അഭിമന്യു കൊലക്കേസില് വിചാരണ ഉടന് പൂര്ത്തിയാക്കണം; ഉത്തരവിട്ട് ഹൈക്കോടതി
Kochi, 04 ഓഗസ്റ്റ് (H.S.) എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല
Kerala High Court Takes Action Against Sexual Harassment in Film Industry


Kochi, 04 ഓഗസ്റ്റ് (H.S.)

എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇനി സമയപരിധി നീട്ടി നല്‍കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് നിര്‍ദേശം നല്‍കിയത്. കേസിന്റെ വിചാരണ നടപടികള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. എന്നാല്‍ സാക്ഷി വിസ്താരം എന്ന് തുടങ്ങുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. 2024 ലാണ് കേസില്‍ വിചാരണ വൈകുന്നുവെന്ന ആക്ഷേപം ചൂണ്ടിക്കാട്ടി അഭിമന്യൂവിന്റെ അമ്മ ഭൂപതി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞയാഴ്ച കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി നിരസിച്ചത്. ഇതോടെ കേസില്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ നടക്കാനിരിക്കുന്ന വിചാരണ നടപടികളുമായി പ്രൊസിക്യൂഷന് മുന്നോട്ട് പോകാമെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

കേസിലെ 17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്കെതിരെ പൂര്‍ണമായ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പാണ് വിചാരണ തുടങ്ങുന്നതെന്നും, അതിനാല്‍ നടപടികള്‍ നിര്‍ത്തിവെക്കണം എന്നതുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാല്‍ ഈ വാദത്തെ പ്രൊസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആദ്യ 16 പ്രതികളുടെ വിചാരണയാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചവര്‍ക്കുമെതിരെയുള്ള അനുബന്ധ കുറ്റപത്രം ഉടന്‍ തന്നെ സമര്‍പ്പിക്കുമെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇത് ആദ്യഘട്ട വിചാരണയെ ബാധിക്കില്ലെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ ക്യാമ്പസ് കൊലപാതകങ്ങളില്‍ ഒന്നായ അഭിമന്യു വധക്കേസില്‍, നീതി നടപ്പാക്കുന്നതിനെ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്. കൊലപാതകം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ക്ക് കോടതി വിരാമമിട്ടിരിക്കുകയാണ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ എറണാകുളം സെഷന്‍സ് കോടതി വിചാരണ തീയതി പ്രഖ്യാപിക്കുന്നതോടെ, ഈ ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിലെ ഇരയ്ക്കും കുടുംബത്തിനും അര്‍ഹമായ നീതി എത്രയും വേഗം ലഭ്യമാകുമെന്നാണ് പൊതുസമൂഹവും നിയമവൃത്തങ്ങളും പ്രതീക്ഷിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News