Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 ഓഗസ്റ്റ് (H.S.)
യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും ലളിതമായും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കാനായി എ.ഐ. അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി. ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായുള്ള ഈ പുതിയ സംവിധാനം നാളെ മുതൽ നിലവിൽ വരും. അതേസമയം, ഓണത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്കായുള്ള ഓൺലൈൻ റിസർവേഷനും കെ.എസ്.ആർ.ടി.സി ആരംഭിച്ചിട്ടുണ്ട്.
എ.ഐ. വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം നാളെ മുതൽ
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നാളെ ( ഓഗസ്റ്റ് ആറ്) രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ പുതിയ എ.ഐ. പവേർഡ് വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്ക് വാട്സ്ആപ്പിലൂടെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനും ആവശ്യമായ യാത്രാവിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനുമാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനുള്ള കെ.എസ്.ആർ.ടി.സിയുടെ സുപ്രധാന ചുവടുവയ്പ്പായാണ് പുതിയ പദ്ധതിയെ വിലയിരുത്തുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും വിവിധ യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകൾ ഗതാഗത മന്ത്രി വിതരണം ചെയ്യും. കൂടാതെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ ടോൾ ഫ്രീ നമ്പർ 149-ൻ്റെ ഉദ്ഘാടനവും നവീകരിച്ച കൊറിയർ സേവനത്തിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത സെക്രട്ടറി ടി.വി. അനുപമ സ്വാഗതം ആശംസിക്കും. കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ ഡിജിറ്റൽ പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.
ഓണയാത്രയ്ക്ക് പ്രത്യേക സർവീസുകൾ; ഓൺലൈൻ ബുക്കിങ് ആരംഭിച്ചു
ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്കായുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾക്കാണ് ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 1 വരെ കേരളത്തിൽ നിന്ന് പ്രധാന നഗരങ്ങളിലേക്കും, ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ അവിടെ നിന്ന് കേരളത്തിലേക്കുമാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ, കോട്ടയം എന്നിവിടങ്ങളിലേക്ക് പ്രത്യേക ബസുകൾ സർവീസ് നടത്തും. മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സൂപ്പർ ഡീലക്സ്, സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്.
മൈസൂരുവിൽ നിന്ന് കണ്ണൂർ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പർ ഡീലക്സ് സർവീസും എറണാകുളത്തേക്ക് മൾട്ടി ആക്സിൽ എ.സി സർവീസും ക്രമീകരിച്ചിട്ടുണ്ട്. തിരിച്ചും സമാന രീതിയിൽ സർവീസുകൾ ലഭ്യമാകും.
എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ വഴി മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും എൻ്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും സംസ്ഥാനത്തെ എല്ലാ റിസർവേഷൻ കൗണ്ടറുകളിലൂടെയും ബുക്കിങ് സൗകര്യം ലഭ്യമാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കി യാത്ര ഉറപ്പാക്കാൻ എത്രയും വേഗം ടിക്കറ്റുകൾ റിസർവ് ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അഭ്യർഥിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR