Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 ഓഗസ്റ്റ് (H.S.)
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കടുത്ത നിലപാടുമായി കേരള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് രംഗത്ത്. തമിഴ്നാടിൻ്റെ ഏകപക്ഷീയമായ നീക്കത്തെ കേരളം ശക്തമായി പ്രതിരോധിക്കുമെന്ന് തൈക്കാട് ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിൽ അടിയന്തര വാർത്താസമ്മേളനത്തില് മന്ത്രി വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ സാഹചര്യത്തിൽ ഒരു കാരണവശാലും ഉയർത്താൻ അനുവദിക്കില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴയെത്തുടർന്ന് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തമിഴ്നാട് 142 അടിയെന്ന കടുംപിടുത്തത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പെട്ടെന്നുണ്ടാകുന്ന പ്രളയ പശ്ചാത്തലത്തിൽ ഡാമിൻ്റെ സുരക്ഷയും താഴെയുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തുമാണ് കേരളത്തിന് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രതിഷേധം തമിഴ്നാടിനെ ഔദ്യോഗികമായി അറിയിക്കും
തമിഴ്നാട് ബജറ്റിലെ പ്രഖ്യാപനത്തോടുള്ള കേരളത്തിൻ്റെ കടുത്ത വിയോജിപ്പും ആശങ്കയും തമിഴ്നാട് സർക്കാരിനെ ഔദ്യോഗികമായി അറിയിക്കും. അയൽസംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല കരാറുകളെ മാനിക്കുമ്പോൾ തന്നെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള കാര്യങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്ന് മന്ത്രി വ്യക്തമാക്കി.
സുപ്രീം കോടതിയെ സമീപിക്കുന്നത് പരിഗണനയിൽ
തമിഴ്നാടിൻ്റെ ഏകപക്ഷീയമായ ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് കേരളത്തിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി സുപ്രീം കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ചുവരികയാണ്. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത ദിവസങ്ങളിൽ തന്നെ തുടർനടപടികൾ സ്വീകരിക്കും.
നാളെ (ഓഗസ്റ്റ് 6) ചേരുന്ന അടിയന്തര സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ മുല്ലപ്പെരിയാർ വിഷയം പ്രത്യേകമായി ചർച്ച ചെയ്യുമെന്നും, പുതിയ അണക്കെട്ട് എന്ന കേരളത്തിൻ്റെ ആവശ്യത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ടില്ലെന്നും മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
ജലനിരപ്പ് 142 അടിയാക്കും; ബജറ്റ് പ്രഖ്യാപനവുമായി ടി.വി.കെ സർക്കാർ
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയും മിന്നൽ പ്രളയഭീതിയും കാരണം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയരുന്നതിനിടയിലാണ് അയൽസംസ്ഥാനത്ത് നിന്നും കനത്ത തിരിച്ചടിയുണ്ടാകുന്നത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ, അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കൃത്യമായ സൂചനയാണ് നൽകിയിരിക്കുന്നത്.
തമിഴ്നാടിൻ്റെ ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനും കർഷകരുടെ ക്ഷേമം മുൻനിർത്തിയും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികളുമായി സർക്കാർ ശക്തമായി മുന്നോട്ട് പോകും. അതോടൊപ്പം ആനമലയാർ, നല്ലാർ അണക്കെട്ട് പദ്ധതികൾ നടപ്പിലാക്കാനും ഗോദാവരി-കാവേരി നദീസംയോജന പദ്ധതി വേഗത്തിലാക്കാനും സർക്കാർ മുൻകൈ എടുക്കും. തമിഴ്നാട് ധനമന്ത്രി വ്യക്തമാക്കി
കേരളത്തിൻ്റെ ആവശ്യങ്ങൾക്ക് പൂട്ടണിയിച്ച് തമിഴ്നാട്
മുല്ലപ്പെരിയാറിൽ പുതിയൊരു ഡാം നിർമ്മിക്കുന്നതിനായി തമിഴ്നാട് സർക്കാരുമായി അടിയന്തര ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലുള്ള അണക്കെട്ട് പൂർണ്ണമായും സുരക്ഷിതമാണെന്ന് വാദിക്കുന്ന തമിഴ്നാട്, സുപ്രീം കോടതി ഉത്തരവ് പ്രകാരം തങ്ങൾക്ക് അവകാശപ്പെട്ട 142 അടിയിലേക്ക് ജലസംഭരണം മാറ്റുമെന്നാണ് ബജറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ ഉയരുന്ന വൻ പ്രതിഷേധം
കേരളത്തിൽ പെയ്യുന്ന തോരാമഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിലവിൽ 120 അടി പിന്നിട്ട് അതിവേഗം ഉയരുകയാണ്. ഇത്തരമൊരു പ്രളയ സമാനമായ പശ്ചാത്തലത്തിൽ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ തമിഴ്നാട് ഏകപക്ഷീയമായി തീരുമാനിച്ചതിനെതിരെ കേരളത്തിൽ വലിയ ജനരോഷം ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള രാഷ്ട്രീയ-നിയമ യുദ്ധം കൂടുതൽ വഷളാകുമെന്നാണ് ഈ ബജറ്റ് നൽകുന്ന സൂചന.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR