Enter your Email Address to subscribe to our newsletters

Kannur , 04 ഓഗസ്റ്റ് (H.S.)
'അദ്ദേഹം പോയതില് ഒരുപാട് സങ്കടമുണ്ട്. ആളുകളെല്ലാം തനിക്കെതിരെയാണ് പറയുന്നത്. ഇങ്ങനെ വരുമെന്ന് കരുതിയല്ല അവിടെ പോയത്. വെള്ളം കയറുമെന്നറിഞ്ഞതോടെ കൃഷിയിടത്തിലെ മെഷിനറികളെല്ലാം എടുക്കാന് വേണ്ടി പോയതായിരുന്നു. കയറിട്ട് തന്നാല് മതി ഞാന് കയറി വന്നോളാമെന്ന് പറഞ്ഞെങ്കിലും അവര് വെള്ളത്തിലേക്കിറങ്ങുകയായിരുന്നു...'
രക്ഷാപ്രവര്ത്തനത്തിനിടെ ഒഴുക്കില്പ്പെട്ട് കാണാതായ റെപ്പലിങ് ഇന്സ്ട്രക്ടര് രാജേഷിനെ കുറിച്ചോര്ത്ത് സങ്കടപ്പെടുകയാണ് കോലുവള്ളി സ്വദേശിയായ ബെന്നി. മലവെള്ളപ്പാച്ചിലില് കുടുങ്ങിയ ബെന്നിയെ രക്ഷിക്കുന്നതിനിടെയാണ് തിരുവനന്തപുരം കല്ലിയൂര് സ്വദേശി രാജേഷ് ഒഴുക്കില്പ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നീന്തല് പരിശീലകന് കൂടിയായ രാജേഷിനെ കാണാതായത്.
കർണാടക വനത്തിൽ ഉരുൾപൊട്ടിയെന്ന് അറിഞ്ഞപ്പോള് മീന്തുള്ളി നോര്ത്തിലെ കൃഷിയിടത്തില് വെള്ളം കയറുമെന്ന് കരുതി അവിടെയുള്ള മെഷിനറികള് എടുക്കാന് വേണ്ടി പോയതായിരുന്നു ബെന്നി. കർണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള തുരുത്തിലാണ് ഈ കൃഷിയിടമുള്ളത്. കൃഷിയിടത്തിലേക്ക് പോകുമ്പോള് കാല് പാദത്തിനൊപ്പം മാത്രമെ വെള്ളമുണ്ടായിരുന്നുള്ളൂ.
കൃഷിയിടത്തിലെ കാപ്പി തൈകളില് പുഴയിലെ വെള്ളത്തിലൂടെ എത്തിയ ചപ്പുചവറുകള് കുടുങ്ങി കിടന്നിരുന്നു. അതെല്ലാം വേഗത്തില് നീക്കം ചെയ്തു. ശക്തമായ മഴ തിമിര്ത്ത് പെയ്യുമ്പോള് വേഗത്തില് മെഷിനറികളെല്ലാം എടുത്ത് തിരികെ മടങ്ങാനിരിക്കെ നിമിഷങ്ങള് കൊണ്ടാണ് മലവെള്ളം കുത്തിയൊലിച്ചെത്തിയത്. കൃഷിയിടത്തിന് ഇരുവശത്ത് കൂടിയും വെള്ളം ശക്തമായി ഒലിച്ചെത്തിയതോടെ മറുകര പറ്റുക പ്രയാസകരമാണെന്ന് മനസിലായി. ഇതോടെ ഫോണെടുത്ത് ഭാര്യ ആന്സിയെ വിളിച്ച് വിവരം അറിയിച്ചു.
അപ്പോഴേക്കും ജലനിരപ്പ് അപകടകരമാംവിധമായി. വെള്ളത്തിന്റെ ശക്തമായ കുത്തൊലിപ്പില് കാലിടറിയതോടെ കൈയിലുണ്ടായിരുന്ന മൊബൈല് ഫോണും തെറിച്ച് വെള്ളത്തില് വീണു. വെള്ളത്തില് പിടിച്ച് നില്ക്കാനായി ധരിച്ചിരുന്ന ഷര്ട്ടും ഊരിവിട്ടു. പിന്നാലെ കൃഷിയിടത്തില് സ്ഥാപിച്ചിരുന്ന ഷെഡ് അടക്കം ഒഴുകിപ്പോയി. അപ്പോഴേക്കും വെള്ളം കഴുത്തറ്റം എത്തിയിരുന്നു. അതോടെ സമീപത്തെ തെങ്ങില് കെട്ടി പിടിച്ച് നിന്നു.
നോക്കത്തെ ദൂരത്തോളം കുത്തിയൊലിച്ചെത്തി കലങ്ങിയൊഴുകുന്ന വെള്ളം. സമീപത്തെങ്ങും മറ്റാരുമില്ല. മരണത്തെ മുഖാമുഖം കണ്ടുനില്ക്കവേ ദൂരെ നിന്നും രാജേഷും സുഹൃത്തുക്കളും വരുന്നത് കണ്ടത്. കരയില് നിന്നും ഏകദേശം 50 മീറ്റര് ദൂരത്താണ് വെള്ളക്കെട്ടില് ബെന്നി നിന്നത്. അത്രയും നീളമുള്ള വടം രാജേഷും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എറിഞ്ഞ് കൊടുത്തു. എറിഞ്ഞ് കൊടുത്ത കയര് കെട്ടുന്നതിനിടെ ബെന്നിയുടെ വിരല് അതിനകത്ത് കുരുങ്ങി മുറിഞ്ഞു. വെള്ളത്തെ അതിജീവിച്ച് കയറില് നിന്നും വിരലെടുക്കുമ്പോഴേക്കും രാജേഷ് നീന്തി അടുത്തെത്തിയിരുന്നു. പിന്നാലെ അദ്ദേഹം ധരിച്ച ജാക്കറ്റ് ഊരിയെ ബെന്നിയെ ധരിപ്പിച്ചു.
തുടര്ന്ന് കരയെ ലക്ഷ്യമിട്ട് ഇരുവരും നീങ്ങി. ഏകദേശം കരയോട് അടുത്തെത്താനായപ്പോള് തിരിഞ്ഞ് നോക്കിയപ്പോഴാണ് രാജേഷ് ഒഴുക്കില്പ്പെട്ടത് ബെന്നി കണ്ടത്. ശക്തമായ കുത്തൊഴുക്കില് കരയിലേക്ക് നീന്താനാകാതെ വെള്ളത്തില് മുങ്ങിയ രാജേഷിനെ പിന്നെ കണ്ടില്ല... വളരെ വ്യസനത്തോടെയാണ് 55കാരനായ ബെന്നി ഇക്കാര്യം വിവരിച്ചത്.
ശനിയാഴ്ച്ച വെള്ളത്തില് കാണാതായ രാജേഷിനായി ഇപ്പോഴും കാര്യങ്കോട് പുഴയിലും സമീപ പ്രദേശങ്ങളിലും തെരച്ചില് തുടരുകയാണ്. റോപ്പ് ക്ലൈമ്പിങ്ങിൽ നിരവധി സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കി രാജേഷ് കണ്ണൂരിലെ മികച്ച നീന്തല് വിദഗ്ധന് കൂടിയാണ്. അതുകൊണ്ട് തന്നെ വെള്ളത്തിനൊപ്പം ഒഴുകി നീങ്ങി എവിടെയെങ്കിലും സുരക്ഷിതമായി കരയ്ക്ക് കയറിയിട്ടുണ്ടാകേണമേയെന്ന പ്രതീക്ഷയിലും പ്രാര്ഥനയിലുമാണ് ഈ നാട്.
ചെറുപുഴ കണ്ട ദുരിതപ്പെയ്ത്ത്
ചെറുപുഴ പഞ്ചായത്തില് ഇത്രയും നാശം വിതച്ച ഉരുള്പൊട്ടലും പേമാരിയും ഇതാദ്യമെന്ന് നാട്ടുകാര് പറയുന്നു. 40 വർഷത്തിനിടെ ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്നാണ് പഴമക്കാര് പറയുന്നത്. കൊളുവള്ളി പാൽ സൊസൈറ്റിയിലെ ജീവനക്കാർ മഴക്കെടുതിയുടെ നേർച്ചിത്രം തുറന്നു തന്നു. കമ്പ്യൂട്ടർ തത്ക്ഷണം മാറ്റിയതിനാൽ ഫയലുകൾ മാത്രം നഷ്ടമായി. പക്ഷെ എന്റെ അറിവിൽ ഇങ്ങനെയൊരു പ്രളയം ആദ്യമാണെന്ന് പാൽ സൊസൈറ്റി പ്രസിഡന്റ് ഗിൽബിച്ചൻ പറഞ്ഞു.
ഉയർന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലായി. പത്ത് മണിക്കൂർ കൊണ്ട് പെയ്തിറങ്ങിയത് 305 മില്ലിലിറ്റർ മഴയാണ്. ഉയർന്ന പ്രദേശങ്ങളായ രാജഗിരി, ജോസ് ഗിരി, മരുതം തട്ട് ചട്ടിവയൽ, തിരുമേനി, കോറളായി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി മണ്ണിടിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. കന്നിക്കള്ളത്ത് 11 വീടുകളിലും ജുമാ മസ്ജിദിലും ഗോഡൗണുകളിലും വെള്ളം കയറി നാശമുണ്ടായി.
പുളിങ്ങോം ഉമയം ചാലിൽ പാലത്തിന് സമീപത്തും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്ട്ട് ചെയ്തത്. താബോർ മുണ്ടേരി തട്ട് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞു. നിരവധി റോഡുകൾ മണ്ണിടിഞ്ഞ് പൂർണമായും ഗതാഗതം തടസപ്പെട്ടു. കോലുവള്ളി കമ്പി പാലവും പൂർണമായും തകർന്നു. കാസര്കോട് ജില്ലയിലെ ചിറ്റാരിക്കല് പഞ്ചായത്തുമായി ചെറുപ്പുഴയെ ബന്ധിപ്പിക്കുന്ന തൂക്കുപാലമാണിത്. പഞ്ചായത്തിലെ ഈസ്റ്റ് -വെസ്റ്റ് എളേരി വാര്ഡുകാര്ക്ക് ചെറുപ്പുഴയിലെ മീന്തുള്ളി- കോലുവള്ളി പ്രദേശത്തേക്കുള്ള ഏക യാത്രാമാര്ഗമാണ് ഈ തൂക്കൂപ്പാലം. കൂടാതെ രാജഗിരി ഉന്നതിയിലേക്കുള്ള മുളപ്പാളം മീന്തുള്ളി കോൺക്രീറ്റ് നടപ്പാലവും ശക്തമായ മഴയില് തകര്ന്നു.
ചെറുപുഴയില് വ്യാപക കൃഷിനാശം
പ്രാഥമിക കണക്കനുസരിച്ച് ചെറുപുഴ പഞ്ചായത്തിൽ മാത്രം 38 ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് കണക്ക്. ഗതാഗതം പുനഃസ്ഥാപിക്കാത്തതിനാൽ പലയിടത്തും ഇത് വരെയും എത്തിപ്പെടാൻ സാധിച്ചിട്ടില്ല. ഉരുൾപൊട്ടലിനെ തുടർന്ന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായ ചെറുപുഴ പഞ്ചായത്തിൽ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് നിലപാടിലാണ് പഞ്ചായത്തും. നിലവിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം മതിയാവില്ലെന്നും പ്രത്യേക പാക്കേജ് ആയി ചെറുപുഴ പഞ്ചായത്തിനെ പരിഗണിക്കണമെന്നും ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR