കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൻ്റെ വിചാരണ നടപടികളിൽ പ്രോസിക്യൂഷന് തിരിച്ചടി
Thiruvananthapuram , 04 ഓഗസ്റ്റ് (H.S.) സിറാജ് ദിനപത്രത്തിൻ്റെ മുൻ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൻ്റെ വിചാരണ നടപടികളിൽ പ്രോസിക്യൂഷന് തിരിച്ചടി. കേസിൽ ഏറ്റവും നിർണായകമായ ദൃക്സാക്ഷി മൊഴി നൽകിയ മൂന്നാം സാക്ഷിയും
KM Basheer


Thiruvananthapuram , 04 ഓഗസ്റ്റ് (H.S.)

സിറാജ് ദിനപത്രത്തിൻ്റെ മുൻ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൻ്റെ വിചാരണ നടപടികളിൽ പ്രോസിക്യൂഷന് തിരിച്ചടി. കേസിൽ ഏറ്റവും നിർണായകമായ ദൃക്സാക്ഷി മൊഴി നൽകിയ മൂന്നാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ ഷഫീഖ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണവേളയിൽ പ്രതിക്ക് അനുകൂലമായി കൂറുമാറി. അന്വേഷണ വേളയിൽ പ്രോസിക്യൂഷന് അനുകൂലമായി നൽകിയ രഹസ്യമൊഴിയാണ് വിചാരണ വേളയിൽ സാക്ഷി പൂർണമായും തിരുത്തിയത്.

മുൻപ് നൽകിയ രഹസ്യമൊഴിയും ഇപ്പോഴത്തെ കൂറുമാറ്റവും

അപകടം നടക്കുമ്പോൾ കാർ അമിതവേഗതയിൽ വന്ന് കെ എം ബഷീറിൻ്റെ ബൈക്കിൽ ഇടിക്കുന്നത് താൻ നേരിട്ട് കണ്ടെന്നായിരുന്നു ഷഫീഖ് നേരത്തെ പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ രഹസ്യമൊഴിയിൽ വ്യക്തമാക്കിയിരുന്നത്. വാഹനം ഓടിച്ചിരുന്നത് താടിവെച്ച ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ആണെന്ന് കൃത്യമായി തിരിച്ചറിഞ്ഞെന്നും അദ്ദേഹം അന്ന് മൊഴി നൽകിയിരുന്നു. എന്നാൽ, കോടതിയിൽ വിചാരണ ആരംഭിച്ചതോടെ ഈ നിലപാട് തിരുത്തിയ സാക്ഷി, പ്രതിഭാഗത്തിന് അനുകൂലമായ നിലപാടിലേക്ക് മാറുകയായിരുന്നു.

നാലാം സാക്ഷിയുടെ അനുകൂല മൊഴി

അതേസമയം, കേസിൽ നിർണായക സാക്ഷിയായ നാലാം സാക്ഷി പി ഡബ്ല്യു ഡി (PWD) ഓഫീസിലെ വാച്ച്മാൻ അനിൽ കുമാർ പ്രോസിക്യൂഷന് അനുകൂലമായ മൊഴി കോടതിയിൽ രേഖപ്പെടുത്തി. അപകടസമയത്ത് വലിയ ശബ്ദം കേട്ട് പുറത്തുവന്നപ്പോൾ കാർ ബൈക്കിൽ ഇടിച്ചു കിടക്കുന്നത് കണ്ടതായി അദ്ദേഹം മൊഴി നൽകി. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പറയുന്നത് കേട്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അന്ന് അപകടസ്ഥലത്ത് കണ്ട അതേ ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് ഇന്ന് കോടതിയിൽ ഹാജരായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സാക്ഷി പ്രതിയെ കൃത്യമായി തിരിച്ചറിയുകയും ചെയ്തു.

കേസിലെ ആരോപണങ്ങളും വിചാരണ പശ്ചാത്തലവും

കേസിൻ്റെ വിചാരണ നടപടികൾ പുരോഗമിക്കവെ ഇതുവരെ നാല് സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൃക്സാക്ഷിയാണ് ഇപ്പോൾ വിചാരണക്കിടെ മൊഴി മാറ്റിപ്പറഞ്ഞത്. നിലവിൽ സ്കിൽസ് എക്സലൻസി അക്കാദമി മാനേജിംഗ് ഡയറക്ടറായി പ്രവർത്തിക്കുന്ന ശ്രീറാം വെങ്കിട്ടരാമനാണ് കേസ്സിലെ ഏക പ്രതി.

മനഃപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായ രീതിയിലും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഐ എ എസ് ഉദ്യോഗസ്ഥനായ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീർ കൊല്ലപ്പെടുന്നത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി ബി എസ് രാജേഷ് ഹാജരായി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News