Enter your Email Address to subscribe to our newsletters

Thiruvananthapuram 05 ഓഗസ്റ്റ് (H.S.)
വൈഭവ് സൂര്യവംശിയെന്ന കൗമാരവിസ്മയം സൃഷ്ടിച്ച തരംഗം അടങ്ങുംമുമ്പേ, യുവപ്രതിഭകളുടെ പുതിയൊരു പടയോട്ടത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ. ഭാവിയിലെ വാഗ്ദാനങ്ങളായ ഒരുപിടി കൗമാര താരങ്ങളാണ് ഇത്തവണ ലീഗിന്റെ പ്രധാന ആകർഷണം. ഇന്ത്യൻ അണ്ടർ 19 ടീമംഗം മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെ ആർ രോഹിത്, അമയ് മനോജ്, ജോബിൻ ജോബി എന്നിവരടങ്ങുന്ന കൗമാരക്കൂട്ടത്തിന്റെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
മേൽപ്പറഞ്ഞ താരങ്ങളിൽ നാല് പേരും അണിനിരക്കുന്നത് തൃശൂർ ടൈറ്റൻസിനൊപ്പമാണ്.
കെ ആർ രോഹിത് കഴിഞ്ഞ സീസണിൽ തന്നെ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. രോഹിതിനെ ലേലത്തിലൂടെ നിലനിർത്തിയ ടൈറ്റൻസ് മാനവ് കൃഷ്ണയെയും മൊഹമ്മദ് ഇനാനെയും അമയ് മനോജിനെയും പുതുതായി ടീമിലെത്തിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ രണ്ട് മത്സരത്തിൽ മാത്രമായിരുന്നു രോഹിത് കളിക്കാനിറങ്ങിയത്.
ഒരു കളിയിൽ 30 റൺസ് നേടുകയും ചെയ്തു. അതിവേഗം സ്കോർ ചെയ്യാനുള്ള മികവാണ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായ രോഹിതിനെ വ്യത്യസ്തനാക്കുന്നത്. പതിനാറാം വയസ്സിൽ കേരളത്തിന് വേണ്ടി അണ്ടർ 19 തലത്തിൽ അരങ്ങേറ്റം കുറിച്ച രോഹിത് തൃപ്പൂണിത്തുറ സ്വദേശിയാണ്. കഴിഞ്ഞ സീസണിലെ എൻഎസ്കെ ട്രോഫിയിൽ 10 പന്തുകളിൽ അഞ്ച് സിക്സും രണ്ട് ഫോറുമടക്കം 39 റൺസ് നേടിയ രോഹിത് ഫൈനലിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ സീസണിൽ കേരളത്തിന്റെ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു മാനവ് കൃഷ്ണ. രണ്ട് സെഞ്ചുറികളടക്കം സീസണിലുടനീളം കാഴ്ച വച്ച മികവാണ് ദേശീയ അണ്ടർ 19 ടീമിലേക്ക് വഴിതുറന്നത്. കഴിഞ്ഞ രഞ്ജി ട്രോഫിയിലൂടെ കേരളത്തിന് വേണ്ടി സീനിയർ തലത്തിലും മാനവ് അരങ്ങേറ്റം കുറിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിലും സെഞ്ചുറി നേടി ശ്രദ്ധേയനായി. വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങുന്ന മാനവ് പുതിയ സീസണിൽ തൃശൂരിന് മുതൽക്കൂട്ടാവും.
മാനവിനെപ്പോലെ ദേശീയ അണ്ടർ 19 ടീമിൽ കേരളത്തിന്റെ സാന്നിധ്യമറിയിച്ച താരമാണ് മൊഹമ്മദ് ഇനാൻ. ദുബായിൽ ഇതിഹാസ താരം സഖ്ലെയ്ൻ മുഷ്താഖിന് കീഴിൽ സ്പിന്നിന്റെ ആദ്യ പാഠങ്ങൾ സ്വന്തമാക്കിയ താരം പിന്നീട് നാട്ടിലെത്തി ജൂനിയർ ക്രിക്കറ്റിലൂടെ അതിവേഗം ശ്രദ്ധേയനായി. വേഗത്തിലുള്ള ആക്ഷനും ഗൂഗ്ലികൾ എറിയാനുള്ള കഴിവുമാണ് മുഹമ്മദ് ഇനാനെ വ്യത്യസ്തനാക്കുന്നത്. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെയുള്ള പരമ്പരകളിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി തിളങ്ങിയ ഇനാൻ ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിലും അംഗമായിരുന്നു. ബാറ്റിങ്ങിലും മികവ് പുലർത്തുന്ന താരം കഴിഞ്ഞ വർഷം അണ്ടർ 19 ടൂർണമെന്റിൽ 74 പന്തുകളിൽ നിന്ന് 105 റൺസ് നേടി ശ്രദ്ധേയനായിരുന്നു.
ഇനാന്റെ ഓൾറൗണ്ട് മികവ് പുതിയ സീസണിൽ ടൈറ്റൻസിന് കരുത്താകും.
തൃശൂരിന് വേണ്ടിത്തന്നെയിറങ്ങുന്ന അമയ് മനോജാണ് മറ്റൊരു താരം. കഴിഞ്ഞ അണ്ടർ 19 സീസണിൽ കേരളത്തിന് വേണ്ടി ഏറ്റവുമധികം സ്ഥിരത പുലർത്തിയ ബാറ്റർമാരിൽ ഒരാളാണ് അമയ്. പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ നേടിയ സെഞ്ചുറിയുൾപ്പെടെ പല മത്സരങ്ങളിലും അമയ് ടീമിന്റെ രക്ഷകനായി. കഴിഞ്ഞ മാസം നടന്ന സീചെം ട്രോഫിയിലും സെഞ്ചുറി നേടിയ അമയ് ടീമിന്റെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. ബൗളിങ്ങിലും മികവ് പുലർത്തുന്ന അമയ് ബിസിസിഐയുടെ സെന്ററൽ ഫോർ എക്സലെൻസ് അണ്ടർ 19 ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരമാണ്.
കെസിഎല്ലിൽ തുടർച്ചയായ മൂന്നാം വർഷവും കളിക്കാനൊരുങ്ങുന്ന ജോബിൻ ജോബിയാണ് ശ്രദ്ധേയനായ മറ്റൊരു യുവതാരം. കൂറ്റനടികളിലൂടെ ശ്രദ്ധേയനായ ജോബിൻ ആദ്യ സീസണിൽ കൊച്ചിക്ക് വേണ്ടി ചില ശ്രദ്ധേയ ഇന്നിങ്സുകൾ കാഴ്ചവച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഫാസ്റ്റ് ബൗളറെന്ന നിലയിലും മികവ് പുലർത്തി. ഓൾറൗണ്ടറെന്ന നിലയിൽ ജോബിന്റെ ആത്മവിശ്വാസം ഉയർത്തുന്നതായിരുന്നു കഴിഞ്ഞ കുച്ച് ബെഹാർ ട്രോഫിയിലെ പ്രകടനം.
ടൂർണമെന്റിൽ ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരേ സമയം സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി ജോബിൻ ശ്രദ്ധേയനായിരുന്നു. ഈ മികവ് കെസിഎല്ലിലും ആവർത്തിക്കാനൊരുങ്ങിയാണ് ജോബിൻ കൊച്ചിക്ക് വേണ്ടി കളിക്കാനിറങ്ങുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR