈൻ ബുക്കിംഗിലൂടെ ഒരു ദിവസം എട്ട് സ്ലോട്ടുകൾ വീതം 300 ഭക്തരെ ഉൾക്കൊള്ളാൻ കഴിയും. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും വൈകിട്ട് നാലു മുതൽ ആറുവരെയുമാണ് ഈ സൗകര്യം ലഭിക്കുക.
ക്ഷേത്രത്തിൽ പ്രവേശിക്കാൻ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ കാത്തിരിക്കേണ്ടി വരുന്ന ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഗണ്യമായി കുറയ്ക്കാൻ ഈ സംവിധാനം സഹായകമാകുമെന്ന് ഗോപിനാഥ് പറഞ്ഞു. പരീക്ഷണം വിജയകരമാണെന്ന് തെളിഞ്ഞാൽ, എല്ലാ ദിവസങ്ങളിലും ഈ സൗകര്യം വ്യാപിപ്പിക്കാൻ ദേവസ്വം പദ്ധതിയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഓണക്കാലത്തും മറ്റ് തീർത്ഥാടന സമയങ്ങളിലും ഈ സംവിധാനം പ്രത്യേകിച്ചും ഗുണം ചെയ്യും.
ഭക്തരുടെ ശ്രദ്ധയ്ക്ക്
ഓൺലൈനായി ദർശനം ബുക്ക് ചെയ്ത ഭക്തർ ദർശനത്തിനായി അനുവദിച്ച സമയത്ത് ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു. പരീക്ഷണടിസ്ഥാനത്തിൽ തുടങ്ങിയ വെർച്വൽ ക്യൂ ദർശനത്തിനായെത്തുന്ന ഭക്തർ ഓൺലൈനിൽ ബുക്ക് ചെയ്തതിൻ്റെ രസീതിയുമായി അര മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം. കിഴക്കേനടയിലെ ക്യൂ കോംപ്ലക്സിൻ്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വൽ ക്യൂ ദർശനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. ബുക്ക് ചെയ്യാനുപയോഗിച്ച തിരിച്ചറിയൽ രേഖ തന്നെ കയ്യിൽ കരുതണം. ഇത് സുരക്ഷാ ജീവനക്കാർക്ക് പരിശോധനക്കായി നൽകുവാൻ ഭക്തർ ശ്രദ്ധിക്കേണ്ടതാണ്.
ഇത് ദർശന പ്രക്രിയ കൂടുതൽ സൗകര്യപ്രദവും തടസ്സരഹിതവുമാക്കും. എല്ലാ ദിവസവും എട്ട് മണിക്കൂർ തടസമില്ലാത്ത വെർച്വൽ ക്യൂ പ്രവർത്തനം ഉണ്ടാകും. ആഗസ്റ്റിലെ വെർച്വൽ ക്യൂ സൗകര്യത്തിനായുള്ള ബുക്കിംഗ് ഇതിനകം പൂർത്തിയായതായും സെപ്റ്റംബറിലെ ഓൺലൈൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നും ഗുരുവായൂർ ദേവസ്വം നേരത്തെ ഒരു ഫേയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരുന്നു.
ഗുരുവായൂർ ദേവസ്വം വെബ്സൈറ്റായ www.guruvayurdevaswom.in വഴി ഭക്തർക്ക് ദർശന സ്ലോട്ടുകൾ ബുക്ക് ചെയ്യാം. വെർച്വൽ ക്യൂ സംവിധാനം ക്ഷേത്രത്തിൽ ഏർപ്പെടുത്തിയതിൽ നിരവധി ഭക്തർ ആശ്വാസം പ്രകടിപ്പിച്ചു. ദൂരെ നിന്ന് വരുന്ന ഭക്തർക്ക് മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കാതെ തടസ്സമില്ലാതെ ദർശനം നടത്താൻ ഇതിലൂടെ സാധിച്ചുവെന്ന് ഭക്തർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR