Enter your Email Address to subscribe to our newsletters

Thrissur , 05 ഓഗസ്റ്റ് (H.S.)
ആടയാഭരണങ്ങളുടെ ആഡംബരങ്ങളൊന്നുമില്ലാതെ, പ്രകൃതിദത്തമായ പ്രൗഢിയോടെ 25 ഗജവീരന്മാർ അണിനിരന്നപ്പോൾ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമുറ്റം ആനപ്രേമികളുടെയും ഭക്തജനങ്ങളുടെയും ഹർഷാരവങ്ങളാൽ മുഖരിതമായി. കർക്കടക മാസത്തിലെ പുണ്യദിനത്തിൽ ക്ഷേത്രത്തിൽ വെച്ച് നടന്ന ഈ വർഷത്തെ ആനയൂട്ടും ഗജപൂജയും വൻ ജനപങ്കാളിത്തത്തോടെയാണ് ആഘോഷമാക്കിയത്.
1008 നാളികേരത്തിൻ്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം
ആനയൂട്ടിന് മുന്നോടിയായി പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിൽ സവിശേഷമായ പൂജാകർമ്മങ്ങൾ ആരംഭിച്ചിരുന്നു. ക്ഷേത്രം തന്ത്രി തരണനല്ലൂർ പടിഞ്ഞാറെ മന നമ്പൂതിരിപ്പാട് അനി പ്രകാശിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. 1008 നാളികേരം, കരിമ്പ്, മലർ, അവൽ, തേൻ, നെയ്യ് തുടങ്ങിയ വിശിഷ്ട ദ്രവ്യങ്ങൾ ഹോമിച്ചുകൊണ്ട് അതിഗംഭീരമായ 'അഷ്ടദ്രവ്യ മഹാഗണപതി ഹോമവും' തുടർന്ന് ഭക്തിനിർഭരമായ ഗജപൂജയും ക്ഷേത്രസന്നിധിയിൽ അരങ്ങേറി.
കൊടുങ്ങല്ലൂർ ദേവിദാസന് ആദ്യ ഉരുള; ആനയൂട്ടിന് തുടക്കം!
രാവിലെ 9 മണിയോടെയാണ് ഭക്തർ കാത്തിരുന്ന ആനയൂട്ട് ചടങ്ങുകൾക്ക് തുടക്കമായത്. ക്ഷേത്രം മേൽശാന്തി ശ്രീരാമൻ, കൊടുങ്ങല്ലൂർ ദേവസ്വം കൊമ്പനായ ‘ദേവിദാസന്’ ആദ്യത്തെ അമൃതുരുള നൽകിക്കൊണ്ട് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പനംചോറ്, ശർക്കര, പഴം, നെയ്യ്, ഔഷധക്കൂട്ടുകൾ എന്നിവ ചേർത്താണ് ആനകൾക്കുള്ള പോഷകസമ്പുഷ്ടമായ ഉരുളകൾ തയ്യാറാക്കിയിരുന്നത്.
ജനപ്രതിനിധികളും ഭക്തരും ഒത്തുചേർന്ന ഗജവിരുന്ന്
ആദ്യ ഉരുളയ്ക്ക് ശേഷം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് സി. രവീന്ദ്രൻ, നാട്ടിക എം.എൽ.എ ഗീത ഗോപി, ക്ഷേത്രം മാനേജർ കെ.വി. വിനീത, നാട്ടിക പഞ്ചായത്ത് പ്രസിഡൻ്റ് പി. വിനു എന്നിവരുൾപ്പെടെയുള്ള സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ആനകൾക്ക് വിരുന്ന് നൽകാൻ ഒത്തുചേർന്നു. തുടർന്ന് ക്ഷേത്രമുറ്റത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് ആനപ്രേമികളും ഭക്തരും തങ്ങളുടെ പ്രിയപ്പെട്ട ഗജവീരന്മാർക്ക് പഴവും കരിമ്പും നൽകി പുണ്യം തേടി.
കർക്കടക മാസത്തിലെ പഞ്ഞവും ആനകളുടെ ആരോഗ്യസംരക്ഷണവും മുൻനിർത്തി നടത്തുന്ന തൃപ്രയാറിലെ ഈ ആനയൂട്ട് ചടങ്ങ് ഈ വർഷവും നാട്ടുകാർക്ക് മറക്കാനാവാത്ത ഒരു ഉത്സവപ്രതീതിയാണ് സമ്മാനിച്ചത്.
എറണാകുളം ശിവകുമാർ ഊക്കൻ കുഞ്ചു തുടങ്ങി 25 ആനകളാണ് ഊട്ടിൽ പങ്കെടുത്തത്. ആനകൾക്ക് ഔഷധ കൂട്ടുകളടങ്ങിയ ചോറ്, തണ്ണിമത്തൻ, കരിമ്പ്, വെള്ളരിക്ക, ചോളം, പഴം തുടങ്ങിയ വിഭവങ്ങളും നൽകി. ആയൂട്ടിൻ്റെ ഭാഗമായി നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്.
ഐതിഹ്യവും വിശ്വാസവും
ആനയൂട്ട് എന്നത് കേരളത്തിൻ്റെ സാംസ്കരികവും മതപരവുമായ പാരമ്പര്യങ്ങളെ വിളിച്ചോതുന്നതാണ്. വടക്കുംനാഥ ക്ഷേത്രത്തിലാണ് ആനയൂട്ട് പ്രധാനമായി കാണുന്നത്. ആനകൾക്ക് ഭക്ഷണം നർക്കുക എന്നത് മാത്രമല്ല സമ്പന്നമായ പാരമ്പര്യങ്ങളെയും ആചാരങ്ങളെയും ഉയർത്തികാണിക്കുന്ന ഒരു ചടങ്ങ് കൂടെയാണിത്. തേങ്ങ, ശർക്കര, എള്ള്, കരിമ്പ്, നാരങ്ങ ഇവയെല്ലാം ചേർത്ത് പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണമാണ് ആനക്ക് നല്കുക. പ്രത്യേക ഔഷധ കൂട്ടുകള് കൊണ്ട് തയ്യാറാക്കുന്ന ഈ വിഭവത്തില് അവിലും മലരും പ്രത്യേക പഴവര്ഗങ്ങളും ചോർത്താണ് ആനക്ക് സമർപ്പിക്കുക.
ആനകളെ സാക്ഷാല് ഗണപതിയായിക്കണ്ട് പ്രീതിപ്പെടുത്തുന്നതിന് കൂടിയുള്ള ചടങ്ങായതിനാല് ഗണപതിഹോമത്തോടെയാണ് ആനയൂട്ടിന് തുടക്കമാവുന്നത്. കർക്കടക മാസത്തിലാണ് പ്രധാനമായും ആനയൂട്ട് നടത്തുക. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ആരോഗ്യ സംരക്ഷണത്തിന് ഉത്തമമായ മാസം കർക്കടകം തന്നെയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR