Enter your Email Address to subscribe to our newsletters

Ernakulam , 05 ഓഗസ്റ്റ് (H.S.)
ശബരിമലയിലെ അരവണ നിർമാണത്തിനായി മിൽമയിൽനിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാൻ മികച്ച ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഹൈക്കോടതി. അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാൻ വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദേശം നൽകി. നെയ്യ് പരിശോധിക്കാതെ വാങ്ങിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച കോടതി, വിഷയത്തിൽ ദേവസ്വം കമ്മിഷണറുടെ എതിർപ്പ് മറികടന്നത് എങ്ങനെയെന്നും ചോദിച്ചു.
1.65 ലക്ഷം ലിറ്റർ നെയ്യ് യാതൊരുവിധ ശാസ്ത്രീയ പരിശോധനയും ഇല്ലാതെയാണ് മിൽമയിൽനിന്ന് വാങ്ങിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗുണനിലവാരം ഉറപ്പാക്കാതെ ഇത്രയും വലിയ അളവിൽ നെയ്യ് എങ്ങനെ സന്നിധാനത്ത് എത്തിച്ചുവെന്നതിൽ ഹൈക്കോടതി വ്യക്തത തേടിയിട്ടുണ്ട്. നെയ്യ് ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മിൽമ നൽകുന്ന നെയ്യ് മികച്ച ഗുണനിലവാരമുള്ളതാണെന്ന വാദം പഠനങ്ങളുടെയോ വിലയിരുത്തലുകളുടെയോ അടിസ്ഥാനത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം കമ്മിഷണർ നേരത്തെ തന്നെ കരാറിനെ ശക്തമായി എതിർത്തിരുന്നു.
ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തലുകൾ
അരവണ തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യുടെ അളവ് പത്ത് ലിറ്ററിൽനിന്ന് ഏഴ് ലിറ്ററായി കുറയ്ക്കാമെന്ന മുൻ എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബുവിൻ്റെ വാദം കേവലം അനുമാനം മാത്രമാണെന്ന് ദേവസ്വം കമ്മിഷണർ വ്യക്തമാക്കിയിരുന്നു. മുൻകാല അനുഭവങ്ങളുടെയോ ശാസ്ത്രീയ പരിശോധനകളുടെയോ പിൻബലം ഈ തീരുമാനത്തിന് ഉണ്ടായിരുന്നില്ല. ഉയർന്ന തുക നൽകി മിൽമയിൽനിന്ന് നെയ്യ് വാങ്ങുന്നതിനെയും കമ്മിഷണർ എതിർത്തു. എന്നാൽ ഈ എതിർപ്പുകൾ പൂർണമായും അവഗണിച്ചുകൊണ്ട് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് ഉൾപ്പെടുന്ന സമിതി മിൽമയ്ക്ക് ടെൻഡർ നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
കരാർ പ്രകാരമുള്ള മുഴുവൻ നെയ്യും സന്നിധാനത്ത് എത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിജിലൻസ് റിപ്പോർട്ടിൽ ഗുരുതരമായ സംശയം ഉന്നയിക്കുന്നുണ്ട്. ഗതാഗത രേഖകൾ, ബാച്ച് നമ്പറുകൾ, കണക്കുകൾ എന്നിവയിൽ വലിയ പൊരുത്തക്കേടുകളാണ് കണ്ടെത്തിയത്. സന്നിധാനത്ത് ലഭിച്ച നെയ്യുടെ ഗുണനിലവാരം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പരിശോധിപ്പിച്ചിട്ടില്ല.
അതിനാൽ താഴ്ന്ന നിലവാരത്തിലുള്ള നെയ്യ് അരവണ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യവും വിശദമായി അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. സുതാര്യമല്ലാത്ത ഈ ഇടപാടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിരീക്ഷണം. ഈ സാഹചര്യങ്ങൾ ഗൗരവമായി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR