മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്.
Ernakulam , 04 ഓഗസ്റ്റ് (H.S.) മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്. കേസിൻ്റെ വിചാരണക്കോടതി മാറ്റിയതിനെതിരെ ബഷീറിൻ്റെ ഭാര്യ സി ജസീല നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വിഷയത്തിൽ
K M Basheer murder case


Ernakulam , 04 ഓഗസ്റ്റ് (H.S.)

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്. കേസിൻ്റെ വിചാരണക്കോടതി മാറ്റിയതിനെതിരെ ബഷീറിൻ്റെ ഭാര്യ സി ജസീല നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വിഷയത്തിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.

വിചാരണ അട്ടിമറിക്കാൻ ശ്രമം

കേസിൽ പ്രോസിക്യൂട്ടർമാരെ തുടർച്ചയായി മാറ്റുന്നതും പ്രതിഭാഗം അഭിഭാഷകൻ്റെ സൗകര്യാർഥം വിചാരണക്കോടതി മാറ്റിയതും ചോദ്യം ചെയ്താണ് ജസീല ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയിൽ നിന്ന് നാലാം അഡീഷനൽ സെഷൻസ് കോടതിയിലേക്കാണ് കേസ് മാറ്റിയത്. പ്രോസിക്യൂട്ടർമാരെ നിരന്തരം മാറ്റുന്നത് കേസിൻ്റെ വിചാരണ അട്ടിമറിക്കാൻ ഇടയാക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉന്നത സ്വാധീനമുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ, നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ പരിചയസമ്പന്നനായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വിചാരണക്കോടതി മാറ്റി അഡീഷനൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി കേസ് പഴയ വിചാരണക്കോടതിയിൽ തന്നെ തുടരാൻ നിർദേശം നൽകണമെന്നാണ് പ്രധാന ആവശ്യം.

ഏഴ് വർഷത്തിന് ശേഷം വിചാരണ

സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീർ 2019 ഓഗസ്റ്റ് മൂന്നിനാണ് തിരുവനന്തപുരം മ്യൂസിയം ജംക്ഷനിൽ വച്ചുണ്ടായ കാർ അപകടത്തിൽ കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്, സുഹൃത്ത് വഫ ഫിറോസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ഈ കേസിൽ നീണ്ട നാളത്തെ നിയമനടപടികൾക്കൊടുവിൽ ഏഴ് വർഷത്തിന് ശേഷം ഓഗസ്റ്റ് ഒന്നാം തീയതിയാണ് വിചാരണ നടപടികൾ ആരംഭിച്ചത്. നിലവിൽ കൃഷിവകുപ്പ് ഡയറക്ടറാണ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ. 37 ദിവസം നീണ്ടുനിൽക്കുന്ന വിസ്താരത്തിനായി പ്രോസിക്യൂഷൻ 100 സാക്ഷികളുടെ പട്ടികയാണ് കോടതിയിൽ സമർപ്പിച്ചത്. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്.

ഹൈക്കോടതിയുടെ മുൻ ഇടപെടലുകൾ

നേരത്തെ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തപ്പെട്ട കൊലക്കുറ്റം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഒഴിവാക്കിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച റിവിഷൻ ഹർജിയിലായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്. എന്നാൽ അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ശ്രീറാമിൻ്റെ സുഹൃത്ത് വഫ ഫിറോസിനെതിരായ, മദ്യപിച്ച് വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റം നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

നരഹത്യാക്കുറ്റം ചുമത്താൻ പര്യാപ്തമായ വസ്തുതകൾ കേസിലുണ്ടെന്നാണ് കോടതി വിലയിരുത്തിയത്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മദ്യത്തിൻ്റെ അംശമില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടെന്ന കാരണത്താൽ നരഹത്യാക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് വിലയിരുത്തിയ കോടതി, പ്രാഥമികമായ മറ്റ് തെളിവുകൾ പരിഗണിക്കുമ്പോൾ പ്രതി മദ്യപിച്ചുകൊണ്ടാണ് വാഹനമോടിച്ചതെന്ന് വ്യക്തമാണെന്നും നിരീക്ഷിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News