Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 ഓഗസ്റ്റ് (H.S.)
ലോകത്തിലെ ഏറ്റവും വലിയ ഫിലിം ഷൂട്ടിംഗ് ലൊക്കേഷനായ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയുടെ വിസ്മയ ലോകം കാണാന് മലയാളികള്ക്ക് റാമോജി ഗ്രൂപ്പ് അവസരമൊരുക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ കേബിള് നെറ്റ് വര്ക്ക് ശൃംഖലയായ കേരള വിഷൻ്റെ ആഭിമുഖ്യത്തില് 14 ജില്ലകളിലും ആരംഭിച്ച് അയ്യായിരത്തിലധികം പേര് ഇതിനകം അംഗങ്ങളായി കഴിഞ്ഞ യെസ് ടു ഗോ-കേരള വിഷന് ടൂറിസം ക്ലബ് മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. റാമോജി ഫിലിം സിറ്റി എക്സ്ക്ലൂസീവ് ടൂറിസം പാക്കേജ് എന്നറിയപ്പെടുന്ന പദ്ധതിയുടെ ധാരണാപത്രം റാമോജി ഫിലിം സിറ്റി പ്രതിനിധികളും ടൂറിസം ക്ലബ് പ്രതിനിധികളും തമ്മില് കൈമാറി.
തിരുവനന്തപുരത്തു നടന്ന യെസ് ടു ഗോ -കേരള വിഷന് ടൂറിസം ക്ലബ് ഉദ്ഘാടന ചടങ്ങിലാണ് പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. റാമോജി ഫിലിംസിറ്റി വൈസ് പ്രസിഡൻ്റ് എ വി റാവു, ചീഫ് ബിസിനസ് ഓഫീസര് രുചി പാന്ത് എന്നിവരും കേരള വിഷന് പ്രതിനിധികളും ചേര്ന്ന് റാമോജി ഫിലിം സിറ്റി എക്സ്ക്ലൂസീവ് ടൂറിസം പാക്കേജിൻ്റെ പോസ്റ്റര് പുറത്തിറക്കി.
കേരളത്തിൻ്റെ ഭാവി ഇനി വിനോദ സഞ്ചാര വികസനത്തിലാണെന്നും ടൂറിസം മേഖലയില് നിക്ഷേപത്തിനൊരുങ്ങുന്നവര്ക്ക് വ്യവസായ നിക്ഷേപത്തിൻ്റെ പദവി നല്കുമെന്ന് ടൂറിസം ക്ലബ് ഉദ്ഘാടനം ചെയ്തു കൊണ്ട് ടൂറിസം-സാംസ്കാരിക-സിനിമാ മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. എവിടെയും ടൂറിസം നടപ്പാക്കാന് സാഹചര്യമുള്ള സംസ്ഥാനമാണ് കേരളം. തെലങ്കാനയുടെ ചുമതലയുമായി എഐസിസി സെക്രട്ടറി എന്ന നിലയില് ഏകദേശം മൂന്നു വര്ഷത്തോളം ഹൈദരാബാദിലുണ്ടായിരുന്നിട്ടും റാമോജി ഫിലിം സിറ്റി സന്ദര്ശിക്കാന് തനിക്കു കഴിഞ്ഞില്ലെന്നു മന്ത്രി പറഞ്ഞു. വളരെ താമസിയാതെ തന്നെ താന് അവിടം സന്ദര്ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളവുമായി വളരെ അടുത്ത ബന്ധമാണ് റാമോജി ഫിലിംസിറ്റിക്കുള്ളതെന്ന് എ വി റാവു ചടങ്ങില് പറഞ്ഞു. കേരള വിഷൻ്റെ ടൂറിസം ആപ്പുമായി ബന്ധപ്പെടുത്തിയാണ് ഫിലിം സിറ്റിയിലേക്കുള്ള എക്സ്ക്ലൂസീവ് പാക്കേജ് നടപ്പാക്കുന്നത്. ഇത് കേരളത്തില് നിന്ന് റാമോജി ഫിലിം സിറ്റി സന്ദര്ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്ക്ക് വളരെയധികം സഹായകമാകും. ഇതിൻ്റെ ഭാഗമായ സ്പെഷ്യല് പാക്കേജുകള് തയ്യാറായി വരികയാണ്. പദ്ധതി വിജയകരമാകുമെന്നതില് റാമോജി ഗ്രൂപ്പിന് തികഞ്ഞ ശുഭാപ്തി വിശാവസമാണുള്ളതെന്നും കേരള വിഷന് ടൂറിസം ക്ലബിന് എല്ലാ സഹായവും നല്കുമെന്നും അദ്ദേഹം പറഞ്ഞു.
യെസ് ടുഗോ പദ്ധതിയുമായി സഹകരിക്കാന് കഴിഞ്ഞതില് അതീവ സന്തോഷമുണ്ടെന്ന് രുചി പാന്ത് പറഞ്ഞു. ഫിലിം സിറ്റിയിലെ കണ്ണഞ്ചപ്പിക്കുന്ന കാഴ്ചകള് കേരളത്തിലെ സഞ്ചാരികള്ക്കൊരുക്കുന്ന തരത്തിലായിരിക്കും പാക്കേജുകള് തയ്യാറാക്കുക. 2000 ഏക്കര് സിനിമാ ഷൂട്ടിംഗിനായി മാത്രം ഇവിടെയുണ്ട്. വിവിധ വിഭാഗങ്ങളിലായി ഇവിടെ അഞ്ച് ഹോട്ടലുകളുണ്ട്.
സിനിമയുടെ ഷൂട്ടിംഗ് ലൈവായി കാണാന് കഴിയുന്ന ഇടങ്ങളുണ്ട്. പക്ഷിപാര്ക്ക്, ചിത്ര ശലഭ പാര്ക്ക് എന്നിവയൊക്കെ വിദ്യാര്ഥികള്ക്കും കുട്ടികള്ക്കും അങ്ങേയറ്റം കൗതുകകരമായിരിക്കും. ഇവയ്ക്കെല്ലാം പുറമേ വലിയ കോണ്ഫറന്സുകള് സംഘടിപ്പിക്കുന്നതിനും വിവാഹവും വിവാഹ പാര്ട്ടികളും നടത്തുന്നതിനൊക്കെയുള്ള ലൊക്കേഷന് ഇവിടെ സജ്ജമാണ്.
മലയാളി ടൂറിസ്റ്റുകള്ക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താമെന്നും എല്ലാ മലയാളികളെയും ഹൈദരബാദ് റാമോജി ഫിലിം സിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അവര് പറഞ്ഞു. സിഐഒ പ്രസിഡൻ്റ് പ്രവീണ് മോഹന് ചടങ്ങില് അധ്യക്ഷനായിരുന്നു. കേരള വിഷന് ടൂറിസം ലിമിറ്റഡ് എംഡി ജ്യോതികുമാര് വി എസ്, സിഡ്കോ പ്രസിഡൻ്റ് കെ വിജയകൃഷ്ണന്, സിഒഎ ജനറല് സെക്രട്ടറി സുരേഷ് പിഎ തുടങ്ങിയവര് പ്രസംഗിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR