Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്തെ നദികളിലും ഡാമുകളിലുമായി കഴിഞ്ഞ എട്ടുവർഷമായി അടിഞ്ഞു കൂടിയ 5000 കോടി രൂപയിലേറെ മൂല്യമുള്ള മണൽ നീക്കം ചെയ്യാെനാരുങ്ങി സർക്കാർ. നിലവിലുള്ള സാങ്കേതിക തടസങ്ങൾ നീക്കി മണൽ നീക്കുന്നതിലൂടെ വെള്ളപ്പൊക്കം ഒഴിവാക്കാനും അധികവരുമാനം നേടാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2018ലെ പ്രളയം മുതൽ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണലാണ് നീക്കാൻ ഉദ്ദേശിക്കുന്നത്. മണൽ നീക്കം ചെയ്യാനുള്ള നടപടികൾക്കായി ജലവിഭവ, റവന്യു വകുപ്പുകളുടെ ഏകോപനത്തിന് സർക്കാർ നിർദ്ദേശം നൽകി. പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ നദികളിലും കായലുകളിലും ഡാമുകളിലും പുതുതായി സാൻഡ് ഓഡിറ്റിംഗ് നടത്താനും സർക്കാർ ലക്ഷ്യമിടുന്നു.
17 നദികളിൽനിന്ന് മണലെടുക്കാം
2022ൽ 11 ജില്ലകളിലെ 36 നദികളിൽ നടത്തിയ സാൻഡ് ഓഡിറ്റിൽ 17 നദികളിൽ ഖനനം ചെയ്യാവുന്ന രീതിയിൽ വൻതോതിൽ മണൽ ശേഖരമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി, പെരിയാർ എന്നീ നദികളിലാണ് കൂടുതൽ മണലുള്ളത്. ആകെ കണ്ടെത്തിയ 464 ലക്ഷം ഘനമീറ്ററിൽ നിന്ന് പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ 141 ലക്ഷം ഘന മീറ്റർ മണൽ ഖനനം ചെയ്യാൻ ശുപാർശ ചെയ്തിരുന്നു. ഇത്രയും മണൽ നീക്കിയാൽ വെള്ളപ്പൊക്ക സാധ്യത വലിയ തോതിൽ കുറയും. എട്ട് ജില്ലകളിലെ 13 നദികളിൽ മാത്രം 1.75 കോടി മെട്രിക് ടൺ മണലുണ്ട്. ഇതിന് 1500 കോടിയിലേറെ രൂപയുടെ മൂല്യമുണ്ടാവുമെന്ന് നാലുവർഷം മുൻപ് നടത്തിയ സാൻഡ് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.
നദികളിലെ മണലിന് 3000 കോടിയിലേറെയും ഡാമുകളിലെ 2000 കോടിയിലേറെയും മൂല്യമുള്ള മണലുണ്ടെന്നാണ് സർക്കാരിൻ്റെ പ്രാഥമിക നിഗമനം. 2022നുശേഷം സാൻഡ് ഓഡിറ്റ് നടത്തിയിട്ടില്ല. ഭാരതപ്പുഴയിൽ 75ലക്ഷത്തോളം മെട്രിക് ടൺ മണലുണ്ടെന്നാണ് കണക്ക്. പാലക്കാട്ടെ മംഗലം ഡാമിൽ 50 ലക്ഷം ഘനമീറ്റർ മണലുണ്ട്.
തിരുവനന്തപുരത്ത് അരുവിക്കരയിലുമുണ്ട് 20 ലക്ഷം ഘനമീറ്റർ മണൽ. ചുള്ളിയാർ, ചിമ്മിനി, മലമ്പുഴ തുടങ്ങിയ ഒമ്പതിടത്ത് 10 മുതൽ 30ലക്ഷം ഘനമീറ്റർ വരെ മണലുണ്ട്. മണലടിഞ്ഞ് റഗുലേറ്ററുകളുടെയും ഏപ്രണിനും ഘടനയ്ക്കുമെല്ലാം തകരാറുണ്ട്. മണലും ചെളിയും നീക്കിയാലേ അറ്റകുറ്റപ്പണി നടത്താനാവൂ. രണ്ടാംഘട്ടമായി 32 അണക്കെട്ടുകളിലെ മണൽ വാരാനാവും.
ഡാമുകളിലെ മണൽ നീക്കിയാൽ 15 ശതമാനം സംഭരണശേഷി കൂട്ടാം
കേന്ദ്ര ജലകമ്മിഷൻ റിപ്പോർട്ട് പ്രകാരം മണലടിഞ്ഞതു മൂലം മലമ്പുഴ ഡാമിൽ കഴിഞ്ഞ 55 വർഷത്തിനിടെ 20 ദശ ലക്ഷം ഘനമീറ്ററും ഇടമലയാറിൽ 33 വർഷത്തിനിടെ 18 ദശലക്ഷം ഘനമീറ്ററും സംഭരണശേഷി കുറഞ്ഞു. ഡാമുകളിൽ 40 ശതമാനം മണലും ചെളിയും നിറഞ്ഞു. മണലെടുത്താൽ സംഭരണശേഷി 15 ശതമാനം കൂട്ടാം. 900 ദശലക്ഷം ഘനമീറ്റർ വെള്ളം അധികമായി സംഭരിക്കാം. അഞ്ചുപുതിയ റിസർവോയറുകൾ സ്ഥാപിക്കുന്ന ഗുണം കിട്ടും. 5000 കോടിയുടെ പരോക്ഷ നേട്ടവുമുണ്ടാവും. മണൽ വിറ്റുകിട്ടുന്നതിൽ 20 ശതമാനം തുക അണക്കെട്ടുകളുടെ അറ്റകുറ്റപ്പണിക്ക് ഉപയോഗിക്കാം. മൂന്നുമീറ്റർ ആഴത്തിൽ ഖനനം ചെയ്യാനാണ് ശുപാർശ. പ്രധാനമായും തിരഞ്ഞെടുത്ത 44 നദികളിൽ 26 എണ്ണത്തിലേ സാൻഡ് ഓഡിറ്റിംഗ് നടത്തിയിട്ടുള്ളൂ.
സാങ്കേതിക കുരുക്ക് മാറ്റാൻ വകുപ്പുകൾ ഏകോപിപ്പിക്കാൻ സർക്കാർ
നദികളിൽ നിന്ന് നിയന്ത്രണങ്ങളോടെ മണൽഖനനം നടത്താനുള്ള നടപടികൾ നിലവിൽ സാങ്കേതികക്കുരുക്കിലാണ്. റവന്യൂ വകുപ്പ് അംഗീകാരം നൽകിയ പദ്ധതിക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പാണ് തടസം നിൽക്കുന്നത്. ജിയോളജി വിഭാഗത്തിൻ്റെ ഉദ്ദേശ്യപത്രം ലഭിച്ചാലേ തുടർനടപടികൾ മുന്നോട്ടു പോകൂ. മണൽ ഖനനത്തിന് അനുമതി നൽകണമെന്ന് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികളിൽനിന്നടക്കം ആവശ്യമുയരുന്ന സാഹചര്യത്തിലാണ് പദ്ധതി വീണ്ടും സജീവമാക്കാൻ സർക്കാർ ആലോചിക്കുന്നത്.
മലപ്പുറം, പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളുടെ സർവേ റിപ്പോർട്ടിന് സംസ്ഥാനതല പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 25 കടവുകളിൽ റവന്യൂ, സർവേ, ജിയോളജി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അതിർത്തി നിർണയം പൂർത്തിയാക്കിയിരുന്നു. എന്നാൽ, കേരള ചെറുകിട ധാതുഖനന ചട്ടത്തിൽ, പുഴമണൽ ഖനനം ചെയ്യാൻ താത്പര്യപത്രം (ലെറ്റർ ഓഫ് ഇൻഡെൻ്റ്) നൽകാൻ വ്യവസ്ഥയില്ലെന്ന് പറഞ്ഞാണ് ജിയോളജി വകുപ്പ് ഉദ്ദേശ്യപത്രം നിഷേധിച്ചത്. പിന്നീട് കരട് ഭേദഗതി തയാറാക്കി അഡ്വക്കേറ്റ് ജനറലിന് സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടികൾ പുരോഗമിച്ചില്ല. പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ ഇതിലുള്ള തടസങ്ങൾ നീക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
നദികളിൽനിന്ന് നീക്കിയത് നാമമാത്രം
2018, 2019 കാലവർഷത്തിനുശേഷം സംസ്ഥാനത്തെ 43 പുഴകളിൽനിന്നായി നീക്കം ചെയ്യാൻ ലക്ഷ്യമിട്ട 3.01 കോടി ക്യുബിക് മീറ്റർ മണലിൽ മൂന്നിലൊന്ന് (98.35 ലക്ഷം ക്യുബിക് മീറ്റർ) മാത്രമാണ് 2022ൽ തുടങ്ങിയ പദ്ധതിയിലൂടെ വാരിമാറ്റിയത്. ശേഖരിച്ചതിൻ്റെ 7.6 ശതമാനം (7.48 ലക്ഷം ക്യുബിക് മീറ്റർ) ലേലത്തിനു വച്ചു. 2022- 23ൽ 1.57 ലക്ഷം ക്യുബിക് മീറ്ററിൻ്റെ ലേലം പൂർത്തിയായി. വിൽപ്പനയിലുടെ സർക്കാരിന് 3.96 കോടിരൂപ ലഭിച്ചു. ബാക്കി വന്ന മണൽ ഇപ്പോഴും പലയിടങ്ങളിലായി സൂക്ഷിച്ചിട്ടുണ്ട്. ഡാമുകളിൽ നിന്നും മണൽ നീക്കാനുള്ള നടപടികൾ പകുതിവഴിയിൽ നിലയ്ക്കുകയായിരുന്നു.
നടപടികൾ ത്വരിതഗതിയിലെന്ന് മന്ത്രി മോൻസ് ജോസഫ്
നദികളിലെ മണലെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പുമായി ചേർന്ന് ത്വരിതഗതിയിൽ നടപടികൾ മുന്നേറുകയാണെന്ന് ജലവിഭവമന്ത്രി മോൻസ് ജോസഫ് പറഞ്ഞു. കൃത്യമായ കണക്കെടുക്കാനും തുടർ നടപടികൾക്കുമായി ചീഫ് എഞ്ചിനീയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾക്കായി ആവശ്യമാണെങ്കിൽ ലോകബാങ്ക് ഉൾപ്പെടെയുള്ളവരുടെ സഹായം ലഭ്യമാക്കും. ഡിസംബർ 31നു മുൻപ് ഡാമുകളിലെ സുരക്ഷാ പരിശോധന പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR