Enter your Email Address to subscribe to our newsletters

Wayanad , 05 ഓഗസ്റ്റ് (H.S.)
മെഡിക്കൽ കോളജ് മടക്കിമല ഭൂമിയിൽ തന്നെ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങി മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി. ഓഗസ്റ്റ് 15 മുതൽ കൽപ്പറ്റ കലക്ടറേറ്റിന് മുന്നിൽ പഞ്ചദിന സത്യാഗ്രഹമടക്കം പ്രഖ്യാപിച്ചാണ് പ്രക്ഷോഭം ശക്തമാക്കുന്നത്. വിഷയത്തിൽ ജനപ്രതിനിധികൾ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ, ഓൺലൈൻ ഒപ്പുശേഖരണ പ്രചാരണങ്ങളും ആരംഭിച്ചു.
വയനാടിൻ്റെ ഹൃദയഭാഗമായ മടക്കിമലയിൽ തറക്കല്ലിട്ട മെഡിക്കൽ കോളജ് എങ്ങുമെത്താതെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. എം കെ ജിനചന്ദ്രൻ്റെ നാമധേയത്തിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ 54 ഏക്കർ ഭൂമിയിൽ തറക്കല്ലിട്ട പദ്ധതി പിന്നീട് മാനന്തവാടിയിലേക്ക് മാറ്റിയെങ്കിലും എട്ട് വർഷത്തിനിപ്പുറവും അനുയോജ്യമായ സ്ഥലം കണ്ടെത്താൻ അധികൃതർക്കായിട്ടില്ല.
ഏറ്റവും ഒടുവിൽ കണ്ടെത്തിയ അമ്പുകുത്തി മലയിലെ റിസർവ് വനഭൂമിയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. സർക്കാരിൻ്റെ കൈവശം ലഭ്യമായ മടക്കിമലയിലെ വിശാലമായ ഭൂമി ഉപയോഗപ്പെടുത്താതെ വീണ്ടും പുതിയ സ്ഥലം തിരയുന്നത് വൻ ജനവഞ്ചനയാണെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം.
2015 ജൂലൈ 12 നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതീകത്മാകമായി എസ്കെഎംജി സ്കൂൾ ഗ്രൗണ്ടിൽ മെഡിക്കൽ കോളജിനായി തറക്കല്ലിടുന്നത്. പിന്നീട് വന്ന എൽഡിഎഫ് സർക്കാർ അതിലേക്ക് റോഡ് നിർമ്മിച്ചു. തുടർന്ന് 2018 ലെ ജിഎസ്ഐ റിപ്പോർട്ട് മറയാക്കി കൊണ്ട് പിന്നീടുള്ള ഭൂമി അന്വേഷണം നടത്തി. ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലഘട്ടത്തിൽ 2021 ൽ മന്ത്രിസഭാ തീരുമാനം എടുത്ത് മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളജിൻ്റെ ബോർഡ് വച്ച് പ്രവർത്തനം തുടങ്ങിയതായിരുന്നു, എന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ പി ഫിലിപ്പ് കുട്ടി പറഞ്ഞു.
2021 ൽ പ്രവർത്തനം ആരംഭിച്ച ആശുപത്രി ഇപ്പോൾ 2026 ആയിട്ടും മെഡിക്കൽ കോളജിന് ആവശ്യമായ ഭൂമി നാഷണൽ മെഡിക്കൽ കമ്മിഷൻ അംഗീകരിച്ച സ്ഥലസൗകര്യങ്ങൾ മാനന്തവാടിയിൽ ലഭ്യമല്ല. പിണറായി സർക്കാരിൻ്റെ അവസാന കാലഘട്ടത്തിൽ അമ്പുകുത്തിയിലെ 28 ഏക്കർ റിസർവ് വനം മെഡിക്കൽ കോളജിൻ്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തിൻ്റെ എതിർപ്പ് വന്നതോടെ ആ ശ്രമവും ഉപേക്ഷിക്കപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്.
ഇപ്പോൾ മെഡിക്കൽ കോളജിനായി ഏറ്റെടുക്കാൻ പോവുന്ന ഭൂമി മാനന്തവാടിയിൽ നിന്ന് 5.2 കിലോ മീറ്റർ ദൂരെയാണ്. കുടിവെള്ള പദ്ധതിക്കായി മുൻപ് കെഎസ്ഇബി ഏറ്റെടുത്ത ഭൂമിയാണത്. അതൊരു ചതുപ്പ് നിലമാണ്. വയനാടിലെ 23 പഞ്ചായത്തുകളും മൂന്ന് മുൻലസിപ്പാലിറ്റികളിലും ഉൾപ്പെട്ട ആളുകൾ മാനന്തവാടിയിൽ നിന്നും വീണ്ടും ഈ സൗകര്യം അന്വേഷിച്ച് ഒരു പരീക്ഷാണാർത്ഥം അത്രയും ദൂരം സഞ്ചരിക്കണം എന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ലെന്നും ഫിലിപ്പ് കുട്ടി പറഞ്ഞു.
കെഎസ്ഇബിയുടെ ചതുപ്പുനിലങ്ങളോ, അപ്രായോഗികമായ തുണ്ടുഭൂമികളോ അല്ല, ഭാവി വികസനത്തിന് കൂടി ഉതകുന്ന മടക്കിമലയാണ് ഇതിന് അനുയോജ്യം. വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി, കൽപ്പറ്റ, ബത്തേരി എംഎൽഎമാർ, മുൻ ജനപ്രതിനിധികൾ എന്നിവർക്ക് ആക്ഷൻ കമ്മിറ്റി സന്ദേശമയച്ചു കഴിഞ്ഞു.
പ്രതിമാസം പതിനഞ്ചായിരത്തിൽ പരം രോഗികളാണ് വിദഗ്ധ ചികിത്സയ്ക്കായി വയനാട്ടിൽ നിന്ന് ചുരം ഇറങ്ങി കോഴിക്കോട്ടേക്കും മറ്റു ജില്ലകളിലേക്കും പോകുന്നത്. സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കുന്ന നിലപാടിൽ നിന്ന് മാറി അടിയന്തരമായി സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് ഉയർന്നുവരുന്ന ആവശ്യം. സമരത്തിൻ്റെ ആദ്യഘട്ടമായി ഓഗസറ്റ് എട്ടിന് വൈകുന്നേരം കമ്പളക്കാട് ടൗണിൽ സായാഹ്ന ധർണ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ 10 പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധം വ്യാപിപ്പിക്കും. സ്വാതന്ത്ര്യ ദിനമായ ഓഗസറ്റ് 15 മുതൽ കൽപ്പറ്റ കലക്ടറേറ്റിനു മുന്നിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സത്യാഗ്രഹ സമരവും സംഘടിപ്പിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR