Enter your Email Address to subscribe to our newsletters

Ernakulam , 04 ഓഗസ്റ്റ് (H.S.)
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ (ഐസിജി) പുതിയ ബാച്ച് അസിസ്റ്റൻ്റ് കമാൻഡൻ്റുമാർ കോസ്റ്റ് ഗാർഡ് ലാ ആൻഡ് ഓപ്പറേഷൻസ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി ഔദ്യോഗിക സേവനത്തിലേക്ക് പ്രവേശിച്ചു. ഫോർട്ട് കൊച്ചിയിലെ നാലാം നമ്പർ കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സിൽ സംഘടിപ്പിച്ച പ്രൗഢമായ പാസിങ് ഔട്ട് പരേഡോടെ 42 യുവ ഉദ്യോഗസ്ഥരുടെ പരിശീലനമാണ് പൂർത്തിയായത്. വൈകാതെ തന്നെ ഇവർ രാജ്യത്തിൻ്റെ കടലുകളുടെ കാവലാളുകളായി സജീവ പ്രവർത്തനങ്ങളുടെ ഭാഗമാകും. രാജ്യത്തിൻ്റെ വിപുലമായ കടൽത്തീരങ്ങളുടെയും സമുദ്ര അതിർത്തികളുടെയും സംരക്ഷകരായി മാറുമെന്ന ദൃഢ നിശ്ചയത്തോടെയാണ് യുവ സേനാംഗങ്ങൾ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി മാറിയത്.
ചടങ്ങിൽ കോസ്റ്റ് ഗാർഡ് ജില്ലാ കമാൻഡർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആശിഷ് മെഹ്റോത്ര പരേഡിൻ്റെ അഭിവാദ്യം സ്വീകരിക്കുകയും മികച്ച വിജയം കൈവരിച്ച ഉദ്യോഗസ്ഥർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
അക്കാദമിക് വിഭാഗത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം നേടിയ അസിസ്റ്റൻ്റ് കമാൻഡൻ്റ് ഗൗരവ് ദ്വിവേദി അഭിമാനകരമായ 'സ്വാർഡ് ഓഫ് ഓണർ', 'ബുക്ക് പ്രൈസ്' എന്നിവ കരസ്ഥമാക്കി. കൂടാതെ, 81-ാമത് കോഴ്സിലെ അഫ്ലോട്ട്, ടെക്നിക്കൽ, കോസ്റ്റ് ഗാർഡ് ലാ ആൻഡ് ഓപ്പറേഷൻസ് പരിശീലനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം റാങ്ക് കൈവരിച്ച അസിസ്റ്റൻ്റ് കമാൻഡൻ്റ് തനുജ് കുമാറിന് 'ഡയറക്ടർ ജനറൽ സ്വാർഡ് ഓഫ് ഓണർ' സമ്മാനിച്ചു.
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ തീരസംരക്ഷണ സേനയുടെ ഭാഗമായി മാറുന്ന യുവ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് ഡിഐജി ആശിഷ് മെഹ്റോത്ര പ്രസംഗിച്ചു. സമുദ്ര അതിർത്തികളിൽ കാത്തിരിക്കുന്ന വലിയ ഉത്തരവാദിത്തങ്ങളെക്കുറിച്ചും നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു.
സേവനത്തിലും ജീവിതത്തിലും കൃത്യമായ മുൻഗണനകൾ നിശ്ചയിക്കാനുള്ള കഴിവ്, പ്രൊഫഷണലിസം, ഉയർന്ന ധാർമിക മൂല്യങ്ങൾ എന്നിവയുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. സ്വന്തം താൽപ്പര്യങ്ങൾക്ക് മുകളിൽ രാജ്യത്തിനും സേനയ്ക്കും പ്രഥമ പരിഗണന നൽകുന്ന നിലപാടാണ് ഓരോ ഉദ്യോഗസ്ഥൻ്റെയും വ്യക്തിത്വത്തിന് അടിത്തറയാകേണ്ടതെന്നും പ്രതികൂല ചുറ്റുപാടുകളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശീലനം പൂർത്തിയാക്കിയ 42 ഉദ്യോഗസ്ഥരും ഉടൻ തന്നെ രാജ്യത്തിൻ്റെ വിവിധ തീരപ്രദേശങ്ങളിലെ ഓപ്പറേഷൻ പ്ലാറ്റ്ഫോമുകളിൽ ചുമതലയേൽക്കും. സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR