Enter your Email Address to subscribe to our newsletters

Kasaragod , 05 ഓഗസ്റ്റ് (H.S.)
പെട്ടെന്നൊരു പവർകട്ട് വന്നപ്പോൾ മൊബൈൽ ഫ്ലാഷ് ലൈറ്റ് തെളിച്ച് ജോലി ചെയ്യുന്നതാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, കഴിഞ്ഞ എട്ടുമാസമായി കാസർകോട് രാംദാസ് നഗർ പോസ്റ്റ് ഓഫിസിലെ ജീവനക്കാരുടെ ദുരിതജീവിതമാണിത്. മധൂർ പഞ്ചായത്തിൻ്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇവിടെ ട്യൂബ് ലൈറ്റും ഫാനുമുണ്ടെങ്കിലും പ്രകാശിക്കുകയോ കറങ്ങുകയോ ചെയ്യില്ല. നിരന്തരം പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിനാൽ മൊബൈൽ വെളിച്ചത്തിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത്.
ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് ഇവിടെ വൈദ്യുതി നിലച്ചത്. വിവരം ഉടൻ പഞ്ചായത്തിനെ അറിയിച്ചെങ്കിലും ശരിയാക്കാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്. പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്ന മുറിക്ക് പ്രത്യേകം കണക്ഷൻ എടുക്കണമെന്ന നിർദേശവും പഞ്ചായത്ത് പാലിച്ചില്ല. കണക്ഷന് ആവശ്യമായ 60,000 രൂപ അടയ്ക്കാത്തതും ദുരിതത്തിന് കാരണമായി. വിയർത്തു കുളിച്ച് ജോലി ചെയ്ത കഴിഞ്ഞ വേനൽക്കാലത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു.
ചൂട് കൂടുമ്പോൾ അല്പം പുറത്തുവന്ന് കാറ്റ് കൊള്ളുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ മഴ വന്നാൽ പൂർണമായും ഇരുട്ടായതിനാൽ ഒന്നും കാണാൻ കഴിയില്ല. ഒരു കെട്ടിടത്തിൻ്റെ പുറകിലായതിനാൽ നേരിട്ട് വെളിച്ചവും കാറ്റും പോലും ലഭിക്കില്ലെന്നും ജീവനക്കാർ പറയുന്നു. ഒരു പോസ്റ്റ് മാസ്റ്ററും രണ്ട് പോസ്റ്റ്മാൻമാരുമാണ് ഇവിടെയുള്ളത്. കാസർകോട് നഗരത്തിൽ തന്നെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടക്കുന്ന പോസ്റ്റ് ഓഫിസാണിത്.
പ്രതികരിച്ച് പ്രദേശവാസി, പരിഹാരം കാണുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്ജീവനക്കാരുടെ ദുരിതാവസ്ഥ കണ്ടുനിൽക്കാൻ കഴിയുന്നില്ലെന്ന് പ്രദേശവാസിയായ നാരായണൻ വ്യക്തമാക്കി. ഇവർ എങ്ങനെ ജോലി എടുക്കുന്നുവെന്നത് അതിശയമാണെന്നും വേനൽക്കാലത്താണ് കൂടുതൽ ദുരിതം അനുഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതെങ്കിലും പോസ്റ്റ് ഓഫിസിൽ ജീവനക്കാർ മൊബൈൽ ഫോൺ വെളിച്ചത്തിൽ ജോലി ചെയ്യുന്നത് കാണാൻ കഴിയുമോയെന്നും ഇത് വല്ലാത്ത ദുരിതമാണെന്നും നാരായണൻ ചൂണ്ടിക്കാട്ടി.
കാസർകോട് മധൂർ റോഡിൽ കുഡ്ലുവിലാണ് ഈ പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്. അതേസമയം സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ പരിഹാരം കാണുമെന്നും മധൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുജ്ഞാനി ഇടിവി ഭാരതിനോട് പറഞ്ഞു. നടപടിക്രമങ്ങളുടെ ഭാഗമായാണ് കാലതാമസമുണ്ടാകുന്നത്. പോസ്റ്റ് ഓഫിസ് അടക്കം മൂന്ന് കെട്ടിടങ്ങൾ പഞ്ചായത്തിൻ്റേതാണ്. ഷോർട്ട് സർക്യൂട്ട് വന്നതിനാൽ വയറിങ് മുഴുവൻ മാറ്റണം. കൂടാതെ കപ്പാസിറ്റി കൂട്ടുന്നതിനായി നാല് മീറ്റർ ബോക്സുകൾ സ്ഥാപിക്കേണ്ടിവരും. ഇതിന് അറുപതിനായിരത്തിലധികം രൂപയുടെ ചെലവുണ്ട്. ഈ തുക കണ്ടെത്തണമെന്നും ഉടൻ പരിഹാരം കാണുമെന്നും പ്രസിഡൻ്റ് വിശദീകരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR