ശബരിമലയിലെ മിൽമ നെയ്യ് ഇടപാടിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ഹൈക്കോടതി.
Ernakulam , 04 ഓഗസ്റ്റ് (H.S.) ശബരിമലയിലെ മിൽമ നെയ്യ് ഇടപാടിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ഹൈക്കോടതി. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സംസ്ഥാന വിജിലൻസ് ഡയറക്ടർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് നിർദേശിച്ചു. ദേവസ്വം വിജി
High Court


Ernakulam , 04 ഓഗസ്റ്റ് (H.S.)

ശബരിമലയിലെ മിൽമ നെയ്യ് ഇടപാടിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ഹൈക്കോടതി. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സംസ്ഥാന വിജിലൻസ് ഡയറക്ടർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് നിർദേശിച്ചു.

ദേവസ്വം വിജിലൻസ് തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന വിജിലൻസ് മേധാവിക്ക് കൈമാറി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് ഉത്തരവ്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി പുരോഗതി ഹൈക്കോടതിയെ അറിയിക്കണം. അന്തിമ റിപ്പോർട്ട് കോടതിയുടെ അനുമതിയോടെ മാത്രമേ സമർപ്പിക്കാവൂ എന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു. സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.

ശബരിമലയിലെ പ്രധാന വഴിപാടായ നെയ്യഭിഷേകത്തിനും അരവണ, അപ്പം തുടങ്ങിയ പ്രസാദങ്ങളുടെ നിർമാണത്തിനും നെയ്യ് അത്യന്താപേക്ഷിതമാണ്. അതിനാൽ നെയ്യിൻ്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന കർശന നിർദേശം നിലവിലുണ്ട്. ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന മണ്ഡല മകരവിളക്ക് കാലത്ത് ഉപയോഗിക്കുന്ന നെയ്യിൻ്റെ കാര്യത്തിലാണ് ഇപ്പോൾ ഗുരുതര വീഴ്ചകൾ കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

ദേവസ്വം വിജിലൻസ് കണ്ടെത്തലുകൾ

ദേവസ്വം കമ്മിഷണറുടെ എതിർപ്പ് അവഗണിച്ചാണ് മിൽമയിൽനിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനം എടുത്തതെന്ന് ദേവസ്വം വിജിലൻസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. 1.61 ലക്ഷം ലിറ്റർ നെയ്യ് മുഴുവനായും സന്നിധാനത്ത് എത്തിയോ എന്ന കാര്യത്തിൽ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ലഭിച്ച നെയ്യിൻ്റെ ഗുണനിലവാരം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പരിശോധിച്ചിട്ടില്ല. ഗതാഗത രേഖകൾ, കണക്കുകൾ, ബാച്ച് നമ്പറുകൾ എന്നിവയിൽ ഗുരുതര പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. താഴ്ന്ന നിലവാരത്തിലുള്ള നെയ്യ് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷണത്തിൻ്റെ ഭാഗമായി പരിശോധിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശമുണ്ട്. ഈ ഇടപാടിലൂടെ ദേവസ്വം ബോർഡിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായിരിക്കാമെന്നാണ് നിരീക്ഷണം.

ടെൻഡർ നടപടികളിലെ ക്രമക്കേട്

മുൻ എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു മിൽമയ്ക്ക് ടെൻഡർ നൽകാൻ ശിപാർശ ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ഉയർന്ന തുകയ്ക്ക് മിൽമയിൽനിന്ന് നെയ്യ് വാങ്ങുന്നതിനെ ദേവസ്വം കമ്മിഷണർ എതിർത്തിരുന്നു. ഗുണനിലവാരം സംബന്ധിച്ച് വ്യക്തത ഇല്ലാത്തതായിരുന്നു കമ്മിഷണറുടെ എതിർപ്പിന് പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തലുകൾ ഗൗരവത്തോടെ പരിഗണിച്ച് ഹൈക്കോടതി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ മിൽമ ചെയർമാൻ കെഎസ് മണി തള്ളിയിരുന്നു. ശബരിമലയിലേക്ക് മിൽമ നൽകിയ നെയ്യ് ഉത്പന്നങ്ങളിൽ യാതൊരുവിധ കൃത്രിമത്വവും നടന്നിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News