Enter your Email Address to subscribe to our newsletters

Pathanamthitta , 04 ഓഗസ്റ്റ് (H.S.)
ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനുമായി മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പത്തനംതിട്ടയിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തുന്ന അദ്ദേഹം റാന്നി ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകൾ സന്ദർശിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏകോപനമില്ലായ്മ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽഡിഎഫ് നേതാക്കൾ കടുത്ത വിമർശനം ഉന്നയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.
വിമർശനങ്ങളും സന്ദർശനവും
റാന്നിയിലടക്കം വെള്ളം ഉയർന്ന സമയത്ത് കടയുടെ ഉദ്ഘാടനത്തിലും പൊന്നാനിയിലെ സ്വകാര്യ വിരുന്നിലും മുഖ്യമന്ത്രി പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ആളുകളെ ഒഴിപ്പിക്കുന്നതിലും കടകളിൽ വെള്ളം കയറാതെ നോക്കുന്നതിലും സർക്കാരിന് വീഴ്ച പറ്റി എന്ന ആരോപണങ്ങൾക്കിടെയാണ് സന്ദർശനം. മുഖ്യമന്ത്രിയോടൊപ്പം ജില്ലാ ഭരണകൂടത്തിലെയും വിവിധ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും. ദുരിതാശ്വാസ കാമ്പുകളുടെ പ്രവർത്തനവും അദ്ദേഹം നേരിട്ട് വിലയിരുത്തും. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ദുരിതാശ്വാസ കാമ്പുകളും പ്രളയബാധിത പ്രദേശങ്ങളും സന്ദർശിച്ച് ജനങ്ങളുടെ പരാതികൾ കേൾക്കുകയും കൃത്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു.
ജാഗ്രത തുടരുന്നു
ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. അതിനാൽ അതീവ ജാഗ്രത തുടരുകയാണ്. ഇന്നലെ രാത്രി കാര്യമായ മഴ പെയ്തിട്ടില്ല. വനമേഖലയിൽ ഒറ്റപ്പെട്ട മഴ മാത്രമാണ് ലഭിച്ചത്. നിലവിൽ മഴ മാറിനിൽക്കുകയാണെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നുണ്ട്. മല്ലപ്പുഴശ്ശേരി പഞ്ചായത്തിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇവിടെ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇരുപത് കുടുംബങ്ങൾക്ക് സന്നദ്ധ പ്രവർത്തകർ ഇന്നലെ രാത്രിയോടെ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുനൽകി. ഗവിയിലേക്കുള്ള യാത്രാവിലക്ക് ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാവിലെ 10 മണിയോടെ മൂഴിയാർ ഡാമിൻ്റെ ഷട്ടർ തുറന്നെങ്കിലും മഴ കുറഞ്ഞതിനെ തുടർന്ന് പിന്നീട് അടച്ചു.
സജ്ജമായി സേനകൾജില്ലയിലാകെ 74 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 1076 കുടുംബങ്ങളിൽ നിന്നായി 3568 പേർ ഈ കാമ്പുകളിലുണ്ട്. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതൽ കാമ്പുകൾ തുറന്നിട്ടുള്ളത്. കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, കോന്നി എന്നിവിടങ്ങളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പമ്പ, അച്ചൻകോവിൽ, കക്കാട്ടാർ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നതിനാൽ തീരങ്ങളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൻ്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളുടെ 40 സംഘങ്ങൾ ഇന്നലെ ഉച്ചയോടെ ആറന്മുളയിലും റാന്നിയിലുമായി എത്തി ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികൂല സാഹചര്യമുണ്ടായാൽ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ എൻഡിആർഎഫ്, ഫയർഫോഴ്സ് യൂണിറ്റുകളും സജ്ജമാണ്.
സ്ഥിതി നിയന്ത്രണവിധേയമെന്ന് മന്ത്രിഅതിനിടെ, ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണെന്നും സ്ഥിതി പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കോഴഞ്ചേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, കൃഷി, ഇറിഗേഷൻ തുടങ്ങി എല്ലാ വകുപ്പുകളും മികച്ച ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. പലയിടത്തും ഒഴുകിയെത്തുന്ന വെള്ളം സുഗമമായി ഒഴുക്കിക്കളയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തണ്ണീർമുക്കം മടയും തോട്ടപ്പള്ളി സ്പിൽവേയും തുറന്ന് കടലിലേക്ക് കൂടുതൽ വെള്ളം ഒഴുക്കിവിടാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൻ്റെ ഫലമായി കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ വലിയ തോതിലുള്ള വെള്ളപ്പൊക്കം ഒഴിവായി. പമ്പ, അച്ചൻകോവിൽ, മണിമല നദികളിലൂടെ എത്തുന്ന വെള്ളം സുരക്ഷിതമായി കടത്തിവിടാൻ ഇറിഗേഷൻ വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സർക്കാർ പൂർണ്ണ സജ്ജമാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി നേരത്തെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്നവർക്ക് 10,000 രൂപയും, പുനർഗേഹം പദ്ധതി പ്രകാരം 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വീട് പൂർണമായി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം നാല് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി വർധിപ്പിച്ചു. എംഎൽഎമാരുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് പത്തനംതിട്ടയിൽ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR