Enter your Email Address to subscribe to our newsletters

Idukki , 04 ഓഗസ്റ്റ് (H.S.)
തോരാതെ പെയ്യുന്ന കനത്ത മഴയിൽ തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ വ്യാപക മണ്ണിടിച്ചിലും റോഡ് തകർച്ചയും. പത്തിലധികം കേന്ദ്രങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് മലയോര മേഖലയിലെ ഗതാഗതം ദുഷ്കരമായി. അശാസ്ത്രീയമായ റോഡ് നിർമാണവും ആവശ്യത്തിന് ഓടകളില്ലാത്തതുമാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
രാത്രിയിൽ കാൽവരി മൗണ്ടിൽ ഗതാഗതം നിലച്ചു
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കാൽവരി മൗണ്ട് ഒമ്പതാം മൈൽ ഭാഗത്ത് വൻതോതിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ഇതോടെ പാതയിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും പ്രദേശവാസികളും മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്. തുടർന്ന് ഇന്ന് രാവിലെയോടെ ജെസിബി ഉപയോഗിച്ച് റോഡിലെ മണ്ണ് പൂർണമായി നീക്കം ചെയ്യുകയും ചെയ്തു.
ഇന്നലെ ഒമ്പത് മണിക്ക് ആരംഭിച്ച മഴയാണ്. രാത്രിയായിട്ടും മഴ നിന്നില്ല. പിന്നാലെയാണ് മണ്ണും മരവുമെല്ലാം താഴേ റോഡിലേക്ക് ഒലിച്ച് വന്നത്. തുടർന്ന് നാട്ടുക്കാരും പ്രദേശവാസികളും ചേർന്ന് പരമാവതി കൊമ്പുകളും മറ്റും മുറിച്ച് മാറ്റി. പിന്നാലെ ഫയർ ഫോഴ്സിനെ വിളിച്ച് കാര്യം പറഞ്ഞു. ഉടൻ തന്നെ അവർ സ്ഥലത്തെത്തി വേണ്ട സഹായങ്ങൾ ചെയ്തുവെന്ന്'' പ്രദേശവാസി പറഞ്ഞു.
തകർന്ന് സംരക്ഷണ ഭിത്തികൾ
അപകട ഭീഷണിയിൽ വാഴവരയും നാരക്കാനവും പാതയിലുടനീളം വിവിധ ഭാഗങ്ങളിൽ അപകടാവസ്ഥ നിലനിൽക്കുകയാണ്.
വാഴവര: സംസ്ഥാനപാതയുടെ സംരക്ഷണ ഭിത്തി പൂർണമായി ഇടിഞ്ഞുതാണു. നിലവിൽ അതീവ അപകടകരമായ സാഹചര്യത്തിൽ വൺവേ അടിസ്ഥാനത്തിലാണ് ഇവിടെ വാഹനങ്ങൾ കടത്തിവിടുന്നത്.
വെള്ളയാംകുടി: റോഡിലേക്ക് വലിയ മൺതീട്ട ഇടിഞ്ഞ് വീണു.
നാരക്കാനം: റോഡിൻ്റെ ഒരു ഭാഗം താഴ്ചയിലേക്ക് ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. ഇതിന് പുറമെ പാതയുടെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ നിരവധി മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അശാസ്ത്രീയ നിർമാണവും അനാസ്ഥയും വില്ലനാകുന്നു
മഴ ശക്തി പ്രാപിക്കുമ്പോൾ റോഡിൽ രൂപപ്പെടുന്ന വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് മണ്ണിടിച്ചിലിന് പ്രധാന കാരണമാകുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. റോഡ് നിർമാണ വേളയിൽ വെള്ളമൊഴുക്കി കളയാൻ ആവശ്യത്തിന് ഓടകൾ നിർമിക്കാത്തതാണ് പ്രശ്നം വഷളാക്കിയത്. കെട്ടിക്കിടക്കുന്ന വെള്ളം റോഡിനടിയിലേക്ക് ഇറങ്ങി മണ്ണ് കുതിർന്നാണ് പാർശ്വഭിത്തികളും തീട്ടകളും ഇടിഞ്ഞ് താഴുന്നത്. പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെട്ട് ശാസ്ത്രീയമായ രീതിയിൽ ഡ്രെയിനേജ് സംവിധാനം നിർമിക്കണമെന്ന ശക്തമായ ആവശ്യത്തിലാണ് പ്രദേശവാസികൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR