സുപ്രധാന ബില്ലുകള് ഒന്നിച്ച് പാസാക്കാന് കേന്ദ്രം; പ്രത്യേക പാര്ലമെന്റ് സമ്മേളനം വിളിച്ചേക്കും
New delhi, 05 ഓഗസ്റ്റ് (H.S.) സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ തിരക്കിട്ട നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും ലോക്‌സഭയില്‍ ഒന്നിച്ച് പാസാക്കിയെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി പ്രത്യേക
Loksabha


New delhi, 05 ഓഗസ്റ്റ് (H.S.)

സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ തിരക്കിട്ട നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും ലോക്‌സഭയില്‍ ഒന്നിച്ച് പാസാക്കിയെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഈ ഓഗസ്റ്റ് 17-ന് വിളിച്ചുചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈമാസം 13-ന് മണ്‍സൂണ്‍ സമ്മേളനം അവസാനിക്കുന്നത്. എന്നാല്‍ അന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയാന്‍ സാധ്യതയില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് നീക്കം. പ്രതിപക്ഷം കടുത്ത എതിര്‍പ്പ് ഉന്നയിക്കുന്ന ബില്ലുകള്‍ എങ്ങനേയും പാസാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം.

ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കിയെടുക്കുന്നതിനാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ആവശ്യമായ അംഗബലം ലഭിച്ചാലുടന്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് നീക്കം. കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയ ബില്ലും അവതരിപ്പിച്ചിരുന്നെങ്കിലും ഇരുസഭകളിലും ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

എന്നാല്‍, പിന്നീട് നടന്ന പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്, ഉദ്ദവ് താക്കറെയുടെ ശിവസേന എന്നിവയില്‍നിന്ന് കൂറുമാറ്റങ്ങളുണ്ടായത് എന്‍.ഡി.എ.യുടെ നില ശക്തമാക്കി. ഇന്ത്യാ സഖ്യത്തിലുള്ള ഡി.എം.കെ., കോണ്‍ഗ്രസുമായി അകന്നതും ബി.ജെ.പി.ക്ക് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. ഇതോടെ ലോക്സഭയില്‍ 360 എം.പി.മാരുടേയും രാജ്യസഭയില്‍ 164 എം.പി.മാരുടേയും ഭൂരിപക്ഷം വേണ്ടിടത്ത്, ആ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവെന്നാണ് എന്‍.ഡി.എ.യുടെ അനുമാനം.

കോണ്‍ഗ്രസിന്റെകൂടി പിന്തുണ ഉറപ്പാക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, റിജിജുവിന്റെ ആവശ്യം രാഹുല്‍ തള്ളി. രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണത്തിലും ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന പോലീസ് നടപടിയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ മൗനം തുടരുന്നതിലും ചര്‍ച്ചയില്ലാതെ സഭാനടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം റിജിജു ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായും അമിത്ഷായുമായും ചര്‍ച്ചനടത്തി.

---------------

Hindusthan Samachar / Sreejith S


Latest News