Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: 2026 ജൂലൈ അവസാന വാരത്തിലും ആഗസ്റ്റ് ആദ്യ ദിവസങ്ങളിലുമായി സംസ്ഥാനത്ത് അനുഭവപ്പെട്ട ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ പ്രകൃതിക്ഷോഭം കാർഷിക മേഖലയ്ക്ക് ഗുരുതരമായ ആഘാതമാണ് സൃഷ്ടിച്ചതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. ജില്ലകളിൽ നിന്ന് ലഭിച്ച വിള അടിസ്ഥാനത്തിലുള്ള ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടുകളുടെ (FIR) അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തൽ പ്രകാരം 1,882 ഹെക്ടർ കൃഷിയിടങ്ങളാണ് നശിച്ചത്. 23,537 കർഷകരെ പ്രകൃതിക്ഷോഭം നേരിട്ട് ബാധിച്ചതായും ₹67.44 കോടിയുടെ വിളനാശമാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പ്രകൃതിക്ഷോഭത്തിന്റെ ആഘാതം സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും കാർഷിക മേഖലയെ ബാധിച്ചു. വിളകളിൽ ഏറ്റവും കൂടുതൽ നാശനഷ്ടം നെൽകൃഷിക്കും വാഴകൃഷിക്കുമാണ് സംഭവിച്ചത്. സംസ്ഥാനത്തെ ആകെ സാമ്പത്തിക നഷ്ടത്തിന്റെ ഏകദേശം 80 ശതമാനത്തിലധികവും ഈ രണ്ട് വിളകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലകളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം ആലപ്പുഴ (₹13.05 കോടി) ജില്ലയിലാണ് രേഖപ്പെടുത്തിയത്. തുടർന്ന് വയനാട് (₹12.96 കോടി), പത്തനംതിട്ട (₹9.37 കോടി), മലപ്പുറം (₹7.88 കോടി), എറണാകുളം (₹4.96 കോടി) ജില്ലകളാണ് ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത്. 5,303 കർഷകർ ബാധിക്കപ്പെട്ട പത്തനംതിട്ടയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർഷകർ ദുരിതമനുഭവിച്ച ജില്ല. മലപ്പുറം ജില്ലയിൽ ₹7.88 കോടിയുടെ നഷ്ടത്തിൽ പ്രധാനമായും വാഴകൃഷിക്കും നെൽകൃഷിക്കുമാണ് ഏറ്റവും കൂടുതൽ ആഘാതമുണ്ടായത്. എറണാകുളം ജില്ലയിൽ ₹4.96 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയപ്പോൾ നെല്ല്, വാഴ, ജാതി, പച്ചക്കറികൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ വിളകളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു.
തുടർന്ന് കണ്ണൂർ (₹3.38 കോടി), കോട്ടയം (₹3.28 കോടി), ഇടുക്കി (₹3.27 കോടി), കൊല്ലം (₹2.94 കോടി), കോഴിക്കോട് (₹2.74 കോടി) ജില്ലകളിലും ഗണ്യമായ നഷ്ടം രേഖപ്പെടുത്തി. തിരുവനന്തപുരം (₹1.72 കോടി), കാസർഗോഡ് (₹1.04 കോടി), തൃശൂർ (₹69.62 ലക്ഷം), പാലക്കാട് (₹17.38 ലക്ഷം) ജില്ലകളിലും വിവിധ വിളകൾ പ്രകൃതിക്ഷോഭത്തിന്റെ ആഘാതം നേരിട്ടു.
പ്രളയബാധിത പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തി അർഹരായ കർഷകർക്ക് സമയബന്ധിതമായി സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൃഷിവകുപ്പ് സ്വീകരിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു. നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കാർഷിക രീതികളുടെ വ്യാപനം, വിള ഇൻഷുറൻസ് പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കൽ, ദുരന്തസാധ്യത കൂടുതലുള്ള മേഖലകളിൽ പ്രത്യേക കാർഷിക അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Sreejith S