Enter your Email Address to subscribe to our newsletters

Pathanamthitta, 04 ഓഗസ്റ്റ് (H.S.)
മഴക്കെടുതി ബാധിച്ച മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. എല്ലാ സ്ഥലത്തും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ഹെലികോപ്ടറുകള്‍ സജ്ജമാണ്. എന്‍ഡിആര്‍എഫ് സംഘത്തെയും പോലീസിനെയും ഫയര്‍ഫോഴ്സിനേയും എല്ലാസ്ഥലത്തും നിര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ വെള്ളം കയറിയവര്ക്ക് 10,000 രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരെയും എംഎല്‍എമാരെയും കളക്ടര്‍മാരെയും ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി അവര്‍ നിരന്തരം ബന്ധപ്പെടുകയും ചെയ്തു. താന്‍ നേരിട്ട് ഇവിടെ വരുന്നതിലല്ലല്ലോ കാര്യമെന്നും അദ്ദേഹം പറഞ്ഞു. 2018-ലെ പ്രളയത്തിന് ശേഷം മുന്നൊരുക്കങ്ങളൊന്നും നടത്താതിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ പ്രളയവും വെള്ളക്കെട്ടും കഴിഞ്ഞാല്‍ പുഴയിലെ മാലിന്യങ്ങളും വന്നടിഞ്ഞ മണ്ണും മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
12 മണിയോടെ ആറന്മുളയില്‍ എത്തിയ മുഖ്യമന്ത്രി, തുടര്‍ന്ന് കനത്ത വെള്ളപ്പൊക്കമുണ്ടായ റാന്നി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്ത് തുടരുന്ന കനത്ത കാലവര്‍ഷക്കെടുതികള്‍ വിലയിരുത്തുന്നതിനായി പത്തനംതിട്ട കോഴഞ്ചേരി റെസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ഉന്നതതല അവലോകന യോഗം ചേര്‍ന്നു.
ജില്ലയിലെ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി, ജില്ലയിലെ പ്രളയസാഹചര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും വ്യക്തമാക്കി.
ജില്ലയിലെ അതിതീവ്ര മഴയും പമ്പാനദിയിലെ വെള്ളപ്പൊക്കവും സൃഷ്ടിച്ച പ്രതിസന്ധികള്‍ നേരിടാന്‍ പത്തനംതിട്ടയില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. കനത്ത പ്രകൃതിക്ഷോഭമുണ്ടാക്കിയ നാശനഷ്ടങ്ങളും ക്യാമ്പുകളിലെ ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച അടിയന്തര മന്ത്രിസഭാ യോഗം ചേരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളുമായി അദ്ദേഹം നേരിട്ട് സംസാരിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍ നിന്ന് കൃത്യമായ സമയത്ത് റെഡ് അലര്‍ട്ട് മുന്നറിയിപ്പുകള്‍ ലഭിക്കാതിരുന്നതാണ് ആദ്യ മണിക്കൂറുകളില്‍ തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പലയിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുമ്പോള്‍ തന്നെ റെഡ് അലര്‍ട്ടിന് സമാനമായ അതിശക്തമായ മഴയാണ് പെയ്തിറങ്ങിയത്. വടശ്ശേരിക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 350 മില്ലിമീറ്ററിലധികം അതിതീവ്ര മഴയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ രേഖപ്പെടുത്തിയത്. ഇത്രയും വലിയ തോതില്‍ മഴ പെയ്യുമെന്ന് പ്രവചിക്കാന്‍ പരിമിതികളുണ്ടായിരുന്നു എങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്‍കൂട്ടി തന്നെ പൂര്‍ണ്ണ സജ്ജമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി
---------------
Hindusthan Samachar / Sreejith S