ബൈസൺവാലി സൊസൈറ്റിമേട് പാലം അപകടാവസ്ഥയിൽ.
Idukki , 05 ഓഗസ്റ്റ് (H.S.) ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സൊസൈറ്റിമേട് അംഗൻവാടി പാലം അതീവ അപകടാവസ്ഥയിൽ. കാൽനടയാത്രക്കാരും വിദ്യാര്ഥികളും ദിവസേന ആശ്രയിക്കുന്ന പാലത്തിൻ്റെ കൈവരികൾ പൂർണമായും തകർന്ന് തൂണുകളിൽ വിള
Bison Valley Societymedu Bridge


Idukki , 05 ഓഗസ്റ്റ് (H.S.)

ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സൊസൈറ്റിമേട് അംഗൻവാടി പാലം അതീവ അപകടാവസ്ഥയിൽ. കാൽനടയാത്രക്കാരും വിദ്യാര്ഥികളും ദിവസേന ആശ്രയിക്കുന്ന പാലത്തിൻ്റെ കൈവരികൾ പൂർണമായും തകർന്ന് തൂണുകളിൽ വിള്ളൽ വീണ നിലയിലാണ്. സ്കൂൾ ബസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ അടിയന്തരമായി പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. അടിമാലി-മുട്ടുകാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്നത് ഈ പാലത്തിലൂടെയാണ്.

അപകടം പതിയിരിക്കുന്ന സൊസൈറ്റിമേട്

അധികൃതരുടെ അടിയന്തര ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ വൻ ദുരന്തത്തിന് വഴിവയ്ക്കാവുന്ന അവസ്ഥയിലാണ് സൊസൈറ്റിമേട് പാലം. പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട പാതയിലൊന്നാണിത്.

സ്കൂൾ വിദ്യാർഥികളുടെ യാത്ര: പ്രദേശത്തെ നിരവധി സ്കൂൾ ബസുകളും തൊട്ടടുത്തുള്ള അംഗൻവാടിയിലെ കൊച്ചുകുട്ടികളും ദിവസേന യാത്രക്കായി ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. പാലത്തിന് ആവശ്യത്തിന് വീതിയില്ലാത്തത് കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരുപോലെ അപകട സാധ്യത വർധിപ്പിക്കുന്നു.

തകർന്ന കൈവരികളും വിള്ളൽ വീണ തൂണുകളും

പാലത്തിൻ്റെ സംരക്ഷണ കൈവരികൾ പൂർണമായി ഒടിഞ്ഞുപോയ നിലയിലാണ്. വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാൻ പോലുമുള്ള ഇടമില്ലാത്ത അവസ്ഥയാണ്. പാലത്തിൻ്റെ താങ്ങുതൂണുകളിൽ ചെറിയ രീതിയിൽ രൂപപ്പെട്ടിട്ടുള്ള വിള്ളലുകൾ സുരക്ഷാ ഭീഷണി ഇരട്ടിയാക്കുന്നു. മഴക്കാലത്ത് ഭീതിയോടെയാണ് പ്രദേശവാസികൾ ഇതിലൂടെ യാത്ര ചെയ്യുന്നത്. ഏതെങ്കിലും തരത്തിൽ വാഹനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കാൻ വലിയ സാധ്യതയുള്ളതിനാൽ പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

അംഗൻവാടി കുരുന്നുകൾ മുതൽ പ്രായമായവർ വരെ ദിനംപ്രതി ഭീതിയോടെ കടന്നുപോകുന്ന ബൈസൺവാലിക്കും സൊസൈറ്റിമേടിനും ഇടയിലുള്ള ഈ പാലത്തിന് പകരം പുതിയൊരെണ്ണം നിർമ്മിക്കണമെന്നത് പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ്. ബൈസൺവാലിക്കും സൊസൈറ്റിമേടിനും ഇടയിലുള്ള ഈ പാലം എട്ടുമാസം മുമ്പ് നവീകരണം പ്രവർത്തനം നടത്തി. പാലത്തിന് കൈവരി നിർമ്മിച്ചു. കോണ്ട്രാക്ടറിന് കാശുണ്ടാകാൻ വേണ്ടി പഞ്ചായത്ത് ചെയ്തു കൊടുത്തതാണോയെന്ന് സംശയമുണ്ട്. പാലത്തിൻ്റെ അടിയിൽ കമ്പിയെല്ലാം തുരുമ്പിച്ച് ഏത് നിമിഷവും നിലംപൊത്താമെന്ന രീതിയിലാണ് പാലത്തിൻ്റെ നിൽപ്പ്. ഇത് വൻ അപകടം വിളിച്ചു വരുത്തും. സ്കൂൾ വണ്ടികൾ ഉൾപ്പടെ നിരവധി വണ്ടികൾ പാലത്തിന് മുകളിലൂടെ പോകുന്നുണ്ട് പ്രദേശവാസിയായ അജയ് പറഞ്ഞു.

വൻ ദുരന്തം സംഭവിക്കുന്നതുവരെ കാത്തുനിൽക്കാതെ, പൊതുമരാമത്ത് വകുപ്പും തദ്ദേശ ഭരണകൂടവും ചേർന്ന് അടിയന്തരമായി ഇടപെട്ട് പുതിയ പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ചെറിയ കുട്ടികൾ ഉൾപ്പടെയുള്ള നിരവധി പേർ പാലത്തിന് മുകളിലൂടെ കടന്ന് പോവുന്നതുകൊണ്ട് പുതിയ പാലം പണിയണമെന്ന ആവശ്യം ശക്തമാണ്.

--------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News