Enter your Email Address to subscribe to our newsletters

Thiruvananthapuram , 04 ഓഗസ്റ്റ് (H.S.)
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിൻ്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രിസഭ ഉപസമിതി ഇന്ന് വൈകിട്ട് യോഗം ചേരും. ഉപാധികളോടെ പദ്ധതി നടപ്പാക്കാനുള്ള ശുപാർശ തയ്യാറാക്കി നാളെ ചേരുന്ന മന്ത്രിസഭ യോഗത്തിൽ അവതരിപ്പിക്കാനാണ് സാധ്യത.
പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിലനിർത്തണമെന്നും കേരള സിലബസിൽ പഠനം തുടരണമെന്നുമുള്ള വ്യവസ്ഥകൾ ഉപാധികളാക്കി പദ്ധതിയിൽ പങ്കാളിയാകാമെന്ന റിപ്പോർട്ടിനാകും സമിതി രൂപം നൽകുക. സംസ്ഥാന താത്പര്യം സംരക്ഷിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് യുഡിഎഫിൻ്റെ നിലപാട്. ഇതിനോട് യോജിക്കുന്ന റിപ്പോർട്ടാകും ഉപസമിതി തയ്യാറാക്കുക.
പദ്ധതിയിൽ നിന്നും പിന്മാറിയാൽ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കുന്ന എസ്എസ്കെ ഫണ്ടിനെ അത് പ്രതികൂലമായി ബാധിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ പ്രതിസന്ധിയിലാകുന്നതിന് ഇത് ഇടയാക്കുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ. 1600 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ഇതുവരെ ലഭിക്കാനുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടിലുള്ള സംസ്ഥാന സർക്കാരിന് ഒറ്റയ്ക്ക് സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നും ഉപസമിതി വ്യക്തമാക്കുന്നു.
അഭിപ്രായ ഭിന്നതയും തുടർനടപടികളും
ജൂൺ 17ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഉപാധികളോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഇതിനായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷനായ ഉപസമിതിയെ നിയോഗിച്ചു. പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ ഇതിനിടയിൽ അഭിപ്രായ സമന്വയത്തിലെത്താൻ സമിതിക്ക് കഴിഞ്ഞില്ല. കഴിഞ്ഞ യുഡിഎഫ് യോഗത്തിന് ശേഷം കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായി.
ഇതിനുശേഷമാണ് ഇന്ന് യോഗം ചേരാൻ ഉപസമിതി തീരുമാനിച്ചത്. ഭിന്നത പരിഹരിക്കാൻ കഴിയാതായതോടെ അംഗങ്ങളായ നാല് മന്ത്രിമാരും പ്രത്യേകം കുറിപ്പ് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഉപസമിതി ഏകീകൃത റിപ്പോർട്ട് നൽകാതിരുന്നാൽ വീണ്ടും വിവാദമാകുമെന്ന ആശങ്കയെത്തുടർന്നാണ് യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചത്. യുഡിഎഫ് യോഗത്തിൽ ഉപസമിതി റിപ്പോർട്ടിനുശേഷം പദ്ധതി നടപ്പാക്കാമെന്നായിരുന്നു ലീഗിൻ്റെ അഭിപ്രായം. എന്നാൽ പിന്നീട് ലീഗ് നിലപാട് മാറ്റുകയായിരുന്നു.
വിമർശനവുമായി സിപിഐപിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. രാജ്യസഭയിൽ എംപിമാരായ ജെബി മേത്തറിൻ്റെയും പി വി അബ്ദുൽ വഹാബിൻ്റെയും ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയാണ് പദ്ധതി നടത്തിപ്പ് വീണ്ടും പ്രധാന ചർച്ചാവിഷയമാക്കിയത്. അതേസമയം യുഡിഎഫ് സർക്കാരിൻ്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പുറത്തുകടക്കാൻ യുഡിഎഫിന് രാഷ്ട്രീയ ഇച്ഛയുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്നും അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ വഴിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശൻ ഭരണഘടനയുടെ 299-ാം അനുച്ഛേദം വായിക്കണമെന്നും ധാരണപത്രം വെറും കടലാസാണെന്നുമാണ് സിപിഐയുടെ വിമർശനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR