Enter your Email Address to subscribe to our newsletters

Kasaragod , 05 ഓഗസ്റ്റ് (H.S.)
ഉറങ്ങിക്കിടന്നിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിന് (25)ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാവിൻ്റെ സുഹൃത്തായി വീട്ടിൽ എത്തിയാപ്പോഴായിരുന്നു പീഡനം. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ മേൽപ്പറമ്പ് പൊലീസാണ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതിനു പിന്നാലെ ഒളിവില് പോയ മെര്ലിനെ ഒന്നര മാസത്തിനു ശേഷമാണ് മേല്പ്പറമ്പ് പൊലീസ് കണ്ണൂര് മയ്യിലില് നിന്ന് പിടികൂടിയത്.
നേരെത്തെ മൂന്ന് പോക്സോ കേസുകളിൽ പ്രതിയാണ് സ്നേഹ മെർലിൻ. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16-കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ മെർലിൻ വീട്ടിലെ സന്ദർശനത്തിനിടെയാണ് പീഡനം നടത്തിയതെന്നാണ് പെൺകുട്ടി പരാതിയിൽ പറഞ്ഞത്.
സംഭവം നടന്ന സമയത്ത് ഭയം കാരണം ആരോടും വിവരം വെളിപ്പെടുത്തിയിരുന്നില്ലെന്നും പറഞ്ഞു. പിന്നീട് കൗൺസിലിങ് നടത്തുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. പഴയ സംഭവമാണെന്നും ഇരയായ പെൺകുട്ടി ഭയം കാരണമാണ് ഇത്രയും നാൾ പരാതി നൽകാതിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
മുമ്പും മൂന്ന് പോക്സോ കേസുകൾ
തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെതിരെ ഇതിനുമുമ്പ് മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് കേസുകളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2025 മാർച്ച് 14നാണ് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്നേഹ മെർലിൻ അറസ്റ്റിലായത്.
സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ പരാതി നൽകുകയും പിന്നീട് നടത്തിയ അന്വേഷണത്തിലുമാണ് സംഭവം പുറത്തുവരുന്നത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിൽ കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതോടെ അന്വേഷണം മെർലിനിലേക്കെത്തി.
സ്വർണ ബ്രേസ്ലെറ്റ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി കുട്ടിയെ സ്വാധീനിച്ചാണ് പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ, ഇരയായ പെൺകുട്ടിയുടെ 15 വയസുള്ള സഹോദരനെയും പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തൽ ഉണ്ടായി. തുടർന്ന് ആ കേസിലും തളിപ്പറമ്പ് പൊലീസ് സ്നേഹ മെർലിനെ അറസ്റ്റ് ചെയ്തിരുന്നു.
തളിപ്പറമ്പ് കേസുകളുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ ലൈംഗികാതിക്രമം, അതിക്രമിച്ച് കയ്യേറ്റം തുടങ്ങിയ വകുപ്പുകൾക്കും പോക്സോ നിയമത്തിലെ ഗുരുതര ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകൾക്കും കീഴിലാണ് സ്നേഹ മെർലിനെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. ഈ കേസുകളിൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ കുറഞ്ഞത് 20 വർഷം മുതൽ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR