സംസ്ഥാനത്തെ വനഭൂമിയുടെ വിസ്തൃതി, കൈയേറ്റങ്ങൾ, പാട്ടത്തിന് നൽകിയ ഭൂമി എന്നിവ സംബന്ധിച്ച വനം വകുപ്പിൻ്റെ 2023-24ലെ വാർഷിക ഭരണറിപ്പോർട്ട് പുറത്തുവന്നു.
Thiruvananthapuram, 05 ഓഗസ്റ്റ് (H.S.) സംസ്ഥാനത്തെ വനഭൂമിയുടെ വിസ്തൃതി, കൈയേറ്റങ്ങൾ, പാട്ടത്തിന് നൽകിയ ഭൂമി എന്നിവ സംബന്ധിച്ച വനം വകുപ്പിൻ്റെ 2023-24ലെ വാർഷിക ഭരണറിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 5000ത്തിലധികം ഹെക്ടർ വനഭൂമി
FOREST ENCROACHMENT KERALA


Thiruvananthapuram, 05 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്തെ വനഭൂമിയുടെ വിസ്തൃതി, കൈയേറ്റങ്ങൾ, പാട്ടത്തിന് നൽകിയ ഭൂമി എന്നിവ സംബന്ധിച്ച വനം വകുപ്പിൻ്റെ 2023-24ലെ വാർഷിക ഭരണറിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 5000ത്തിലധികം ഹെക്ടർ വനഭൂമി കൈയേറ്റത്തിന് ഇരയായപ്പോൾ 56,000ത്തിലധികം ഹെക്ടർ ഭൂമി വിവിധ ഏജൻസികൾക്ക് പാട്ടത്തിന് നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ വനഭൂമിയുടെ നിയമപരമായ പദവി, പ്ലാൻ്റേഷൻ തോട്ടങ്ങൾ എന്നിവ സംബന്ധിച്ച കൃത്യമായ കണക്കുകൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതുപ്രകാരം സംസ്ഥാനത്ത് ആകെ 5023.536 ഹെക്ടർ വനഭൂമിയാണ് കൈയേറ്റത്തിന് ഇരയായിട്ടുള്ളത്. ഇതിന് പുറമേ സംസ്ഥാനത്ത് ആകെ 56,613 ഹെക്ടർ വനഭൂമി പാട്ടത്തിന് നൽകിയിട്ടുണ്ട്.

ആകെ 1,45,746.316 ഹെക്ടർ വനത്തോട്ട ഭൂമിയും വനംവകുപ്പിന് കീഴിലുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൻ്റെ ആകെ ഭൂവിസ്തൃതിയുടെ വലിയൊരു ശതമാനം വരുന്ന വനമേഖലയുടെ സംരക്ഷണം സംബന്ധിച്ച നിർണായക വിവരങ്ങളാണ് ഈ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.

സംസ്ഥാനത്തെ വനം വകുപ്പിൻ്റെ അധീനതയിലുള്ള ഭൂമി വലിയ തോതിൽ നിയമവിരുദ്ധമായി കൈയേറിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് ആകെ 5023.536 ഹെക്ടർ വനഭൂമിയാണ് കൈയേറ്റത്തിന് ഇരയായിട്ടുള്ളത്. പാലക്കാട് ഉൾപ്പെടുന്ന ഈസ്റ്റേൺ സർക്കിളിലാണ് ഏറ്റവും കൂടുതൽ കൈയേറ്റം നടന്നിട്ടുള്ളത്. ഇവിടെ 2038.529 ഹെക്ടർ ഭൂമി നഷ്ടപ്പെട്ടു.

കണ്ണൂർ നോർത്തേൺ സർക്കിളിൽ 1242.083 ഹെക്ടർ ഭൂമിയും കോട്ടയം ഹൈറേഞ്ച് സർക്കിളിൽ 1000.565 ഹെക്ടർ ഭൂമിയും കൈയേറിയിട്ടുണ്ട്. തൃശൂർ സെൻട്രൽ സർക്കിളിൽ 435.539 ഹെക്ടർ ഭൂമിയും കൊല്ലം സതേൺ സർക്കിളിൽ 298.530 ഹെക്ടർ ഭൂമിയുമാണ് നഷ്ടപ്പെട്ടത്. പാലക്കാട്, കോട്ടയം, തിരുവനന്തപുരം വൈൽഡ് ലൈഫ് സർക്കിളുകളിലായി ആകെ 8.29 ഹെക്ടർ ഭൂമിയും കൈയേറ്റക്കാർ സ്വന്തമാക്കിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ, അനധികൃത കൃഷി, വേലികെട്ടി തിരിക്കൽ എന്നിവയിലൂടെയാണ് ഭൂമി കൈയേറിയിരിക്കുന്നത്. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും വനാതിർത്തികൾ തിരിച്ച് ജണ്ടകൾ നിർമിച്ച് ഭൂമി സംരക്ഷിക്കുന്നതിനുമുള്ള നിയമനടപടികളും നിർമാണങ്ങളും പുരോഗമിക്കുകയാണ്.

വനത്തോട്ടങ്ങളും നയമാറ്റവും

സംസ്ഥാനത്തെ വനം വകുപ്പിൻ്റെ കീഴിൽ ആകെ 1,45,746.316 ഹെക്ടർ വനത്തോട്ട ഭൂമിയാണുള്ളത്. ഇത് ആകെ വനമേഖലയുടെ 12.63 ശതമാനമാണ്. ഇതിൽ ഏറ്റവും കൂടുതൽ തേക്ക് തോട്ടങ്ങളാണ്. 55,994.301 ഹെക്ടർ ഭൂമിയിലാണ് തേക്ക് കൃഷിയുള്ളത്. തേക്ക്, സോഫ്റ്റ് വുഡ് എന്നിവ 11,484.828 ഹെക്ടറിലും അക്കേഷ്യ 9,809.981 ഹെക്ടറിലുമുണ്ട്. യൂക്കാലിപ്റ്റസ് 6,989.070 ഹെക്ടർ, കശുമാവ് 2,796.690 ഹെക്ടർ, വാറ്റിൽ 2,123.130 ഹെക്ടർ, ഔഷധസസ്യങ്ങൾ 2,035.829 ഹെക്ടർ, വള്ളിച്ചൂരൽ 1,738.420 ഹെക്ടർ എന്നിങ്ങനെയാണ് മറ്റ് വിളകളുടെ കണക്കുകൾ. ബാക്കി വരുന്ന പ്രദേശങ്ങളിൽ മുള, റബർ, ഏലം, മഹാഗണി, ഈറ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ദോഷകരമായ അക്കേഷ്യ, യൂക്കാലിപ്റ്റസ്, വാറ്റിൽ തുടങ്ങിയ വിദേശ ഏകവിള തോട്ടങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്ത് അവയെ സ്വാഭാവിക വനങ്ങളായി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വനം വകുപ്പ് നടപ്പിലാക്കിവരുന്നുണ്ട്.

പാട്ടത്തിന് നൽകിയ ഭൂമിവിവിധ പൊതു, സ്വകാര്യ ആവശ്യങ്ങൾക്കായി വനം വകുപ്പ് സംസ്ഥാനത്ത് ആകെ പാട്ടത്തിന് നൽകിയിട്ടുള്ളത് 56,613 ഹെക്ടർ വനഭൂമിയാണ്. ഇത് ആകെ വനവിസ്തൃതിയുടെ 4.91 ശതമാനം വരും. ഇതിൽ കണ്ണൻ ദേവൻ ഹിൽസ് പ്ലാൻ്റേഷൻസിന് 23,797.100 ഹെക്ടർ ഭൂമിയും ഹാരിസൺ മലയാളം ലിമിറ്റഡിന് 10,238.160 ഹെക്ടർ ഭൂമിയുമാണ് നൽകിയിട്ടുള്ളത്. കാർഡമം സ്മോൾ ഗ്രോവേഴ്സ്, ടാറ്റാ ടീ, ബോണക്കാട് എസ്റ്റേറ്റ്, ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പനി തുടങ്ങിയ തോട്ടവിള വ്യവസായങ്ങൾക്കും ഭൂമി നൽകിയിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ഇബിയുടെ ജലവൈദ്യുത പദ്ധതികൾക്ക് മാത്രം 8,248.878 ഹെക്ടർ ഭൂമി അനുവദിച്ചു. കെഎഫ്ഡിസിക്ക് 6,854.341 ഹെക്ടർ, പ്ലാൻ്റേഷൻ കോർപറേഷന് 2,572.100 ഹെക്ടർ എന്നിങ്ങനെയും ഭൂമി നൽകിയിട്ടുണ്ട്. എൻപിസിസി, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ്, ബിഎസ്എൻഎൽ, റെയിൽവേ തുടങ്ങിയവയ്ക്കും ഭൂമി പാട്ടത്തിന് നൽകി.

ജലസേചന പദ്ധതികൾ, കൃഷി, ആദിവാസി പുനരധിവാസം, റോഡുകൾ, വായനാശാലകൾ, സർവകലാശാലകൾ തുടങ്ങിയവക്കായും ഭൂമി അനുവദിച്ചിട്ടുണ്ട്. വിവിധ ഏജൻസികൾക്ക് പാട്ടത്തിന് നൽകിയിട്ടുള്ള വനഭൂമിയിൽ പാട്ടക്കാലാവധി കഴിഞ്ഞ കേസുകളിലും പാട്ടത്തുക കുടിശ്ശിക വരുത്തിയ കേസുകളിലും തുടർനടപടികളും നോട്ടിസ് അയക്കലും വനം വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News